അട്ടപ്പാടിയില്‍ ഇനി വേണ്ടത്

Friday 2 March 2018 2:31 am IST
"undefined"

അട്ടപ്പാടിയില്‍ ഇനി ഒരു പുതിയ പദ്ധതിയും വേണ്ട.ഉള്ള പദ്ധതികള്‍ തന്നെ ധാരാളം.ഇതൊക്കെ അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്താനുള്ള സംവിധാനമാണുണ്ടാകേണ്ടത്.വനവാസിസംഘടനകളും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും ഒരേസ്വരത്തില്‍ പറയുന്ന കാര്യമാണിത്.മധു മരിച്ചതിന്റെ പേരില്‍ തങ്ങളുടെ 'ദാരിദ്ര്യം മാറ്റാന്‍'   പുതിയ പദ്ധതികളുമായി അധികാരികള്‍ അവതരിക്കുമോ എന്നാണ് അവരുടെ പേടി.

കാരണം, ആളൊന്നിന് 20ലക്ഷത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടും 700 കുഞ്ഞുങ്ങള്‍  മരിച്ച നാടാണ് അട്ടപ്പാടി.500 മനോരോഗികളും 2200 അനീമിയ വാഹകരുമുണ്ടായത് വികലമായ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. അതുകൊണ്ടുതന്നെ അട്ടപ്പാടിയില്‍ വേണ്ടത് ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ സോഷ്യല്‍ ഓഡിറ്റാണ്. പദ്ധതിയുടെ ഗുണഭോക്താക്കളായ  വനവാസികളും സാധാരണക്കാരും തന്നെയാണ് ഈ ഓഡിറ്റ് നടത്തേണ്ടത്.

 

ഓഡിറ്റ് ഇങ്ങനെ ആയിക്കൂടാ

ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി നിലവില്‍  വന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേന്ദ്ര സര്‍ക്കാറിന്റെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് സൊസൈറ്റി രൂപീകരിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളെല്ലാം സാമൂഹ്യ വിലയിരുത്തലിന് വിധേയമാക്കണമെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്. കംപ്‌ട്രോള്‍ ആന്റ്  ഓഡിറ്റര്‍ ജനറല്‍ (സിഎജി)  ഇതിനായി മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് പേരിനെങ്കിലും ഇപ്പോള്‍ സോഷ്യല്‍ ഓഡിറ്റ് നിലവിലുള്ളത്. ഈ സംവിധാനം 100 ശതമാനം പരാജയത്തിലുമാണ്. വാര്‍ഡ് തല സോഷ്യല്‍  ഓഡിറ്റ് സമിതികള്‍ കടലാസില്‍ മാത്രം. ആറുമാസത്തില്‍ ഒരുതവണ പ്രത്യേക സോഷ്യല്‍  ഓഡിറ്റ്  ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കണമെന്നാണ് നിയമം. ഗുണഭോക്താക്കളടങ്ങുന്ന ഓഡിറ്റ് സമിതി രേഖകള്‍ മുഴുവന്‍ പരിശോധിച്ചും, പ്രവൃത്തി സ്ഥലം സന്ദര്‍ശിച്ചും തയ്യാറാക്കിയ റിപ്പോര്‍ട്ട് അവതരിപ്പിക്കണം. ഇതൊന്നും ഒരുകാലത്തും പഞ്ചായത്തുകളില്‍ നടക്കാറില്ല. 

കേരളത്തിലെ 95 ശതമാനം തദ്ദേശ ഭരണസ്ഥാപനങ്ങളിലും തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് തയ്യാറാക്കി വായിക്കുന്നത്. നിലവിലുള്ള  സോഷ്യല്‍  ഓഡിറ്റ് സമിതി ഭാരവാഹികള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്നറിയില്ല.ഇവരെല്ലാം ഏതെങ്കിലും പാര്‍ട്ടികളുടെ നോമിനികളോ അവര്‍ക്ക് വിധേയരോ ആണ്.അട്ടപ്പാടിയിലെ സോഷ്യല്‍ ഓഡിറ്റ് ഇങ്ങനെ ആയിക്കൂടാ.

 

എങ്ങനെയാവണം വനവാസി ഓഡിറ്റ്

സോഷ്യല്‍ ഓഡിറ്റ് എങ്ങനെ നടത്തണമെന്ന സിഎജിയുടെ  മാര്‍ഗനിര്‍ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ.

ഒന്ന്: പദ്ധതി നടപ്പാക്കിയ വകുപ്പോ ഏജന്‍സിയോ യാതൊരു കാരണവശാലും  സോഷ്യല്‍ ഓഡിറ്റ് പ്രക്രിയയില്‍ ഇടപെടരുത്.

രണ്ട്: ഗ്രാമ / വാര്‍ഡ് തല സോഷ്യല്‍ ഓഡിറ്റര്‍മാരെ ഗുണഭോക്താക്കള്‍ക്കിടയില്‍ നിന്ന് തന്നെ തെരഞ്ഞെടുക്കണം.

മൂന്ന്: ഓഡിറ്റ് പ്രക്രിയ സുഗമമാക്കാന്‍ ഇതില്‍ പ്രാവീണ്യമുള്ള ഏജന്‍സിയെ ചുമതലപ്പെടുത്തണം.

നാല്: ഓഡിറ്റിന് കുറഞ്ഞത് 15 ദിവസം മുമ്പ് മുഴുവന്‍ രേഖകളും ഓഡിറ്റ് ടീമിന് കൈമാറണം.

