വനവാസികള്‍ക്ക് വാഗ്ദാന പെരുമഴ

Saturday 3 March 2018 3:54 am IST

പാലക്കാട്: അട്ടപ്പാടിയില്‍ മുക്കാലി താഴെ ചിണ്ടക്കി ഊരിലെ വനവാസി യുവാവ് മധു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മധുവിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന മധുവിന്റെ അമ്മ ആവശ്യപ്പെട്ടു. എന്നാല്‍ ഈ കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുക്കാലി-ചിണ്ടക്കി ഊരിലേക്കുളള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങളോട് പറഞ്ഞു. മധുവിനെ കൊന്നവര്‍ക്ക് പരമാവധ ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും മഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

തൊഴിലുറപ്പില്‍ ഇരുന്നൂറ് ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുമെന്നും ആദിവാസികള്‍ ആവശ്യപ്പെടുന്ന ഭക്ഷ്യധാന്യങ്ങള്‍ അവര്‍ക്കുറപ്പാക്കുമെന്നും തുടങ്ങി വനവാസികള്‍ക്ക് വാഗ്ദാനങ്ങളുടെ പെരുമഴ സമ്മാനിച്ചാണ് മുഖ്യമന്ത്രി അട്ടപ്പാടി മലയിറങ്ങിയത്. മുക്കാലി ഫോറസ്റ്റ് ബംഗ്ലാവ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് വാരിക്കോരി വാഗ്ദാനങ്ങല്‍ നല്‍കിയത്. 

അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 10 കോടി ചെലവഴിക്കുമെന്നും ഗുണമേന്മയുളള ഭക്ഷ്യധാന്യങ്ങള്‍  വിതരണം ചെയ്യുന്നതിന് സപ്ലൈകോയെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ സപ്ലൈകോക്ക് എട്ടുകോടി കടമുണ്ടെന്ന കാര്യം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തിയുമില്ല. 

മെയ് മാസത്തോടെ നല്‍കാനുള്ള മുഴുവന്‍ ഭൂമിയും പതിച്ചു നല്‍കുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. റേഷന്‍ കടകളുടെ പ്രവര്‍ത്തനം അയല്‍ക്കൂട്ടങ്ങളെ ഏല്‍പ്പിക്കുന്നത് ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യക്കാരായ മുഴുവന്‍ ആദിവാസികള്‍ക്കും കമ്മ്യൂണിറ്റി കിച്ചന്‍ സൗകര്യം ലഭ്യമാക്കും. അട്ടപ്പാടിയില്‍ ഡീ-അഡിക്ഷന്‍ കേന്ദ്രം ആരംഭിക്കും. പട്ടികജാതി-വര്‍ഗ വിഭാഗ പീഡനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. ഊരുകളില്‍ ചോളം-റാഗി കൃഷി പ്രോത്സാഹിപ്പിക്കും, അട്ടപ്പാടിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളില്‍ അര്‍ഹരായ ആദിവാസികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും എന്നീ ഉറപ്പുകളും പിണറായി നല്‍കി. 

അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍വഹണ ഓഫീസറുടെ ചുമതല ഇനിമുതല്‍ ഐറ്റിഡിപി പ്രൊജക്റ്റ് ഓഫീസര്‍ക്കായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.