ട്രഷറികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍; അഴിമതിക്ക് പുതിയ വഴി തുറക്കും

Saturday 3 March 2018 3:27 am IST

തിരുവനന്തപുരം: മേയ് മുതല്‍ സംസ്ഥാനത്തെ ട്രഷറികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറും. ട്രഷറി അക്കൗണ്ടുവഴിയുള്ള പണം കൈമാറ്റത്തിനു മൊബൈല്‍ ആപ്പും നിലവില്‍ വരും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു സര്‍ക്കാര്‍ സേവനങ്ങള്‍ക്കു പണം അടയ്ക്കാനാകും. ഇന്റര്‍നെറ്റ് ബാങ്കിങ്, സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ബില്ലും ഫീസും അടയ്ക്കല്‍ തുടങ്ങിയ സൗകര്യങ്ങളും സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്കു നല്‍കും. പുതിയ ബാങ്കിങ് ആപ്ലിക്കേഷനും ഒരുങ്ങുന്നുണ്ട്. 

 പുരോഗമനപരമെങ്കിലും അഴിമതിക്കാര്‍ക്ക് വലിയ അവസരവും പരിഷ്‌ക്കാരത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. പെന്‍ഷന്‍, ശമ്പളം എന്നിവയല്ലാത്ത മറ്റ് ബില്ലുകള്‍ പാസാക്കുന്നിടത്ത് പുനഃപരിശോധനയ്ക്കുള്ള അവസരം ഇല്ലതാകും. പണം തട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് വാതില്‍ തുറക്കും. കണ്ടിജന്‍സി പേമെന്റുകള്‍ മതിയായ വൗച്ചര്‍ ഉണ്ടങ്കിലേ ഇപ്പോള്‍ ട്രഷറിയില്‍ മാറിക്കൊടുക്കൂ. ബന്ധപ്പെട്ട ഓഫീസര്‍ വൗച്ചര്‍ അംഗീകരിച്ച് ശുപാര്‍ശ ചെയ്താലും ട്രഷറിയില്‍ വിശദ പരിശോധന നടത്തും. ആവശ്യമെങ്കില്‍ അക്കൗണ്ടന്റ് ജനറലിന് റിപ്പോര്‍ട്ടും നല്‍കും. ഇടപാട് ഓണ്‍ലൈന്‍ ആകുമ്പോള്‍ വൗച്ചറുകള്‍ സ്‌കാന്‍ ചെയ്ത് അയച്ചാല്‍ മതിയാകും. വൗച്ചറിന്റെ മൗലികത പരിശോധിക്കുക സാധ്യമല്ലാതാകും. മാത്രമല്ല ഒരേ വൗച്ചര്‍ ഉപയോഗിച്ച് പലതവണ പണം പാസാക്കിയെടുക്കാനും വഴിയുണ്ടാകും. ബില്ലുകളുടേയും വൗച്ചറുകളുടേയും പൂര്‍ണ്ണ ഉത്തരവാദിത്വം ഏതെങ്കിലും ഒരു ഓഫീസറുടെ മാത്രം തലയിലാകും.

ജീവനക്കാരും പെന്‍ഷന്‍കാരും അടക്കം പത്തര ലക്ഷം പേരുടെ മാസവേതനമാണ് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുവഴി നല്‍കുന്നത്. ജീവനക്കാര്‍ എല്ലാവരും ഒറ്റയടിക്കു പണം പിന്‍വലിക്കില്ല. അതിനാല്‍ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളില്‍ ആവശ്യത്തിനു പണം ഉണ്ടാകും. ഇപ്പോള്‍ കേന്ദ്രസഹായം എല്ലാ മാസവും 15നു ശേഷം കിട്ടുന്നതിനാല്‍ ആദ്യദിവസങ്ങളില്‍ പണം തികയാത്ത അവസ്ഥയുണ്ട്. ഇതും മറികടക്കാനാകും. ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും പലരും തുക ഒറ്റയടിക്ക് പിന്‍വലിച്ച് ബാങ്കിലേക്കു കൈമാറുന്നുണ്ട്. ഇടപാടുകള്‍ക്കുള്ള സൗകര്യം പരിഗണിച്ചാണിത്. പൂര്‍ണമായി ഓണ്‍ലൈന്‍ ആകുന്നതോടെ പണം പിന്‍വലിക്കലിന്റെ തോത് കുറയും എന്ന പ്രതീ്ക്ഷയിലാണ് സര്‍ക്കാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.