പട്ടികജാതി കുടുംബത്തെ വീടുകയറി ആക്രമിച്ചു: രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്

Saturday 3 March 2018 2:00 am IST

 

കറ്റാനം: കറ്റാനം ഊരുക്കുഴി ശക്തീശ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ ഡിവൈഎഫ്‌ഐക്കാര്‍ രാത്രി വീടുകയറി ആക്രമിച്ചു. കറ്റാനം ഊരുക്കുഴി വടക്കതില്‍ സുകുമാരി, സുജ എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. 

  ക്ഷേത്രത്തിലെ കെട്ടുകാഴ്ചയുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമം അരങ്ങേറിയത്. പതിനഞ്ചോളം പേരടങ്ങുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് രാത്രി വീട്ടില്‍  അതിക്രമിച്ചു കടക്കുകയും സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. 

  മുമ്പ് സിപിഎം പ്രവര്‍ത്തകരായിരുന്ന സുജയും കുടുംബവും ബിജെപിയില്‍ ചേര്‍ന്നതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. ഒരു വര്‍ഷം മുന്‍പും സമാനമായ രീതിയില്‍ സുജയ്ക്കും മാതാവിനും മര്‍ദ്ദനമേറ്റിരുന്നു. 

  കേസില്‍ പ്രതികളായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിന്നീട് പലതവണ ഇവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും  ചെയ്തു. സുജയുടെ മകനായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ നിരവധി കള്ളക്കേസില്‍ കുടുക്കുവാന്‍ വള്ളികുന്നം പോലീസ് കൂട്ടുനില്‍ക്കുന്നതായും ബിജെപി ആരോപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.