കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ബാങ്കുകള്‍ക്ക് ഗുരുതര വീഴ്ച

Saturday 3 March 2018 3:24 am IST

ആലപ്പുഴ: കുട്ടനാട് വികസന സമിതിയുടെ ഒത്താശയോടെ നടന്ന വായ്പാ തട്ടിപ്പില്‍ ബാങ്കുകള്‍ക്കും ഗുരുതരമായി വീഴ്ച സംഭവിച്ചെന്ന് സൂചന. കുട്ടനാട് കേന്ദ്രീകരിച്ചു കാര്‍ഷിക വായ്പതട്ടിപ്പുകള്‍ മിക്കതും വ്യാജമേല്‍വിലാസവും രേഖകളും നല്‍കിയാണെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്. 

ബാങ്ക് ഉദ്യാഗസ്ഥരും കുട്ടനാട് വികസന സമിതി അടക്കമുള്ള സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഒരു പതിറ്റാണ്ടിലേറെയായി നടത്തിയ തട്ടിപ്പ് ശതകോടികള്‍ വരും. 

സന്നദ്ധ സംഘടനകള്‍ രൂപീകരിക്കുന്ന കാര്‍ഷിക പദ്ധതികള്‍ വഴി കൂട്ടുത്തരവാദിത്തമുള്ള സംഘങ്ങള്‍ക്കു വായ്പ നല്‍കുന്ന പദ്ധതിയാണ് കുട്ടനാട് വികസനസമിതി തട്ടിപ്പിന് മറയാക്കിയത്. അറുനൂറോളം കര്‍ഷക സ്വാശ്രയ സംഘങ്ങള്‍ ഈ സമിതിയുടെ കീഴില്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസിഡന്റും സെക്രട്ടറിയും മാത്രം ഉണ്ടെങ്കില്‍ അഞ്ചു മുതല്‍ പത്തുപേര്‍ വരെയുള്ള സംഘങ്ങള്‍ക്കു വായ്പയ്ക്ക് അപേക്ഷിക്കാം. 

സംഘത്തിലെ മറ്റ് അംഗങ്ങളുടെ പേരും വിലാസവും മാത്രം രേഖപ്പെടുത്തിയാല്‍ മതി. ഇവര്‍ കൃഷിക്കാരാണെന്നു പാടശേഖര സമിതിയുടെ കത്തും വായ്പ നല്‍കണമെന്ന് സന്നദ്ധ സംഘടനകളുടെ ചുമതലപ്പെട്ടവരുടെ ശുപാര്‍ശയും ഉണ്ടെങ്കില്‍ മറ്റൊന്നും പരിശോധിക്കാതെ ബാങ്ക് വായ്പ മണിക്കുറുകള്‍ക്കകം ലഭ്യമാകും.

പാട്ടകര്‍ഷകര്‍ക്കുള്‍പ്പെടെ സംഘങ്ങള്‍ക്കു വായ്പ അനുവദിക്കണമെങ്കില്‍ പാടശേഖര സമിതിയുടെ കത്തിനു പുറമേ കൃഷി ഓഫീസര്‍ വായ്പ ആവശ്യപ്പെടുന്ന കക്ഷികളെയും കൃഷി സ്ഥലും നേരില്‍ക്കണ്ട് ഉറപ്പു വരുത്തി സാക്ഷ്യപത്രം നല്‍കണം. ബാങ്ക് മാനേജര്‍ക്കു മുന്നിലും കക്ഷികളെല്ലാം നേരിട്ടു ഹാജരാകണം. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാറില്ല. തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ പോലും ഇല്ലാതെയാണ് വായ്പകള്‍ ഏറെയും നല്‍കിയതെന്നതാണ് വാസ്തവം. 

വായ്പ തരപ്പെട്ടാല്‍ ബാങ്ക് മാനേജര്‍ മുതല്‍ സന്നദ്ധ സംഘടനകളുടെ ഭാരവാഹികള്‍ക്കും പാടശേഖര സമിതി ഭാരവാഹികള്‍ക്കും വരെ വിഹിതം ലഭിക്കും. ഇത്തരത്തില്‍ കോടികളാണ് കുട്ടനാട് വികസന സമിതിക്ക് ലഭിച്ചത്. കാര്‍ഷിക വായ്പയായതിനാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ കൃഷിയുടെ നഷ്ടക്കണക്ക് പറഞ്ഞ് സര്‍ക്കാരിനെ കൊണ്ട് തുക എഴുതിത്തള്ളിക്കും. 

യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സഹായം സന്നദ്ധസംഘടനകളും, വ്യാജ കര്‍ഷകരും ചേര്‍ന്ന് കാലങ്ങളായി തട്ടിയെടുക്കുകയാണ്. തട്ടിപ്പ് വാര്‍ത്തകള്‍ നിരവധി പുറത്തു വന്നിട്ടും ബാങ്കുകള്‍ ഇതുവരെ പരാതി നല്‍കാന്‍ പോലും തയ്യാറായിട്ടില്ല. വായ്പ നല്‍കിയ പണം എങ്ങിനെയും മടക്കി ലഭിച്ചാല്‍ മതിയെന്നാണ് ബാങ്കുകളുടെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.