പട്ടികവര്‍ഗ്ഗ ക്ഷേമം: ചെലവഴിക്കാതെ കോടികള്‍

Saturday 3 March 2018 6:15 am IST
"undefined"

കോഴിക്കോട്: പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് ബജറ്റില്‍ നീക്കിവെച്ച തുക ഭൂരിഭാഗവും ചെലവഴിക്കാതെ ബാക്കി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് പട്ടികവര്‍ഗ്ഗ ഉപപദ്ധതിയില്‍പെടുത്തി നീക്കിവെച്ച തുക ആവശ്യക്കാര്‍ക്ക് ലഭിക്കാതെ നഷ്ടപ്പെടുന്നത്.

വനവാസി ക്ഷേമത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടപ്പാടിയില്‍ ഇന്നലെ വാഗ്ദാനം ആവര്‍ത്തിക്കുമ്പോഴും കണക്കുകള്‍ സൂചിപ്പിക്കുന്നത് ദുര്‍ബ്ബല വിഭാഗത്തിനുള്ള ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കിയില്ല എന്നു തന്നെയാണ്.

പതിനാല് ജില്ലകളിലായി 176 കോടി രൂപയാണ് പട്ടികവര്‍ഗ്ഗ ഉപ പദ്ധതിയ്ക്കായി (ടിഎസ്പി) നീക്കിവെച്ചതെങ്കിലും 59 കോടിരൂപ മാത്രമാണ് ചെലവഴിച്ചത്,  അതായത് 33 ശതമാനം മാത്രം. ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതിയും ഏറെ ദയനീയം. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ശരാശരി 33.46 ശതമാനം തുക മാത്രമാണ് ഈയിനത്തില്‍ ചെലവഴിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ അത് 31.29 ശതമാനവും ജില്ലാ പഞ്ചായത്തില്‍ അത് 36.27 ശതമാനവുമാണ്.  

വനവാസി യുവാവ് മധുവിന്റെ കൊലപാതകത്തിലൂടെ  വിവാദമായ അട്ടപാടി ബ്ലോക്കിലെ സ്ഥിതിയും ഇതുതന്നെ. മധുവിന്റെ വീട് ഉള്‍പ്പെടുന്ന അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍ ഭരിക്കുന്നത് ഇടതുപക്ഷമാണ്. അഗളി പഞ്ചായത്ത്  കാര്‍ഷിക വികസനത്തിനായി 11 ലക്ഷത്തിലേറെ രൂപയാണ് നീക്കിവെച്ചതെങ്കിലും ഒരു രൂപ പോലും  ചെലവഴിച്ചില്ല. 

കക്കൂസ് നിര്‍മ്മാണം, പണി പൂര്‍ത്തിയാകാത്ത വീടുകളുടെ പുനരുദ്ധാരണം എന്നിവയ്ക്കായി 80 ലക്ഷത്തി എഴുപത്തയ്യായിരമാണ്   ചെലവഴിച്ചത് 8,40,000 രൂപമാത്രം. കോളനിയില്‍ നരക സമാനമായ ജീവിതം തള്ളിനീക്കുമ്പോഴാണ് പണം ബജറ്റ് പ്രഖ്യാപനത്തില്‍ ഒതുങ്ങിപ്പോയിരിക്കുന്നത്. പോഷകാഹാര വിതരണം ശാരീരിക മാനസിക ബുദ്ധിമുട്ടുകളുള്ളവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ജാഗ്രതാ സമിതി രൂപീകരണം എന്നിവയ്ക്ക് വേണ്ടി ഗോത്രവര്‍ഗ്ഗ വിഭാഗത്തിനു വേണ്ടി നീക്കിവെച്ച തുകയുടെ ഗതിയും ഇതു തന്നെ. 

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണത്തിലും അഗളി സമ്പൂര്‍ണ പരാജയമാണ്. പതിനാലു ലക്ഷം രൂപ വകയിരുത്തിയെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.