ആലപ്പുഴ കളക്ടര്‍ക്ക് വിമര്‍ശനം; തോമസ് ചാണ്ടിക്ക് നല്‍കിയ നോട്ടീസുകള്‍ റദ്ദാക്കി

Friday 2 March 2018 11:44 am IST

കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ലേക്ക് പാലസ് റിസോര്‍ട്ടിനെതിരായ നോട്ടീസിലാണ് വിമര്‍ശനം. നോട്ടീസില്‍ സര്‍വ്വേ നമ്പര്‍ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് കളക്ടറുടെ കാര്യപ്രാപ്തി ഇല്ലായ്മയെ സൂചിപ്പിക്കുന്നുവെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

തോമസ് ചാണ്ടി ഭൂമി കൈയേറിയതില്‍ തെറ്റായ സര്‍വേ നമ്പരിലാണ് നോട്ടീസ് നല്‍കിയതെന്നു കളക്ടര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിമര്‍ശനം. കളക്ടറുടെ കസേരയില്‍ ഇരിക്കുന്നതു സ്കൂള്‍ വിദ്യാര്‍ഥിയാണോ എന്നു ചോദിച്ച ഹൈക്കോടതി കളക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകള്‍ റദ്ദാക്കാനും ഉത്തരവിട്ടു. 

തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ കായല്‍ കൈയേറ്റം സ്ഥിരീകരിച്ച്‌ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ടു നികത്തി പാര്‍ക്കിംഗ് പ്രദേശമാക്കിയെന്നും പൊതുവഴി കൈയേറി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ലയിപ്പിച്ചെന്നും ടി.വി. അനുപമ റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം ലംഘിച്ചതടക്കം കടുത്ത നിയമ ലംഘനങ്ങളാണു മന്ത്രി നടത്തിയത്. നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം ലംഘിച്ചാല്‍ കേസെടുക്കാനാകും. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതിനെതിരേയാണ് തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.