വാട്‌സ്ആപ്പിന് നിയന്ത്രണം വേണ്ടേ?

Saturday 3 March 2018 3:29 am IST
"undefined"

സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് വാട്ട്‌സ് ആപ്പ്. ഫേസ്ബുക്കും പിന്നിലല്ല. വാട്‌സ് ആപ്പിന്റെ ഉറവിടം കണ്ടെത്തുക ദുര്‍ഘടമാണ്. എന്നാല്‍ പോസ്റ്റ് ചെയ്ത സമയം നോക്കി ഫേസ് ബുക്കില്‍ നിന്ന് കര്‍ത്താവിനെ കണ്ടെത്താം.  ഇന്ന് പല കേസുകളെയും സ്വാധീനിക്കാന്‍ ഇത്തരം മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചില അപ്രിയ സംശയങ്ങള്‍ പറയാതെ വയ്യ. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ട്. മാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കുന്ന വലിയ വാര്‍ത്തകളെ മുക്കാന്‍ ചില വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് രാഷ്ട്രീയത്തില്‍ ചിലപ്പോഴെല്ലാം കാണുന്നില്ലേ?

അട്ടപ്പാടിയിലെ ആദിവാസി യുവാവ് ഇപ്പോള്‍ അത്ര ഹീറോ ഒന്നുമല്ല എന്ന രീതിയില്‍ വാട്‌സ് ആപ്പില്‍ വന്ന ചില വോയ്‌സ് മെസേജുകളാണ് ഈ സംശയത്തിനു പിന്നില്‍. കൊല്ലപ്പെട്ട മധുവിനെ കൊന്നവരെ ന്യായീകരിക്കുന്നില്ല എന്നുപറഞ്ഞു തുടങ്ങുന്ന മെസേജ്, അവസാനം ഇതിനുപിന്നില്‍ പോലീസ് ആണോ എന്ന സംശയമുന്നയിക്കുന്നു.

ഇനി നാളെ പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയില്‍ എടുത്തുചാടിയപ്പോഴുണ്ടായ പരിക്കോ ആള്‍ക്കൂട്ടം ഓടിച്ചപ്പോള്‍ വീണുണ്ടായ പരിക്കോ ആയി ഈ കേസ് തീര്‍ന്നു പോകാം. 

സെല്‍ഫി എടുത്ത് സമൂഹമാധ്യമങ്ങളില്‍ ഇടുന്ന യുവതലമുറ ഓര്‍ക്കുക. ഈ കാഴ്ചകളാണ് കേരളത്തിലെ അക്രമ വാസനയ്ക്കു പിന്നില്‍. ഇതില്‍ ചില തീവ്രവാദ സംഘടനകളുമുണ്ടാകാം. അത്തരക്കാര്‍ ഇരകളെ കണ്ടെത്തുന്നത് ഫേസ് ബുക്ക് വഴിയാണ്. വാര്‍ത്തകളുടെ പ്രതികരണം നോക്കി ഇവര്‍ പണി തുടങ്ങും. സിറിയയില്‍ നടന്നത് എന്ന നിലയില്‍ കൊലപാതകങ്ങള്‍ ഇപ്പോള്‍ കാണുന്നില്ല. കാരണം ഇന്ന് കേരളത്തില്‍ ലൈവ് ഇടാന്‍ ഒരുപാട് സംഭവങ്ങള്‍ ഉണ്ടാകുന്നു. 

പ്രദീപ്, വൈക്കം

കേഴുക പ്രിയ നാടേ...

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ലഭിച്ച കേരളം, ദൃശ്യമനോഹരമായ പ്രകൃതി ഭംഗിയിലും, കല, സാഹിത്യം, സംസ്‌കാരം, ആത്മീയ രാഷ്ട്രീയ രംഗങ്ങളിലും സാക്ഷരതയിലും ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയിലാണ്. ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന അനേകം ഗുണഗണങ്ങളും നേട്ടങ്ങളും പുരോഗതിയും നാം കൈവരിച്ചിട്ടുണ്ട്. ഓരോ മലയാളിയും അഭിമാനിക്കാവുന്ന കാര്യങ്ങളാണവ.

