ഗുരുവിനും വേണം അനുഗ്രഹം

Saturday 3 March 2018 3:33 am IST

തൈത്തീരീയോപനിഷത്ത്-6

ഐശ്വര്യത്തിനും കാമനാപൂര്‍ത്തീകരണത്തിനുമുള്ള പ്രാര്‍ത്ഥന തുടരുന്നു-

യശോ ജനേളസാനി സ്വാഹാ ശ്രേയാന്‍ 

വസ്യസോളസാനി സ്വാഹാ

തം ത്വാ ഭഗപ്രവിശാനി സ്വാഹാ 

സമാ ഭഗ പ്രവിശ സ്വാഹാ

തസ്മിന്‍ സഹസ്രശാഖേ 

നിഭഗാഹം ത്വയിമുജേ സ്വാഹാ

യഥാപഃ പ്രവതാ യന്തി യഥാമാസാ 

അഹര്‍ജ്ജം  ഏവം മാം

ബ്രഹ്മചാരിണഃ ധാതരായന്തു സര്‍വ്വതഃ 

സ്വാ പ്രതിവേശോളസി

പ്ര മാ ദാഹി പ്രമാ പദ്യസ്വ

ഞാന്‍ ജനങ്ങളുടെ ഇടയില്‍ ഏറ്റവും പേരും പെരുമയും ഉള്ളവനാകട്ടെ. ഏറ്റവും വലിയ ധനികനേക്കാളും ധനവാനായി മാറട്ടെ. ഭഗവാനേ ബ്രഹ്മത്തിന് ഉറയായ അങ്ങയില്‍ ഞാന്‍ പ്രവേശിക്കുമാറാകട്ടെ. ഭഗവാനെ അങ്ങ് എന്നില്‍ പ്രവേശിച്ചാലും. അങ്ങനെ ഞാനും അങ്ങും ഒന്നായിത്തീരട്ടെ. അനേകം ശാഖകേളാടുകൂടി വിശ്വരൂപനായിരിക്കുന്ന അങ്ങയില്‍ ഞാന്‍ എന്റെ പാപങ്ങളെ കഴുകിക്കളയട്ടെ. വെള്ളം ചെരിഞ്ഞ സ്ഥലത്തേക്കോ താഴ്ന്ന പ്രദേശങ്ങളിലേക്കോ  ഒഴുകുന്നതുപോലെയും മാസങ്ങള്‍ സംവത്സരത്തില്‍  ചെന്ന് ചേരുന്നപോലെയും ബ്രഹ്മചാരികള്‍ എല്ലായിടത്തുനിന്നും എന്റെ അടുത്തേക്ക് വരട്ടെ. അങ്ങ് എല്ലാ ദുഃഖങ്ങളേയും തീര്‍ത്ത് അഭയം കൊടുത്തയാളാണ്. എനിക്കുവേണ്ടി അങ്ങ് സ്വയം വെളിപ്പെടുത്തണേ. എന്നെ സ്വീകരിക്കുകയും ചെയ്യണേ.

