സിപിഎം വിട്ട് ബിജെപിയിലെത്തിയ യുവാവിനെ വധിക്കാന്‍ ശ്രമം

Saturday 3 March 2018 4:10 am IST

തൊടുപുഴ: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന യുവാവിനെ കല്ലിനിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. വഴിത്തല കോലടി പൈങ്ങാരപ്പിള്ളില്‍ ഉണ്ണി (28)യ്ക്കാണ് മര്‍ദ്ദനം ഏറ്റത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണി തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സമീപ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് തിരികെവരുന്ന വഴി വീടിന് സമീപത്ത് വച്ചാണ് മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍ ഒളിഞ്ഞിരുന്ന് ആക്രമിച്ചതെന്ന് ഉണ്ണി പറയുന്നു. 

സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അള്ളുങ്കല്‍ മനുമാത്യു, മനുവിന്റെ അച്ഛന്‍ മാത്യു, മാത്യുവിന്റെ സഹോദരന്‍ രാജു എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. 

സിപിഎമ്മിന്റെ നേതൃത്വത്തില്‍ കോളനിയില്‍ ആക്രമണം പതിവായതോടെ ഉണ്ണി ഉള്‍പ്പെടെ 27 പേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവരെ സ്വീകരിക്കാനായി നോട്ടീസ് അച്ചടിച്ച് ഞായറാഴ്ച സമ്മേളനം നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ തൊടുപുഴ പോലീസ് ഇന്നലെ രാത്രിയോടെ സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.