എന്നാല്‍ അടുത്ത കാലത്തെ വാര്‍ത്തകള്‍, നമ്മെ തലതാഴ്ത്താനിടയാക്കുന്ന ലജ്ജിപ്പിക്കുന്ന സംഗതികളാണ്. പണിമുടക്ക്, ഹര്‍ത്താല്‍, മോഷണം, പിടിച്ചുപറി, പെണ്‍വാണിഭം, മദ്യം, മയക്കുമരുന്ന് ഉപയോഗത്തിന്റെ ഭയാനകത, ആത്മഹത്യ തുടങ്ങിയ കാര്യങ്ങളിലും നാം മുന്‍നിരക്കാരാണ്. 'മോഷ്ടാക്കളുടെ നാട്' എന്ന ദുഷ്‌പ്പേര് കൂടി ഈയിടെ ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് സമൂഹ മനഃസാക്ഷിയെ തന്നെ ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുന്ന ഭീകരവാദ രൂപത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍.

ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാന്‍ കഴിയാത്ത ജീവനെടുക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനവും കൊലപാതകരാഷ്ട്രീയവും അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കേണ്ട രാഷ്ട്രീയ ഭരണകൂടങ്ങള്‍ തന്നെയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നതെന്ന വസ്തുത പകല്‍പോലെ, അരിയാഹാരം കഴിക്കുന്ന ആര്‍ക്കും വ്യക്തമായിരിക്കെ എങ്ങനെയാണ് ഈ നാട്ടില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിയാവുക.....?

മനോജ് കൃഷ്ണന്‍, പെരുമ്പാവൂര്‍ 

ഈ വെള്ളാനയുടെ പുറത്തുനിന്ന് വിഎസ് ഇറങ്ങണം

ഭരണപരിഷ്‌കാര കമ്മീഷന്‍ എന്ന വെള്ളാനയുടെ പുറത്തിരുന്ന് ഖജനാവിലെ പണം കൊള്ളയടിക്കുന്ന ഏര്‍പ്പാട് വി.എസ്. അച്യുതാനന്ദന്‍ നിര്‍ത്തണം. 

ഭരണപരിഷ്‌കാര കമ്മീഷന്‍ എന്ന വെള്ളാനയ്ക്കുവേണ്ടി 2.03 കോടി രൂപ ചെലവാക്കി കഴിഞ്ഞുവെന്നാണ് വിവരാവകാശ രേഖ പ്രകാരം പുറത്തായ വിവരം. പിണറായിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ വേണ്ടിയാണ് നികുതിപ്പണം പാഴാക്കിക്കളയുന്നത്. തൊണ്ണൂറ്റിനാല് വയസ്സായിട്ടും അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുന്ന ഈ കപട വേഷക്കാരന്റെ തനിനിറം ജനങ്ങള്‍ക്കു മനസ്സിലായിക്കഴിഞ്ഞു. 

ആലപ്പുഴയില്‍ വച്ചു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയ അച്യുതാനന്ദന്‍ തൃശൂര്‍ സമ്മേളനത്തിന് പിണറായിയുടെ മുന്‍പില്‍ ഓച്ഛാനിച്ചു! വീണ്ടും മുഖ്യമന്ത്രിയാകാമെന്ന ആര്‍ത്തിയോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം മുഴുവന്‍ ഓടി നടന്നിട്ടും മുഖ്യമന്ത്രിപദം തട്ടിയെടുത്ത പിണറായിയോടുള്ള പ്രതികാരം തീര്‍ക്കാനായിരിക്കാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയില്‍ സീതാറാം യെച്ചൂരിക്ക് വിഎസ് കുറിപ്പ് കൈമാറിയത്. പണ്ട് ജവഹര്‍ലാല്‍ നെഹ്‌റുവിന് പ്രധാനമന്ത്രിയാവാന്‍ വേണ്ടി ഗാന്ധിജിയെ ഭീഷണിപ്പെടുത്തിയതുപോലെ ഏതോ ഭീഷണിയായിരുന്നിരിക്കണം വിഎസിന്റെ കുറിപ്പടിയില്‍!

