രണ്ടാം ദിനം രണ്ടു റെക്കോഡുകള്‍; അല്‍ഫോണ്‍സ ക്രൈസ്റ്റ് മുന്നില്‍

Saturday 3 March 2018 4:00 am IST
"undefined"

കോഴിക്കോട്: സംസ്ഥാന കോളേജ് ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ രണ്ടു റെക്കോഡുകള്‍ കൂടി പിറന്നു. ചെമ്പഴന്തി എസ്എന്‍ കോളേജിലെ  കെ.ആര്‍. ഗോകുല്‍ ഡെക്കാത്തലണിലും പാല അല്‍ഫോണ്‍സ കോളേജിലെ വി.ഒ. നിമ്മി ഹെപ്റ്റാത്തലണിലും മീറ്റ് റെക്കാഡോടെ സ്വര്‍ണ്ണം നേടി. 5,898 പോയിന്റ് നേടിയാണ് ഗോകുല്‍ റെക്കാര്‍ഡിന് അര്‍ഹനായത്. കോടഞ്ചേരി ഗവ. കോളേജിലെ അഖില്‍ ബിജു സ്ഥാപിച്ച 5,696 പോയിന്റ് എന്ന റെക്കാഡാണ് തിരുത്തിയത്. ചെമ്പഴന്തി എസ്എന്‍ കോളേജിലെ ബിഎ എക്കണോമിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഗോകുല്‍ തിരുവനന്തപുരം സായ് കോച്ച് സത്യനാഥന് കീഴിലാണ് പരിശീലനം നടത്തുന്നത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ  വിമുക്തഭടന്‍

 രാധാകൃഷ്ണന്റെയും സുമംഗലയുടെയും മകനാണ്. കഴിഞ്ഞ തവണ ദേശീയ ജൂനിയര്‍ മീറ്റില്‍ ഡെക്കാത്തലണില്‍ ഗോകുല്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിയിരുന്നു.

വി.ഒ. നിമ്മി ഹെപ്റ്റാത്തലണില്‍ 4,413 പോയിന്റ് നേടിയാണ് റെക്കാഡ് സ്വന്തം പേരിലാക്കിയത്. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെ അനില ജോസ് സ്ഥാപിച്ച 4,150 എന്ന റെക്കാഡാണ് മറികടന്നത്.  ആലപ്പുഴ ആര്‍ത്തുങ്കല്‍ സ്വദേശിയായ നിമ്മി വലിയപറമ്പില്‍ ഔസേപ്പിന്റെയും ജോളിയുടെയും മകളാണ്.   

"undefined"
രണ്ടാം ദിവസം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വനിതാ വിഭാഗത്തില്‍ 84 പോയിന്റുമായി പാല അന്‍ഫോണ്‍സ കോളേജ് മുന്നേറ്റം തുടരുന്നു. 59 പോയിന്റുമായി ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജാണ് രണ്ടാംസ്ഥാനത്ത്. 29 പോയിന്റുമായി പാലക്കാട് മേഴ്‌സി മൂന്നാംസ്ഥാനത്താണ്. പുരുഷ വിഭാഗത്തില്‍ 64.5 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാംസ്ഥാനത്തും 46.5 പോയിന്റുമായി കോതമംഗലം എംഎ കോളേജ് രണ്ടാംസ്ഥാനത്തും 33 പോയിന്റുമായി ചങ്ങനാശ്ശേരി എസ്ബി കോളേജ് മൂന്നാംസ്ഥാനത്തുമാണ്. 

800 മീറ്ററില്‍ പാലാ അല്‍ഫോണ്‍സ കോളെജിലെ ആതിര ശശി സ്വര്‍ണവും കോടഞ്ചേരി ഗവ കോളേജിലെ തെരാസാ ജോസഫ് വെള്ളിയും പാലാ അല്‍ഫോന്‍സ കോളേജിലെ കെ.ആര്‍. അമൃത വെങ്കലവും നേടി. 800 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജിലെ മുഹമ്മദ് റാഷിദ് സ്വര്‍ണം നേടി. ഓമശ്ശേരി വേനപ്പാറ സ്വദേശിയായ റാഷിദ് യൂണിവേഴ്‌സിറ്റി മീറ്റിലും ജൂനിയര്‍ നാഷണല്‍സിലും സ്വര്‍ണം നേടിയിട്ടുണ്ട്. ഇന്നലെ നടന്ന 4ഃ100  മീറ്റര്‍ റിലേയില്‍ കോതമംഗലം എംഎ കോളേജ് സ്വര്‍ണം നേടി. അനസ്, അതുല്‍സേനന്‍, എ. ഹര്‍ഷാദ്, ഓംകാര്‍നാഥ് ഉള്‍പ്പെട്ട ടീമാണ് ഒന്നാം സ്ഥാനം നേടിയത്. വനിതാ വിഭാഗത്തില്‍ പാലാ അന്‍ഫോണ്‍സ കോളേജ് സ്വര്‍ണ്ണം നേടി. രമ്യാരാജന്‍, എന്‍.എസ്. സിനി, എ. ആരതി, കെ.എസ്. അഖില എന്നിവരങ്ങിയ ടീമാണ് ജേതാക്കളായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.