‘ഉത്തരവാദിത്വങ്ങള്‍' നിറവേറ്റുന്നില്ലെന്നുകാട്ടി ഭാര്യയെ ഉപേക്ഷിക്കാനാവില്ല

Friday 2 March 2018 4:12 pm IST

മുംബൈ: 'ഭാര്യയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍' നിറവേറ്റുന്നില്ലെന്നുകാട്ടി  വിവാഹമോചനം ആവശ്യപ്പെട്ട് യുവാവിന്റെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ ബാലിശമാണെന്നും അവ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തക്കകാരണമല്ലെന്നും കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. 

ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നില്ല, രുചികരമായ ഭക്ഷണമുണ്ടാക്കുന്നില്ല, ജോലി വിട്ട് വന്നാലുടന്‍ കിടന്നുറങ്ങുന്നു, ജോലി കഴിഞ്ഞെത്തിയാല്‍ തനിക്ക് ഒരു ഗ്ലാസ് വെള്ളം പോലും എടുത്തുതരാറില്ല തുടങ്ങി 'ഒരു ഭാര്യയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങ'ളൊന്നും നിര്‍വഹിക്കുന്നില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിയായ യുവാവാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. 

എന്നാല്‍ യുവതി പരാതിക്കാരനോടും മാതാപിതാക്കളോടും മോശമായി പെരുമാറിയിരുന്നുവെന്ന പരാതി വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവ് വൈകി വീട്ടിലെത്തുമ്പോള്‍ ഭാര്യ പാചകത്തിന്റെ തിരക്കിലായിരിക്കുന്നതിനാല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടുതന്നെ ഇത് വിവാഹമോചനം അനുവദിക്കാന്‍ തക്ക ക്രൂരതയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കോടതിയ്ക്ക് നിജസ്ഥിതി ബോധ്യപ്പെട്ടതിനാല്‍ യുവാവിന്റെ ഹര്‍ജി പരിഗണിക്കാനാകില്ലെന്നും അതിനാല്‍ തള്ളുകയാണെന്നുമായിരുന്നു കോടതിയുടെ വിധി.

 യുവാവിന്റെ ആരോപണങ്ങളൊക്കെ ഭാര്യ കോടതിയില്‍ നിഷേധിച്ചിരുന്നു.  വീട്ടിലുള്ള എല്ലാവര്‍ക്കും ഭക്ഷണമുണ്ടാക്കിവെച്ചതിന് ശേഷം മാത്രമാണ് താന്‍ ജോലിക്ക് പോയിരുന്നതെന്ന് കോടതിയെ അറിയിച്ചു. തെളിവായി ബന്ധുക്കളുടെയും അയല്‍വാസികളുടെയും സാക്ഷിമൊഴികളും ഹാജരാക്കി.

തങ്ങള്‍ യുവതിയെ വീട്ടില്‍ വെച്ച് കാണുമ്പോഴൊക്കെ യുവതി വീട്ടുജോലികളുടെ തിരക്കുകളിലായിരുന്നുവെന്നായിരുന്നു സാക്ഷിമൊഴികളെല്ലാം. തന്നെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.