ജീവനക്കാരുടെ സ്ഥാനക്കയറ്റം: ബാധ്യത തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക്

Friday 2 March 2018 2:30 am IST

കൊല്ലം: സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ഓണറേറിയം വ്യവസ്ഥയില്‍ നിയമിക്കപ്പെട്ട ലൈബ്രേറിയന്മാര്‍, ആയമാര്‍, നഴ്‌സറി ടീച്ചര്‍മാര്‍ എന്നിവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനം. അധിക ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍ കെട്ടിവച്ചാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. 

അങ്കണവാടി ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവരുടെ ശമ്പള വര്‍ധനവിന്റെ ഭാരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരുന്നു. ഇതില്‍ 80 കോടി രൂപയുടെ കുടിശ്ശിക നിലനില്‍ക്കുമ്പോഴാണ് കൂടുതല്‍ ബാധ്യത സര്‍ക്കാര്‍ കെട്ടിവയ്ക്കുന്നത്. 

2000ന് മുന്‍പ് പാര്‍ട് ടൈം ജീവനക്കാരായവര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കുന്നത്. ഇവരെ കണ്ടിജന്റ് ജീവനക്കാരായി 2010 മേയില്‍ സ്ഥിരപ്പെടുത്തിയിരുന്നു. 

എന്നാല്‍ ഇതുവരെ ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നില്ല. സംസ്ഥാന സര്‍വീസിലെ സമാന തസ്തികകളിലെ സ്ഥാനക്കയറ്റം പോലെ ലൈബ്രേറിയന്മാര്‍ക്കും ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും സ്ഥാനക്കയറ്റം നല്‍ണം, ഓണറേറിയം സര്‍വീസ് കൂടി മിനിമം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാര്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. 

തുടര്‍ന്ന് പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തപ്പെട്ട ലൈബ്രേറിയന്മാര്‍, ആയമാര്‍, നഴ്‌സറി ടീച്ചര്‍മാര്‍ എന്നിവരുടെ 35 ശതമാനം തസ്തികകള്‍, ഫുള്‍ടൈം കണ്ടിജന്റ് തസ്തികകളായി ഉയര്‍ത്തി അവരുടെ നിലവിലുള്ള സ്ഥാപനങ്ങളില്‍ തുടരാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. 

ഇത് മൂലമുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും വഹിക്കണം. മിനിമം പെന്‍ഷന്‍ അര്‍ഹതയ്ക്കായി മാനദണ്ഡം പുതുക്കി നിശ്ചയിച്ചു.  ഇത് പ്രകാരം ഇവരുടെ രണ്ട് വര്‍ഷത്തെ സര്‍വീസ് ഒരു വര്‍ഷം എന്ന നിലയില്‍ കണക്കാക്കും.  

സാംസ്‌ക്കാരിക നിലയങ്ങളിലും നഴ്‌സറി സ്‌കൂളുകളിലും ജോലി ചെയ്തുവരുന്നവര്‍ സേവനത്തില്‍ നിന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ പുതിയതായി നിശ്ചയിക്കപ്പെടുന്നവര്‍ക്ക് നിയമനം നല്‍കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.