ബിജെപി വളരുന്നു; സിപിഎമ്മുമായി സഖ്യം വേണമെന്ന് കോണ്‍ഗ്രസ്

Friday 2 March 2018 2:44 am IST
"undefined"

ന്യൂദല്‍ഹി: ബംഗാളില്‍ അതിവേഗം വളരുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ്. ''2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചതെന്ന് സമ്മതിക്കാന്‍ ഞങ്ങള്‍ക്ക് മടിയില്ല. എന്നാല്‍ സഖ്യം മുന്നോട്ട് കൊണ്ടുപോകുന്നത് സിപിഎം കേന്ദ്ര നേതൃത്വം തടഞ്ഞു. സഖ്യം അവസാനിച്ചതിന് ശേഷം സംസ്ഥാനത്ത് ബിജെപി ശക്തിപ്രാപിക്കുകയാണ്. അവരെ തടയുന്നതിന് സിപിഎം-കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സഖ്യം വേണം''. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ ചൗധരി പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ഈ മാസം 23ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. യെച്ചൂരിയെ രാജ്യസഭാംഗമാക്കാന്‍ നേരത്തെ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സിപിഎം ഇത് തള്ളി. 

യെച്ചൂരിയാണ് സിപിഎം സ്ഥാനാര്‍ത്ഥിയെങ്കില്‍ ഇത്തവണയും പിന്തുണക്കാന്‍ തയ്യാറാണ്. അദ്ദേഹമല്ലെങ്കില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ പരിഗണിക്കാം. പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് ജനങ്ങള്‍ക്കുള്ള വ്യക്തമായ സന്ദേശമാകും. ഇക്കാര്യത്തില്‍ സിപിഎമ്മുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അധിര്‍ ചൗധരി വ്യക്തമാക്കി. ബംഗാളില്‍നിന്നും അഞ്ച് രാജ്യസഭാ സീറ്റുകളാണ് ഒഴിവുള്ളത്. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് നാലെണ്ണത്തില്‍ തൃണമൂല്‍ ജയിക്കും. സിപിഎമ്മുമായി കൈകോര്‍ത്താല്‍ ഒരു സീറ്റ് നേടാനാകുമെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. 

കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്താനുള്ള യെച്ചൂരിയുടെ നീക്കം നേരത്തെ കേരള ഘടകത്തിന്റെ പിന്തുണയോടെ കാരാട്ട് പക്ഷം വെട്ടിയിരുന്നു. കോണ്‍ഗ്രസ്സുമായുള്ള സഹകരണം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമെന്നായിരുന്നു കാരാട്ട് പക്ഷത്തിന്റെ നിലപാട്. യെച്ചൂരി അധികാര മോഹിയും കോണ്‍ഗ്രസ് അനുകൂലിയുമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ പ്രചാരണമുണ്ടായി. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട്‌രേഖയെച്ചൊല്ലിയും തര്‍ക്കങ്ങളുണ്ടായി. കോണ്‍ഗ്രസ് സഹകരണം വേണമെന്ന യെച്ചൂരിയുടെ നിലപാട് കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളി. യെച്ചൂരി പാര്‍ട്ടിയില്‍ കടന്നാക്രമണം നേരിടുമ്പോഴാണ് സഖ്യ ചര്‍ച്ച കോണ്‍ഗ്രസ് വീണ്ടും ഉന്നയിക്കുന്നത്. സിപിഎം ബംഗാള്‍ ഘടകവും കോണ്‍ഗ്രസ് സഹകരണത്തിനായി വാദിക്കുന്നവരാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.