നെയ്മര്‍ക്ക് ഇന്ന് ശസ്ത്രക്രിയ; ആരാധകര്‍ ആശങ്കയില്‍

Saturday 3 March 2018 3:58 am IST
"undefined"

റിയോ ഡി ജനീറോ: ഫുട്‌ബോള്‍ രാജാവായ നെയ്മറുടെ പരിക്കില്‍ ബ്രസീലിലെ പ്രജകള്‍ക്ക് ആശങ്ക. റഷ്യയിലെ ലോകകപ്പില്‍ ബ്രസീലിന്റെ പ്രതീക്ഷയാണ് ഈ സ്റ്റാര്‍ സ്‌ട്രൈക്കര്‍. പരിക്ക് മൂലം നെയ്മര്‍ക്ക് ലോകകപ്പ് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

സ്വന്തം നാട്ടില്‍ അരങ്ങേറിയ കഴിഞ്ഞ ലോകകപ്പില്‍ നെയ്മറുടെ പരിക്കാണ് ബ്രസിലിന്റെ കിരീടമോഹങ്ങള്‍ തട്ടിതെറിപ്പിച്ചത്. പരിക്കേറ്റ നെയ്മറെ കൂടാതെയിറങ്ങിയ ബ്രസീല്‍ സെമിയില്‍ ജര്‍മനിയോട് ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് തകര്‍ന്നു. കൊളമ്പിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടയ്ക്കാണ് നെയ്മര്‍ക്ക് പരിക്കേറ്റത്.

ഇത്തവണയും നെയ്മറുടെ പരിക്ക് കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ബ്രസീലുകാര്‍.  ഫ്രഞ്ച് ലീഗില്‍ ഞായറാഴ്ച മാഴ്‌സെലിക്കെതിരായ മത്സരത്തിനിടയ്ക്കാണ് പിഎസ്ജി താരമായ നെയ്മര്‍ക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ നെയ്മര്‍ ഇന്ന് ബെലോ ഹോറിസോെണ്ടിലെ മാദെര്‍ ഡെയ്  ആശുപത്രില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും.

നെയ്മറുടെ പരിക്ക് ഭേദമാകാന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ സമയമെടുക്കുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറുടെ വിലയിരുത്തല്‍. ശസ്ത്രക്രിയയ്ക്ക് ശേഷമേ പൂര്‍ണായി സുഖം പ്രാപിക്കാന്‍ എത്ര സമയമെടുക്കൂയെന്ന് പറയാനാകൂയെന്ന് ലാസ്മര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ റഷ്യയിലാണ് ലോകകപ്പ് അരങ്ങേറുക. ബ്രസീലിന്റെ ആദ്യ മത്സരം 17-നാണ് . ആറാം കിരീടം ലക്ഷ്യമിടുന്ന ബ്രസീലിന് സ്വിറ്റ്‌സര്‍ലന്‍ഡാണ് ആദ്യ എതിരാളികള്‍.

കഴിഞ്ഞ തവണ കൈയെത്തും ദൂരത്ത്‌നിന്ന് നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീല്‍. പക്ഷെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറുടെ പരിക്ക് അവരെ അലട്ടുന്നു. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങള്‍ നെയ്മര്‍ക്ക് നഷ്ടമാകും. ലോകകപ്പിന് മുമ്പ് നെയ്മര്‍ സുഖം പ്രാപിക്കണേയെന്നാണ് ബ്രസീലുകാരുടെ പ്രാര്‍ത്ഥന.മാര്‍ച്ച് അവസാനം റഷ്യ, ജര്‍മിന ടീമുകള്‍ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇതുവരെ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചിട്ടില്ല.

നെയ്മറുടെ പരിക്ക് പിഎസ്ജിക്ക് തിരിച്ചടിയാകും. ബാഴ്‌സലോണയില്‍ നിന്ന് വമ്പന്‍ തുകയ്ക്ക് പിഎസ്ജിയിലെത്തിയ നെയ്മര്‍ക്കിനി ഈ സീസണില്‍ കളിക്കാനാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.