തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നടപടിയില്‍ ഭക്തര്‍ക്ക് ആശങ്ക

Friday 2 March 2018 2:32 am IST

പത്തനംതിട്ട: ക്ഷേത്രങ്ങളിലെ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നടപടിയില്‍ ഭക്തര്‍ക്ക് ആശങ്ക. പൂജാദ്രവ്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലും കുപ്പികളിലുമായി ഭക്തജനങ്ങള്‍ കൊണ്ടുവരുന്നത് നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു എന്നും, ഇത് ആചാരാനുഷ്ഠാനങ്ങളുടെ ലംഘനമാണെന്നും വിലയിരുത്തിയാണ് ദേവസ്വംബോര്‍ഡ് തങ്ങളുടെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത്.

ക്ഷേത്രങ്ങളില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന പൂജാദ്രവ്യങ്ങളില്‍ ഏറിയ പങ്കും പ്ലാസ്റ്റിക് കൂടുകളിലോ പ്ലാസ്റ്റിക് കുപ്പികളിലോ ആണ് ലഭിക്കുന്നത്. പൂജാദ്രവ്യങ്ങള്‍ പ്ലാസ്റ്റിക് കൂടുകളിലും കുപ്പികളിലും വിപണനം ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചിട്ടുമില്ല. ആ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ മാത്രം വഴിപാട് സാമഗ്രികള്‍ പ്ലാസ്റ്റിക് കവറുകളിലല്ലാതെ എങ്ങനെ ലഭിക്കുമെന്നാണ് ഭക്തരുടെ ആശങ്ക.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ലേലം ചെയ്തുകൊടുത്ത ക്ഷേത്രസന്നിധികളിലെ സ്റ്റാളുകളിലും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് പൂജാദ്രവ്യങ്ങള്‍ ലഭിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദേവസ്വംബോര്‍ഡിന്റെ ഉത്തരവ് ഭക്തര്‍ പാലിക്കണമെങ്കില്‍ കര്‍പ്പൂരം, എണ്ണ, നെയ്യ്, ചന്ദനത്തിരിയടക്കമുള്ള പൂജാദ്രവ്യങ്ങള്‍ നടയ്ക്കല്‍ സമര്‍പ്പിക്കുന്നത് ഉപേക്ഷിക്കണ്ടിവരുമെന്നാണ് ഭക്തര്‍ ആശങ്കപ്പെടുന്നത്. അല്ലെങ്കില്‍ പൂജാദ്രവ്യങ്ങള്‍ കടലാസ് പായ്ക്കറ്റുകളില്‍ ലഭ്യമാക്കാനുള്ള സൗകര്യം ദേവസ്വംബോര്‍ഡ് ഒരുക്കണം. അല്ലാത്തപക്ഷം പൂജാദ്രവ്യങ്ങള്‍ ഭക്തര്‍ക്ക് ക്ഷേത്രനടയില്‍ സമര്‍പ്പിക്കാനുള്ള സൗകര്യം നിഷേധിക്കപ്പെടുമെന്നും ഭക്തര്‍ ചൂണ്ടിക്കാണിക്കുന്നു. പൂജാദ്രവ്യങ്ങള്‍ നേരിട്ട് ഭക്തര്‍ നടയ്ക്കല്‍ വയ്ക്കുന്നതിനുപകരം തത്തുല്യമായ തുക ദേവസ്വത്തില്‍ അടച്ചാല്‍മതിയെന്ന നിര്‍ദ്ദേശം പിന്നാലെ വരുമോ എന്ന ആശങ്കയും ഭക്തര്‍ പങ്കുവെയ്ക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.