സ്വത്തുക്കള്‍ ഇനി കേന്ദ്രസര്‍ക്കാരിന് സ്വന്തം

Friday 2 March 2018 3:01 am IST
"undefined"

ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി വിദേശത്തേക്ക് രക്ഷപ്പെടുന്ന പിടികിട്ടാപ്പുള്ളികള്‍ക്കെതിരെ അതിശക്തമായ നിയമനിര്‍മ്മാണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. വിദേശത്തേക്ക് കടക്കുന്നവരുടെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലാകും.  രാജ്യത്തെ നിയമങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി വിദേശത്തേക്ക് കടക്കുന്ന കോര്‍പ്പറേറ്റ് തട്ടിപ്പുകാരുടെ നീക്കം തടയാനാണ് പുതിയ നിയമമെന്ന് കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. 

പിടികിട്ടാപ്പുള്ളികളായ സാമ്പത്തിക തട്ടിപ്പുകാര്‍ക്കെതിരായ ബില്‍ 2017 എന്നാണ് പുതിയ നിയമത്തിന്റെ പേര്. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി വിദേശത്തേക്ക് കടക്കുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ധനമന്ത്രിയുടെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തിലും ബില്‍ കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് സപ്തംബറില്‍ കേന്ദ്രനിയമ മന്ത്രാലയം തയ്യാറാക്കിയ ബില്‍ ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ വെച്ചിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാദത്തില്‍ ഇരുസഭകളിലും പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 

തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവരെയും വാറണ്ട് നല്‍കിയാലും നിയമ നടപടികള്‍ക്ക് വിധേയനാവാതെ വിദേശത്തുനിന്ന് മടങ്ങിവരാന്‍ തയ്യാറാവാത്തവരെയുമാണ് നിയമം ലക്ഷ്യമിടുന്നത്. വായ്പാ തട്ടിപ്പുകാര്‍, വഞ്ചനാകേസ്, നിക്ഷേപ തിരിച്ചടവ് മുടക്കി മുങ്ങുന്നവര്‍ എന്നിവരെല്ലാം നിയമപരിധിയില്‍ വരും. വന്‍കിട സാമ്പത്തിക തട്ടിപ്പുകാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരടക്കം പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. നൂറു കോടി രൂപയ്ക്ക് മുകളില്‍ തട്ടിപ്പ് നടത്തി മുങ്ങുന്നവരുടെ ആസ്തികളാണ് പുതിയ നിയമപ്രകാരം കണ്ടുകെട്ടുക. 

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നിയമിതനായ ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി തട്ടിപ്പു നടത്തി മുങ്ങിയവരെ പിടികിട്ടാപ്പുള്ളികളായ സാമ്പത്തിക തട്ടിപ്പുകാരെന്ന് പ്രഖ്യാപിക്കാനാവും. ആസ്തി കണ്ടുകെട്ടാനുള്ള ഉത്തരവിറങ്ങി ആറുമാസത്തിനുള്ളില്‍ തട്ടിപ്പുകാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി പൂര്‍ത്തിയാക്കണം. സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവിറങ്ങിയാല്‍ തട്ടിപ്പുകാരുടെ ആസ്തികളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതായി മാറും. 

ഒരിക്കല്‍ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക തട്ടിപ്പുകാരനായി പ്രഖ്യാപിച്ച വ്യക്തിക്ക് മറ്റു സിവില്‍ ന്യായങ്ങള്‍ ഫയല്‍ ചെയ്യാനാവില്ല. തട്ടിപ്പുകാരായി പ്രഖ്യാപിച്ച വ്യക്തിയുടെ ആസ്തികളുടെ ഭരണത്തിനായി പ്രത്യേക ഉദ്യോഗസ്ഥനെയോ വ്യക്തിയേയോ നിയമിക്കാമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.