എയര്‍ കേരളയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു

Saturday 3 March 2018 3:26 am IST
"undefined"

കൊച്ചി: പ്രവാസി മലയാളികളുടെ വിമാനയാത്ര എളുപ്പമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന എയര്‍ കേരളയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. തടസ്സങ്ങള്‍ നീക്കി എയര്‍ കേരളയ്ക്ക് പറക്കാനുള്ള സഹായം നല്‍കാന്‍ തയ്യാറായി അബുദാബി ഏവിയേഷന്‍ (എഡിഎ) രംഗത്ത്. വ്യോമയാനരംഗത്തെ വിദഗ്ധരെയും, സര്‍വീസിനുള്ള വിമാനങ്ങള്‍ വാടകയ്ക്കക്കോ അല്ലാതെയോ നല്‍കാമെന്നാണ് വാഗ്ദാനം. സംസ്ഥാന സര്‍ക്കാറിന്റെയും എഡിഎയുടെയും സംയുക്ത സംരംഭമായി എയര്‍ കേരള പറന്നുയരാന്‍ ഇതോടെ സാധ്യത തെളിഞ്ഞു. പദ്ധതിയുടെ സാധ്യത പഠിക്കാനായി സംസ്ഥാനം, ചീഫ് സെക്രട്ടറി ചെയര്‍മാനായ ആറംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 

2006 ഫെബ്രുവരിയിലാണ് സംസ്ഥാനസര്‍ക്കാര്‍ എയര്‍ കേരളയ്ക്കായി നടപടിയാരംഭിച്ചത്. എന്നാല്‍, വ്യോമയാന നയം സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി. അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുന്നതിന് 20 വിമാനങ്ങള്‍ വേണമെന്നും ആഭ്യന്തര സര്‍വീസില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്നുമുള്ള നിബന്ധന പാലിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ല. എഡിഎയുടെ വരവോടെ ഈ പ്രശ്‌നങ്ങള്‍ തരണം ചെയ്യാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. 

വിമാന സര്‍വീസ് തുടങ്ങുന്നതിനായി എയര്‍ കേരള ലിമിറ്റഡ് എന്ന കമ്പനിക്ക് സര്‍ക്കാര്‍ നേരത്തെ രൂപം നല്‍കിയിരുന്നു. പ്രവാസികളുടെ നിക്ഷേപം കൂടി സ്വീകരിച്ച് പദ്ധതി ആരംഭിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, വ്യോമയാന നയവും പണമില്ലാത്തതുംമൂലം പദ്ധതി ഉപേക്ഷിച്ച മട്ടായിരുന്നു. ഇതിനിടെയാണ് പദ്ധതിക്ക് പുതുജീവനേകുന്ന നിര്‍ദ്ദേശങ്ങളുമായി എഡിഎ എത്തിയിട്ടുള്ളത്. സര്‍വീസിനുള്ള വിമാനവും സാങ്കേതിക സംവിധാനവും ഒരുക്കി നല്‍കുമ്പോള്‍ എഡിഎയ്ക്ക് സര്‍ക്കാര്‍ ഗ്രാന്റ്, മറ്റിളവുകള്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കി നല്‍കണം. 

എയര്‍ കേരളയ്ക്ക് പുറമെ അന്താരാഷ്ട്ര ഏവിയേഷന്‍ അക്കാദമി, ഹെലികോപ്റ്റര്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനിയറിംഗ് ബെയ്‌സ്, കണ്ണൂര്‍ വിമാനത്താവളവുമായി തന്ത്രപരമായ സഹകരണം എന്നിവയും എഡിഎ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതേക്കുറിച്ചും കമ്മിറ്റി പഠനം നടത്തും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.