കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?

Friday 2 March 2018 2:34 am IST
"undefined"

വാര്‍ത്തകള്‍ക്ക് ഒട്ടും ക്ഷാമമില്ലാത്ത കാലത്താണ് മലയാളിയുടെ ജീവിതം. ഒന്നിനു പിറകെ ഒന്നായി വാര്‍ത്തകള്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. വാര്‍ത്താ ചനലുകളും പത്രങ്ങളും അതോരോന്നും ആഘോഷമായി നമുക്കുമുന്നില്‍ അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. സിനിമ കാണുന്നതിനേക്കാള്‍ കൂടുതല്‍, അതല്ലെങ്കില്‍ സ്ത്രീപ്രേക്ഷകരെ കണ്ണീരില്‍ മുക്കുന്ന പരമ്പരകള്‍ കാണുന്നതിനേക്കാള്‍ ആകാംക്ഷയോടെ വാര്‍ത്തകള്‍ക്ക് മുന്നില്‍ മലയാളി ജാഗരൂകരാകുന്ന കാലമാണിത്. ഓരോ വാര്‍ത്തയും ഉദ്വേഗഭരിതമാകുന്നു. 

ഫെബ്രുവരി 23ലെ പത്രങ്ങളില്‍ ഒരു ചെറിയ വാര്‍ത്തയായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ മരണം. മോഷണം ആരോപിച്ച് പിടിയിലായ അട്ടപ്പാടി സ്വദേശിയായ പ്രതി പോലീസ് കൊണ്ടുപോകവെ കുഴഞ്ഞു വീണ് മരിച്ചു എന്ന തരത്തില്‍ വളരെ സാധാരണമായ ഒരു വാര്‍ത്ത. പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതായിരുന്നു അത്. എന്നാല്‍, അന്നുതന്നെ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്നു. രാവിലെ മുതല്‍ വാര്‍ത്താ ചാനലുകള്‍ ആഘോഷവും തുടങ്ങി. അബ്ദുള്‍കരീം, ഹുസൈന്‍, ഉബൈദ്, ഷംസുദീന്‍ എന്നിവരടങ്ങിയ ഒരു സംഘം നാട്ടുകാര്‍ വനവാസിയായ മധുവിനെ മോഷണക്കുറ്റത്തിന് പിടിച്ച്, മര്‍ദ്ദിച്ച് പോലീസിനെ ഏല്‍പിക്കുകയായിരുന്നു. മോഷ്ടാവിനെ പോലീസിന് കൈമാറിയ ശേഷം, മര്‍ദ്ദിച്ചവര്‍ തന്നെ ഫെയ്‌സ്ബുക്കിലിട്ട ചിത്രങ്ങളാണ് സംഭവത്തിന്റെ ഗൗരവം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയത്. മധു മോഷ്ടിച്ചത് നാട്ടുവാസികളുടെ വിലപിടിപ്പുള്ള സാധനങ്ങളൊന്നുമായിരുന്നില്ല. കുറച്ച് അരിയും മല്ലിപ്പൊടിയും മാത്രം. അതും വിശന്നു വലഞ്ഞപ്പോള്‍. കാട്ടിലെ താവളത്തില്‍ ചെന്ന് മധുവിനെ പിടികൂടി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പോലീസിന് കൈമാറിയ 'സത്യസന്ധര്‍' പങ്കുവെച്ച ചിത്രങ്ങളില്‍ മധുവിന്റെ ദൈന്യത നിറഞ്ഞു നില്‍ക്കുന്നുണ്ട്. 

വിശപ്പടക്കാന്‍ അപ്പക്കഷണം മോഷ്ടിച്ചതിന് ഫ്രഞ്ച് മുതലാളിത്ത സമൂഹം ശിക്ഷിച്ച ജീന്‍ വാല്‍ജീന്റെ ദൈന്യതയ്ക്കുമപ്പുറമായിരുന്നു അത്. ആ മുതലാളിത്ത സമൂഹത്തേക്കാള്‍ കാടത്തമുള്ള മനസ്സുള്ളവരായി കാട് വെട്ടിപ്പിടിച്ച് പണമുണ്ടാക്കാന്‍ അട്ടപ്പാടിയിലെത്തിയ കുടിയേറ്റക്കാര്‍ മാറി. അവര്‍ക്ക് മധുവിനെ കൊല്ലുക മാത്രമായിരിക്കില്ല ലക്ഷ്യം. വനവാസികളെ മുഴുവന്‍ ഉന്മൂലനം ചെയ്യുകയായിരുന്നു. വനത്തെ കാത്തുരക്ഷിക്കുന്ന വനവാസി സമൂഹം ഇല്ലാതാകുമ്പോള്‍ നാട്ടുവാസികള്‍ക്ക് വനം മുഴുവന്‍ കയ്യേറാന്‍ എളുപ്പമാകും. 

'നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ?' എന്ന് കനലൂതിത്തിളക്കിയ വാക്കുകളാല്‍ പ്രതിഷേധത്തോടെ കവി ചോദിച്ചത് കാലങ്ങള്‍ക്കു മുമ്പാണ്. കാലമിത്ര കഴിഞ്ഞിട്ടും ആ ദുരന്താവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല. വനവാസിയുടെ ക്ഷേമത്തിനായി ഓരോ വര്‍ഷവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവിട്ടതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി. പണം ഇടത്തട്ടുകാരും ഉദ്യോഗസ്ഥരും ഭരണ- രാഷ്ട്രീയ വര്‍ഗ്ഗങ്ങളും കയ്യിട്ടുവാരി കട്ടുമുടിച്ചപ്പോള്‍ വനവാസി വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിക്കേണ്ട ദരിദ്രവാസിയായി തന്നെ തുടരുന്നു. 

വനത്തെ സ്‌നേഹിക്കുന്ന ജീവിതമായിരുന്നു മധുവിന്റേത്. അയാള്‍ വനത്തില്‍ തന്നെ ജീവിച്ചു. അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറിയുള്ള ജീവിതത്തെ മധു ഇഷ്ടപ്പെട്ടില്ല. കാടിന്റെ മകനായി ജീവിച്ചെങ്കിലും വശപ്പടക്കാനുള്ളതൊന്നും കാട് മധുവിന് നല്‍കിയില്ല. കാടിന്റെ പച്ചപ്പില്‍ സുഖജീവിതം നയിച്ച മധു നാട്ടുവാസികള്‍ക്ക് മാനസികരോഗിയായി. ഭ്രാന്തനാക്കിയാല്‍ എറിഞ്ഞുകൊല്ലാന്‍ എളുപ്പമാണ്. അതവര്‍ നിര്‍ഹിച്ചു. ഒരു കിലോ അരിയും അല്‍പം മല്ലിപ്പൊടിയും വിശപ്പടക്കാനായി എടുത്ത മധുവിനെ, അബ്ദുള്‍കരീമിന്റെയും ഹുസൈന്റെയും ഉബൈദിന്റെയും ഷംസുദീന്റെയും നേതൃത്വത്തില്‍ തല്ലിക്കൊന്നു. വാരിയെല്ലും തലയോട്ടിയും തകര്‍ന്ന് രക്തം ഛര്‍ദ്ദിച്ചായിരുന്നു ആ പാവം മനുഷ്യന്‍ മരണത്തിനു കീഴടങ്ങിയത്. മരിക്കാനായി രക്തം ഛര്‍ദ്ദിക്കുമ്പോഴും അവന്റെ വയറ്റിലെ വിശപ്പ് ശമിച്ചിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി, മധുവിന്റെ വയറ്റിലുണ്ടായിരുന്നത് ഒരു വാഴപ്പഴത്തിന്റെ ചെറിയ കഷ്ണം മാത്രമെന്ന്.

മധുവിന്റെ കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു മരണത്തിനു മുന്നില്‍ മലയാളി തലകുനിച്ചു. കണ്ണൂരില്‍ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ കൊലക്കത്തിക്ക് ഇരയാക്കിയത്. സിപിഎം കാടത്തമായിരുന്നു അത്. എതിര്‍ രാഷ്ട്രീയത്തെയും എതിര്‍ശബ്ദങ്ങളെയും കൊലചെയ്ത് ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ നയം വനവാസിയെ തല്ലിക്കൊല്ലുന്നതിലും ക്രൂരമാണ്. ഷുഹൈബിന്റെ രാഷ്ട്രീയം ഇവിടെ ചര്‍ച്ചയ്‌ക്കെടുക്കുന്നതില്‍ പ്രസക്തിയില്ല. എന്നാല്‍ ആ ചെറുപ്പക്കാരന്‍ മാര്‍ക്‌സിസ്റ്റ് ആയിരുന്നില്ല. അതു തന്നെയായിരുന്നു കൊലചെയ്യപ്പെടാനുള്ള കാരണവും. കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റുകാര്‍ നടത്തുന്നത് ഭീകര പ്രവര്‍ത്തനമാണെന്ന വാദത്തെ കൂടുതല്‍ ശരിവയ്ക്കുന്നതായിരുന്നു ഷുഹൈബിന്റെ കൊലപാതകം.

സമീപകാലത്ത് വാര്‍ത്താമാധ്യമങ്ങള്‍ വളരെയേറെ ചര്‍ച്ച ചെയ്ത കൊലപാതകങ്ങളാണ് ഇതു രണ്ടും. രണ്ടിടത്തും പ്രതികള്‍ സിപിഎമ്മും. മധുവിന്റെ കൊലപാതകത്തിന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ കാരണക്കാരാകുമ്പോള്‍ ഷുഹൈബിന്റെ കൊലയ്ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേരിട്ട് നേതൃത്വം നല്‍കി.  എന്നാല്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇതെല്ലാം കണ്ടിട്ടും കാണാതിരിക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തകരെന്നും ബുദ്ധിജീവികളെന്നും പറയുന്നവരാണവര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് കവി കടമ്മനിട്ടയാണ് കേരളത്തിന്റെ മനസ്സാക്ഷിയോട് കൂരമ്പിന്റെ മൂര്‍ച്ചയില്‍ ചോദ്യങ്ങളുന്നയിച്ചത്.

''നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?

നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?

നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്.'' എന്നുള്ള കവിയുടെ ചോദ്യം കാടിന്റെ മക്കളായി ജനിച്ച് ജീവിച്ച്, ഒടുവില്‍ ബലിയാടുകളാകേണ്ടിവന്ന മധുവിനെ പോലുള്ളവര്‍ക്കു വേണ്ടിയുള്ളതായിരുന്നു.  എന്നാല്‍ ഇന്ന് മധുവിന് വേണ്ടി സംസാരിക്കാന്‍, കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് ഭീകരതയ്ക്കിരകളാകുന്ന നൂറുകണക്കിന് ഷുഹൈബുമാര്‍ക്കായി സംസാരിക്കാന്‍ കവികളില്ല. സാംസ്‌കാരിക നായകരില്ല. കര്‍ണ്ണാടകത്തിലും യുപിയിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ രംഗത്തിറങ്ങുകയും കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ നടത്തുകയും ചെയ്യുന്നവരാരും മധുവിന്റെയും  ഷുഹൈബിന്റെയും മരണം കണ്ടില്ല. ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും നരേന്ദ്ര ധാബോല്‍ക്കറുടെയും കൊലകളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരികെ ഏല്പിച്ചവരാരും മധുവിനെയും ഷുഹൈബിനെയും കണ്ടതായി ഭാവിച്ചില്ല. (കേരളത്തിലെ മഹാകവിയെന്നും നെരൂദയുടെ പിന്‍ഗാമിയെന്നും സ്വയം വാഴ്ത്തുന്ന സച്ചിദാനന്ദനും ചില തീവ്രവാദ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് സാഹിത്യ പ്രവര്‍ത്തനത്തെ നാണംകെട്ട കൂലിയെഴുത്താക്കിയ രാമനുണ്ണിമാരും പാവം വനവാസിയെ അബ്ദുള്‍കരീം, ഹുസൈന്‍, ഉബൈദ്, ഷംസുദീന്‍ എന്നിവരടങ്ങിയ സംഘം എറിഞ്ഞും അടിച്ചും ചവുട്ടിയും കൊന്നത് അറിഞ്ഞതേയില്ല. ഇപ്പോള്‍ അവര്‍ക്കാര്‍ക്കും തിരിച്ചുകൊടുക്കാന്‍ പുരസ്‌കാരങ്ങളില്ല. പ്രതിഷേധിക്കാന്‍ വാക്കുകളുമില്ല. കഥയിലൂടെയും കവിതയിലൂടെയും വിലപിക്കാന്‍ സര്‍ഗ്ഗശേഷി പുറത്തേക്കൊഴുകുന്നുമില്ല.) സര്‍ക്കാര്‍ വച്ചു നീട്ടുന്ന, ചില സംഘടനകള്‍ പ്രതിഫലമായി നല്‍കുന്ന, അപ്പക്കഷ്ണങ്ങളേക്കാള്‍ വലുതല്ല അവര്‍ക്ക് മധുവിന്റെയും ഷുഹൈബിന്റെയുമൊന്നും ജീവിതം. 'കറുത്ത മക്കളെ ഇല്ലാതാക്കിയത്' എന്തിനാണെന്ന് ചങ്കൂറ്റത്തോടെ ചോദിച്ച കവിവാക്കുകള്‍ വിലപ്പെട്ടതാണെന്നു പറയാതെ വയ്യ. 

''മധു മോഷ്ടിച്ചത് പശുവിനെയായിരുന്നില്ല. കൈവശം ബീഫുമുണ്ടായിരുന്നില്ല. സംഭവം യുപിയിലോ ഗുജറാത്തിലോ ആയിരുന്നില്ല. മരിച്ചത് മുസ്ലിമല്ല. ആരും ഞെട്ടില്ല. ചാനലില്‍ ചര്‍ച്ചയില്ല. സാംസ്‌കാരിക നേതാക്കള്‍ക്ക് തിരികെ കൊടുക്കാന്‍ പുരസ്‌കാരങ്ങളില്ല. കവികള്‍ക്ക് പേന തെളിയുന്നില്ല....'' സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാക്കുകള്‍ പ്രതിഷേധത്തിന്റെ ചൂടെരിയുന്നതായിരുന്നു.

''കാട്ടുവള്ളിക്കിഴങ്ങുമാന്തി ചുട്ടുതന്നില്ലേ-ഞങ്ങള്‍, 

കാട്ടുചോലത്തെളിനീര് പകര്‍ന്നുതന്നില്ലേ-പിന്നെ, 

പൂത്ത മാമര ചോട്ടില്‍ നിങ്ങള്‍ കാറ്റു കൊണ്ടു മയങ്ങിയപ്പോള്‍ കണ്ണുചിമ്മാതവിടെ ഞങ്ങള്‍ കാവല്‍ നിന്നില്ലെ...''

എന്നിട്ടും അവരെ എറിഞ്ഞു കൊല്ലുകയല്ലേ നമ്മള്‍!?

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.