സര്‍ക്കാരിലും പാര്‍ട്ടിയിലും പിണറായി മേധാവിത്വം സ്ഥാപിച്ചുകഴിഞ്ഞ സ്ഥിതിക്ക് ആത്മാഭിമാനം എന്നൊന്ന് വിഎസിനുണ്ടെങ്കില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ എന്ന വെള്ളാനയുടെ പുറത്തുനിന്നും ഇറങ്ങണം. ജനങ്ങള്‍ക്ക് ബാധ്യതയാകുന്ന ഈ സംവിധാനം അങ്ങനെ ഇല്ലാതാവണം.

കെ. സുധാകരന്‍ നായര്‍, വട്ടിയൂര്‍ക്കാവ്, 

തിരുവനന്തപുരം

പ്രതിരോധ കുത്തിവെപ്പ് തുടരട്ടെ

2018 ജൂണ്‍ മുതല്‍ സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേരള സര്‍ക്കാരിന്റെ നടപടി അത്യന്തം സ്വാഗതാര്‍ഹമാണ്; ശ്ലാഘനീയമാണ്.

വാക്‌സിനേഷന്‍ (പ്രതിരോധ കുത്തിവയ്പ്പ്) എടുത്തില്ലെങ്കില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള അനേകം കുട്ടികള്‍ മരിക്കും എന്നുള്ളത് ഉറപ്പാണ്. ഏറ്റവും നല്ല ഉദാഹരണം മലപ്പുറം ജില്ലയില്‍ കുത്തിവയ്പ്പ് എടുക്കാത്ത 11 കുട്ടികള്‍ ഡിഫ്ത്തീരിയ പിടിപെട്ട് 2017 ല്‍ മരിച്ചതുതന്നെ. വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ അനേകലക്ഷം ബാലമരണങ്ങളാണ് ഒഴിവാക്കാനാവുന്നത്. അപ്പോള്‍പ്പിന്നെ വാക്‌സിനേഷന്‍ എടുക്കുന്നതല്ലേ നല്ലത്.

മുടങ്ങാതെ പോളിയോ വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെയും പള്‍സ് പോളിയോ പരിപാടിയിലൂടെയും ഭാരതത്തെ പോളിയോ വിമുക്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. 2014 മുതല്‍ പുതിയ പോളിയോ കേസുകള്‍ ഭാരതത്തിലുണ്ടായിട്ടില്ല. ഇത്രയും ഗുണമേറിയ വാക്‌സിനേഷനെ വ്യാജപ്രചാരണങ്ങളിലൂടെ നഖശിഖാന്തം എതിര്‍ക്കുന്ന ചില 'പാഷാണത്തില്‍ കൃമികളും' രാജ്യദ്രോഹികളും കേരളത്തിലും ഭാരതത്തിലും ഉണ്ട്. 'ഷണ്ഡത വരും', 'മരിക്കും' എന്നൊക്കെപ്പറഞ്ഞ് പേടിപ്പിച്ചാണ് അവര്‍ എതിര്‍ക്കുന്നത്. 1985 നവംബര്‍ 19-ന് തുടങ്ങിയ കേന്ദ്രഗവണ്‍മെന്റ് പരിപാടിയായ യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍  പ്രോഗ്രാമിന്റെ കീഴിലുള്ള വാക്‌സിനേഷന്‍ പരിപാടിയെ എതിര്‍ക്കുന്നത് രാജ്യതാല്‍പ്പര്യങ്ങള്‍ക്കും നന്മയ്ക്കും തികച്ചും എതിരാണ്. 

ഡോ. ജോണ്‍ ജോര്‍ജ്. ടി,

തൃശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.