ടിപ്പറിന്റെ മരണപ്പാച്ചില്‍; പൊലിഞ്ഞത് മൂന്നു ജീവനുകള്‍

Friday 2 March 2018 2:00 am IST

 

കായംകുളം/മണ്ണഞ്ചേരി: കെപി റോഡിലെ ടോറസുകളുടെ മരണപ്പാച്ചിലില്‍ പൊലിഞ്ഞത് ഒരുകുടുംബത്തിലെ മൂന്നു ജീവനുകള്‍. ടോറസുകളുടെ അമിത വേഗതയ്‌ക്കെതിരെ പ്രദേശവാസികള്‍ പരാതി നല്‍കി മടുത്തു. നിരവധി ജീവനുകളാണ് ഈ ഭാഗത്ത് പൊലിഞ്ഞിട്ടുള്ളത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നിട്ടും നടപടിയില്ല. ഇന്നലെ രാവിലെ ബൈക്കിനു പിന്നിലേക്ക് അമിത വേഗതയിലെത്തിയ ടോറസ് ഇടിച്ചുകയറുകയായിരുന്നു. 

  മകള്‍ക്ക് വീട് എന്ന സ്വപ്‌നം പൂവണിയിക്കാന്‍ പുറപ്പെട്ട രാജമ്മയുടെ യാത്ര മരണയാത്രയായി. ഇവരുടെ സ്വപ്‌നഭവനത്തിന്റെ നിര്‍മ്മാണം കാണാനുള്ള യാത്രക്കിടെ ഇന്നലെ  കായംകുളം കാറ്റാനത്തുണ്ടായ വാഹനാപകടത്തില്‍ രാജമ്മ(63) ആണ് സ്വപ്‌നം ബാക്കിയാക്കി വിധിയ്ക്ക് കീഴടങ്ങിയത്.

 രാജമ്മയുടെ ദീര്‍ഘകാലത്തെ മോഹമായിരുന്ന മകള്‍ രശ്മിയുടെ വീടുപണി. വീട് നിര്‍മ്മാണം ആരംഭിക്കുന്ന  വിവരം മരുമകന്‍ രാജീവും രശ്മിയും കഴിഞ്ഞ ദിവസം ആലപ്പുഴയിലെ കാളാത്തെ വീട്ടിലെത്തി അമ്മയോട് പറഞ്ഞിരുന്നു. ഇതിനായി പത്തനംത്തിട്ട അടൂരിലെ മരുമകന്റെ വീട്ടിലേയ്ക്ക് യാത്രപോയതാണ് ഈ കുടുംബം. രാജമ്മയും മകന്‍ അനില്‍കുമാറും(35), പേരക്കുട്ടിയും ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ മിഥുനും(7) ഇന്നലെ രാവിലെ 6.30നാണ് വീട്ടില്‍ നിന്നും പുറപ്പെട്ടത്.

 ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കായംകുളം കറ്റാനത്തുവച്ച് അമിതവേഗതയിലെത്തിയ ടോറസ് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കായംകുളം ഗവ.ആശുപത്രിയില്‍ മൂവരേയും എത്തിച്ചെങ്കിലും രാജമ്മയും മിഥുനും ഇവിടെവച്ച് മരിച്ചു.ഗുരുതര പരിക്കേറ്റ അനില്‍ കുമാറിനെ  വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മൂന്നുമണിയോടെ ഇയാളും മരണത്തിന് കീഴടങ്ങി.

 രാജമ്മയ്ക്കും മിഥുനും തലയ്ക്ക് ആഴത്തിലേറ്റ മുറിവും അനില്‍കുമാറിന് വൃക്കയ്ക്ക് ഏറ്റ ക്ഷതവുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജമ്മ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ പാര്‍ട്ട്‌ടൈം ജീവനക്കാരിയും അനില്‍ കുമാര്‍ പ്ലംബിങ് തൊഴിലാളിയുമാണ്. മൂവരുടേയും മൃതദേഹം ഇന്ന് രാവിലെ 11 ന് കാളാത്തെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.