താന്‍ നേടിയ ബ്രഹ്മജ്ഞാനം മറ്റുള്ളവരിലേക്ക്  പകര്‍ന്നുകൊടുക്കാനുള്ള ബ്രഹ്മജ്ഞാനിയായ ആചാര്യന്റെ ഉത്കടമായ ആഗ്രഹമാണ് ഈ മന്ത്രത്തില്‍. പേരും പെരുമയും സ്വഭാവഗുണമുള്‍പ്പെടെയുള്ള ധനവുമൊക്കെ ഉെണ്ടങ്കിലേ മറ്റുള്ളവര്‍ ഒരാചാര്യന്റെ വാക്കിനെ ശ്രദ്ധിക്കൂ എന്നതിനാലാണ് ഇപ്രകാരമുള്ള പ്രാര്‍ത്ഥന. ഓങ്കാരത്തെ പ്രതിപാദിക്കുന്ന വേദത്തിന് അനവധി ശാഖകള്‍ ഉണ്ടെന്ന അര്‍ത്ഥത്തിലാണ് 'സഹസ്രശാഖേ' എന്ന് മന്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ ്രബഹ്മത്തിന് ബ്രഹ്മ, വിഷ്ണു, മഹേശ്വരന്‍, മറ്റ് ദേവതകള്‍ എന്നിങ്ങനെ പലതരത്തിലുള്ള രൂപഭേദങ്ങള്‍ പറയുന്നുവെന്നതും അര്‍ത്ഥമാക്കാവുന്നതാണ്. ഓങ്കാര ഉപാസനകൊണ്ട് പാപമെല്ലാം നശിച്ച് ബ്രഹ്മവുമായി താന്‍ ഒന്നായി ചേരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നത് ഉപാസ്യമായ ബ്രഹ്മത്തിനോടാണ്. താന്‍ നേടിയ അറിവിനെ അനേകമായിരം ശിഷ്യരിലേക്ക് എത്തിക്കുവാനുള്ള തീവ്രമായ താല്‍പര്യം ജിജ്ഞാസുകളായ ശിഷ്യന്മാര്‍ കൂടുതല്‍ വരട്ടെയെന്ന പ്രാര്‍ത്ഥനയിലുണ്ട്. വെള്ളം കുന്നുകളില്‍നിന്നും മറ്റും താഴേക്ക് നിരന്തരം ഒഴുകിവരുന്നതുപോലെയും മാസങ്ങള്‍ ഓരോന്നും സംവത്‌സരത്തില്‍ സ്വാഭാവികമായി ലയിക്കുന്നതുപോലെയും ആകണം ഇവരെന്ന് ആചാര്യന്‍ ആഗ്രഹിക്കുന്നു. അവര്‍ എല്ലായിടത്തുനിന്നും സര്‍വ്വദിക്കുകളില്‍നിന്നും എന്റെ അടുക്കല്‍ എത്തിച്ചേരണേ എന്നുള്ള പ്രാര്‍ത്ഥന എക്കാലത്തും ഗുരുക്കന്‍മാര്‍ക്കോ അധ്യാപകര്‍ക്കേ ഉണ്ടാകേണ്ടതാണ്. നല്ല ശിഷ്യന്മാരെ കിട്ടുക എന്നത് ഒാരോ ഗുരുവിന്റേയും ആഗ്രഹവും ഭാഗ്യവുംകൂടിയാണ്. ഇവര്‍ക്ക് ഇന്ദ്രിയ നിഗ്രഹവും ആത്മനിയന്തണവും ഉണ്ടാകുന്നവരായാല്‍ എത്രയേറെ ഗുണംചെയും. പഠിക്കാന്‍ തയ്യാറായി വരുന്നവരെ മാത്രമേ പഠപ്പിക്കാനാവൂ. അവര്‍ക്ക് പഠന വിഷയങ്ങളെ പെട്ടെന്ന് മനസിലാക്കികൊടുക്കാന്‍ കഴിയും. ആത്മവിദ്യ അഭ്യസിക്കുന്നതില്‍ എത്രകണ്ട് താല്‍പര്യം ശിഷ്യര്‍ക്ക് ഉണ്ടാകണമെന്ന് പറയേണ്ടതില്ലല്ലോ. മിടുക്കരായി എത്തിച്ചേര്‍ന്നവരെ മിടുക്കരാക്കി നിലനിര്‍ത്തുക എന്നതും അത്രയൊന്നും കഴിവോ പഠന സാമാര്‍ത്ഥ്യേമാ ഇല്ലാത്തവരെ പോലും കേമന്‍മാരാക്കുക എന്നതും മികച്ച ഒരു ആചാര്യന് മാത്രമേ സാധിക്കൂ. ഇതിനുള്ള അനുഗ്രഹംകൂടി ഓരോ ഗുരുവിനും ഉണ്ടാകണം. ഓങ്കാരസ്വരൂപമായ ബ്രഹ്മം അതിനുള്ള അഭയസ്ഥാനം അഥവാ ആസന്ന ഗൃഹമാണ്. തന്നെ സേവിക്കുന്നവര്‍ക്കു സര്‍വ പാപങ്ങളും സര്‍വദുഃഖങ്ങളും നീക്കുന്നതിനുള്ള സ്ഥാനമാണത്. അങ്ങനെയുള്ള അങ്ങ് സ്വയം സ്വസ്വരൂപത്തെ വെളിപ്പെടുത്തിത്തന്ന് ഒരു ഉപകരണമാക്കി തന്നെ സ്വീകരിക്കണമെന്നും പ്രാര്‍ത്ഥിക്കുന്നു. രാസപ്രയോഗംകൊണ്ട് ലോഹം സ്വര്‍ണമാക്കുന്നതുപോലെ എന്നെ അങ്ങുതന്നെയാക്കിത്തീര്‍ക്കുക. ഇവിടെ പറയുന്ന ശ്രീകാമം ധനത്തിന് ഉതകുന്നു. ധനം കര്‍മ്മത്തിനും കര്‍മ്മം ദുരിതക്ഷയത്തിനും ഉതകുന്നു. ദുരിതം ക്ഷയിക്കുമ്പോള്‍ വിദ്യ പ്രകാശിക്കും. അഴുക്കില്ലാത്ത കണ്ണാടിയില്‍ തന്റെ രൂപം തെളിഞ്ഞ് കാണുംപോലെ ആത്മാവില്‍ ആത്മാവിനെ കാണാനാകും.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെ

ആചാര്യനാണ് ലേഖകന്‍ 

 9495746977)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.