പങ്കാളിത്ത പെന്‍ഷന്‍: കെഎസ്ആര്‍ടിസി കോടികള്‍ മുക്കി

Friday 2 March 2018 3:00 am IST
"undefined"

കൊച്ചി: മാസങ്ങളോളം പെന്‍ഷന്‍ നല്‍കാതെ പെന്‍ഷന്‍കാരെ വലച്ച കെഎസ്ആര്‍ടിസി ഭാവിയില്‍ വിരമിക്കാനൊരുങ്ങുന്നവരെയും കുരുക്കിലാക്കി. പങ്കാളിത്ത പെന്‍ഷനിലേക്ക് ജീവനക്കാരില്‍ നിന്ന് പിടിച്ച പണം പെന്‍ഷന്‍ സ്‌കീമിലേക്ക് അടയ്ക്കാതെയാണ് കെഎസ്ആര്‍ടിസിയുടെ തട്ടിപ്പ്. ഇങ്ങനെ 100 കോടി രൂപയോളം രൂപ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍  വകമാറ്റിയ മാനേജ്‌മെന്റിനെതിരെ ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. 

2013മുതല്‍ ജോലിയില്‍ പ്രവേശിച്ച ഇരുപതിനായിരത്തോളം ജീവനക്കാരെയാണ് കെഎസ്ആര്‍ടിസിയുടെ നടപടി ബാധിക്കുക. 2014മുതലാണ് കെഎസ്ആര്‍ടിസി പങ്കാളിത്ത പെന്‍ഷനായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് രണ്ടായിരം രൂപ വീതം പിടിച്ചത്. ഇതേ തുക കെഎസ്ആര്‍ടിസിയും വിഹിതമായി അടയ്ക്കണം. എന്നാല്‍, ജീവനക്കാരില്‍ നിന്ന് പണം പിടിച്ചതല്ലാതെ, സ്വന്തം വിഹിതം നീക്കിവെക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറായില്ല. പങ്കാളിത്ത പെന്‍ഷനായി നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ തുക നിക്ഷേിപിക്കാനുള്ള തീരുമാനം അട്ടിമറിച്ചതോടെ നിലവിലുള്ള പെന്‍ഷനായി വിഹിതം അടച്ച ജീവനക്കാരും സമരം നടത്തേണ്ട ഗതികേടിലാണ്. 

നിലവിലുള്ള പെന്‍ഷന്‍കാരുടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷനുകള്‍ സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് വിതരണം ചെയ്യാന്‍ നടപടിയാരംഭിച്ചിരുന്നു. 219 കോടി രൂപയുടെ പെന്‍ഷന്‍ കുടിശികയാണ് ഇത്തരത്തില്‍ നല്‍കുന്നത്. എന്നിട്ടും, പണം പിടിച്ച ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് തുക അടയ്ക്കാനുള്ള ഒരു നടപടിയും കെഎസ്ആര്‍ടിസിയും സര്‍ക്കാറും സ്വീകരിച്ചിട്ടില്ല. ഇതില്‍ ജീവനക്കാര്‍ക്ക് അമര്‍ഷമുണ്ട്. എല്‍ഐസി പോളിസിയിലേക്ക് പിടിക്കുന്ന തുകയും കെഎസ്ആര്‍ടിസി അടയ്ക്കുന്നില്ല. ഇത് അപകടമരണ സഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും തടസ്സമുണ്ടാക്കുന്നുണ്ട്. 

ശമ്പള പരിഷ്‌കരണമില്ല; അലവന്‍സില്ല

കൊച്ചി: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം അടുത്തൊന്നുമുണ്ടാകില്ലെന്നുറപ്പായി. 2016 ഫെബ്രുവരി 28നാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കേണ്ടിയിരുന്നത്.

 രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഇടത് സര്‍ക്കാറിനും കെഎസ്ആര്‍ടിസിക്കും ഇതേക്കുറിച്ച് മിണ്ടാട്ടമില്ലെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ പെടാപ്പാട് പെടുമ്പോള്‍ പരിഷ്‌കരണത്തിന് ഏറെ നാള്‍ കാത്തിരിക്കേണ്ടിവരും. 

ജീവനക്കാരുടെ വിവിധ അലവന്‍സുകളും മുടങ്ങിയിരിക്കുകയാണ്. യൂണിഫോം അലവന്‍സും ഷൂ അലവന്‍സും കിട്ടിയിട്ട് നാളേറെയായി. വര്‍ഷം യൂണിഫോം അലവന്‍സായി 750 രൂപയും ഷൂ അലവന്‍സായി 300 രൂപയുമാണ് നല്‍കേണ്ടത്. അതുപോലും നല്‍കാനാവാത്ത ഗതികേടിലാണ് കെഎസ്ആര്‍ടിസി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.