അഞ്ച്: റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞാല്‍ പ്രത്യേക പൊതുയോഗം വിളിച്ചുചേര്‍ത്ത് പൊതുവേദിയില്‍ ഉറക്കെ വായിക്കണം.

ആറ്: ഇതിനുള്ള എല്ലാ സൗകര്യങ്ങളും സുരക്ഷയും ജില്ലാ ഭരണകൂടം ഒരുക്കിക്കൊടുക്കണം.

ഏഴ്: റിപ്പോര്‍ട്ട് അവതരണ സമയത്ത് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഹാജരായിരിക്കണം.

 

വിലയിരുത്തപ്പെടേണ്ടത് എന്തൊക്കെ

$ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അട്ടപ്പാടിയില്‍ ഇതുവരെ ചെലവാക്കിയ പണത്തിന്റെ കണക്കുമാത്രമല്ല, ചെയ്ത പ്രവൃത്തികളുടെ ഗുണനിലവാരം കൂടി വിലയിരുത്തപ്പെടണം. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വകുപ്പ് നടപ്പാക്കിയ പദ്ധതികളും, പ്രമോട്ടര്‍മാര്‍ മുതലുള്ള ഉദ്യോഗസ്ഥരുടെ ചുമതലകളും അവര്‍ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം.

$ സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം, ഇവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന ഏജന്‍സികളുടെ സുതാര്യത.

$ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും ഇത്തരം സംഭവങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനും ചുമതലപ്പെട്ട വാര്‍ഡ്തല ജാഗ്രതാ സമിതികളുടെയും കുടുംബശ്രീയുടെയും  ഇടപെടലുകള്‍.

$ എം.പി, എംഎല്‍എ എന്നിവരുടെ ഫണ്ടുകള്‍ ചെലവഴിച്ചു നടത്തിയ അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങള്‍, പൊതുമരാമത്ത് വകുപ്പിന്റെ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍.

$ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ജില്ലാകോര്‍ഡിനേറ്റര്‍ (കളക്റ്റര്‍)മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍.

$ ആരോഗ്യ വകുപ്പില്‍ സബ്‌സെന്റര്‍ മുതല്‍ മുകളിലേക്കുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍.

$ കിലയുടെ ചൈല്‍ഡ്  റിസോഴ്‌സ് സെന്റര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ബാലാവാകാശ കമ്മീഷന്‍ എന്നിവയുടെ ഇതുവരെയുള്ള ഇടപെടലുകള്‍ 

$ അട്ടപ്പാടിയിലെ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ എടുത്ത തീരുമാനങ്ങള്‍.

$ പോലീസ്,വനം,എക്‌സൈസ് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ 

$ അട്ടപ്പാടിയിലെ പദ്ധതികള്‍  മോണിറ്റര്‍ ചെയ്യാന്‍ എംപി ചെയര്‍മാനായി രൂപീകരിച്ച സമിതികളുടെ പ്രവര്‍ത്തനങ്ങള്‍

$ അഹാഡ്‌സിന്റെ പദ്ധതികള്‍ 

 

മനുഷ്യ വിഭവം അട്ടപ്പാടിയിലുണ്ട് 

വനവാസി വിഭാഗത്തില്‍ മാത്രം 500 ബിരുദ-ബിരുദാനന്തര ധാരികളായ ചെറുപ്പക്കാര്‍ അട്ടപ്പാടിയിലുണ്ട്. ടെക്‌നിക്കല്‍ യോഗ്യത നേടിയ 200 യുവാക്കള്‍ വേറെയും. ഇവരെയും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ അഭ്യസ്ത വിദ്യരേയും പ്രയോജനപ്പെടുത്തി സോഷ്യല്‍ ഓഡിറ്റ് പ്രക്രിയ പൂര്‍ത്തിയാക്കാവുന്നതാണ്. ഓരോ വാര്‍ഡിലും വില്ലേജ് സോഷ്യല്‍ ഓഡിറ്റര്‍മാരെ ചുമതലപ്പെടുത്തിയാല്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ തത്സമയ ഓഡിറ്റ് സാധ്യമാകും. ഇത്തരമൊരു ഓഡിറ്റിനായി എത്ര പണം ചെലവാക്കിയാലും അത് അധികമാകില്ല.

കഴിഞ്ഞുപോയ പദ്ധതികളുടെ പോസ്റ്റ് മോര്‍ട്ടം ചെയ്യാനല്ല, വനവാസികള്‍ക്ക് അവകാശപ്പെട്ടത് തട്ടിപ്പറിക്കുന്നതാരൊക്കെയെന്ന് തിരിച്ചറിയാനെങ്കിലും ഇത്തരമൊരു ഓഡിറ്റ് കൂടിയേതീരു.  വനവാസികളുടെ ഭക്ഷണപാത്രത്തില്‍ കൈയിട്ടു വാരുന്നതുകൊണ്ടാണ് ഭക്ഷണമെടുത്തെന്ന പേരില്‍ വനവാസിയെ മര്‍ദ്ദിച്ചുകൊല്ലുന്ന സാഹചര്യമുണ്ടാകുന്നത്. വരുംകാലങ്ങളിലെങ്കിലും മധുമാരും മധുവിന്റെ കൊലയാളികളും ഉണ്ടാകുന്നത് തടയേണ്ടതുണ്ട്. അതിനുള്ള സാഹചര്യമൊരുക്കിയാലേ മല്ലീശ്വരന്റെ മക്കള്‍ക്ക് നീതി കിട്ടിയെന്നുറപ്പിക്കാനാകൂ.

(അവസാനിച്ചു)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.