സംസ്ഥാന കോളജ് ഗെയിംസ്: ആദ്യ ദിനം രണ്ട് മീറ്റ് റെക്കോഡ്

Friday 2 March 2018 2:41 am IST

കോഴിക്കോട്: സംസ്ഥാന കോളജ് ഗെയിംസിന്റെ ആദ്യ ദിനത്തില്‍ രണ്ട് മീറ്റ് റെക്കോഡുകള്‍ പിറന്നു.  വനിതകളുടെ പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെ യു. നീതുവും പുരുഷന്മാരുടെ പോള്‍വാള്‍ട്ടില്‍ മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജിലെ കെ.ജെ. ജെസനുമാണ് ആദ്യദിനം റെക്കോഡിട്ടത്. 16 ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ ഇന്നലെ നടന്നു. 

ആദ്യദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പുരുഷ വിഭാഗത്തില്‍ രണ്ടു വീതം സ്വര്‍ണ്ണവും വെള്ളിയുമടക്കം 29 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോേളജ് ഒന്നാം സ്ഥാനത്താണ്. 27 പോയിന്റുമായി എംഎ കോേളജ് കോതമംഗലമാണ്  രണ്ടാംസ്ഥാനത്ത്. 16 പോയിന്റുമായി എസ്ബി കോളേജ് ചങ്ങനാശ്ശേരി മൂന്നാമതാണ്. 

വനിതാവിഭാഗത്തില്‍ മൂന്ന് സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 46 പോയിന്റുമായി അസംപ്ഷന്‍ കോേളജ് ചങ്ങനാശ്ശേരി മുന്നേറുന്നു. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 44 പോയിന്റുമായി അല്‍ഫോണ്‍സ കോളേജാണ് രണ്ടാമത്. 23 പോയന്റുമായി എംഎ കോളജ് കോതമംഗലം മൂന്നാമതാണ്. 

രണ്ടാം ദിവസമായ ഇന്ന് അത്‌ലറ്റിക്‌സില്‍ ഏഴ് ഫൈനലുകള്‍ നടക്കും. പുരുഷവിഭാഗം ഡിസ്‌ക്കസ് ത്രോ ഉച്ചയ്ക്ക് ശേഷം മൂന്നിന് നടക്കും. ഹൈജംപ്, 800 മീറ്റര്‍ ഓട്ടം, 4*400 മീറ്റര്‍ റിലേ എന്നിവയും നടക്കും. വനിതാവിഭാഗത്തില്‍ ട്രിപ്പിള്‍ജംപ്, 800 മീറ്റര്‍ ഓട്ടം, 4*400 റിലേ എന്നിവയും നടക്കും. 

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ പതാക ഉയര്‍ത്തിയതോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്. ഇന്ന് രാവിലെ 8.30ന് കോഴിക്കോട് വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടനചടങ്ങിന്റെ ഭാഗമായി മാര്‍ച്ച് പാസ്റ്റും നടക്കും. 

 അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ഖൊഖൊ, ജൂഡോ എന്നീ ഇനങ്ങളിലായി സംസ്ഥാനത്തെ 222 കോളേജുകളില്‍ നിന്ന് 2600 ഓളം കായിക താരങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കുന്നുണ്ട്. ബാസ്‌കറ്റ്‌ബോള്‍ ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ട്, ദേവഗിരി സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിലും നടക്കും. വോളിബോള്‍ വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഷട്ടില്‍ എസ്റ്റാര്‍ഡിയോ മലാപ്പറമ്പിലും ഫുട്‌ബോള്‍ കോര്‍പറേഷന്‍ സ്റ്റേഡിയം, ദേവഗിരി കോളേജ് ഗ്രൗണ്ട്, മെഡിക്കല്‍കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും ഖൊഖൊ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലുമാണ് നടക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.