സുഗന്റെ ആത്മഹത്യ: അന്വേഷണം സിപിഎമ്മിലേക്ക്

Saturday 3 March 2018 3:40 am IST

പത്തനാപുരം: സിപിഐക്കാരുടെ ഭീഷണിമൂലം ഇളമ്പലില്‍ പ്രവാസി സംരംഭകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സിപിഎമ്മിലേക്കും അന്വേഷണം നീളുന്നു. സിപിഎം നേതാവും വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സി. വിജയനെ പോലീസ് ചോദ്യം ചെയ്തു. തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സുഗതന്‍ വര്‍ക്ക് ഷോപ്പ് തുടങ്ങുന്നതിന് പഞ്ചായത്ത് പ്രസിഡന്റിന് പണം നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയനെ ചോദ്യം ചെയ്തത്. എന്നാല്‍ ബന്ധുക്കളുടെ ആരോപണം സ്ഥിരീകരിക്കാനായില്ല. ഇതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു. 

പ്രസിഡന്റിന്റെ വാക്കാലുള്ള ഉറപ്പിലാണ് സുഗതന്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിച്ചത്. ഉദ്ഘാടന വേളയില്‍ പഞ്ചായത്ത് അനുമതി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്കും ഇത് സംബന്ധിച്ച അറിവുണ്ടായിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. 

ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ വേണ്ടിയാണ് എഐവൈഎഫ്, സിപിഐ പ്രവര്‍ത്തകര്‍ കൊടിനാട്ടിയത്. കൊടിനാട്ടിയ വിവരം പഞ്ചായത്ത് പ്രസിഡന്റിനോട് സുഗതന്‍ പറഞ്ഞെങ്കിലും അദ്ദേഹം കൈയൊഴിയുകയായിരുന്നു. ഇതാണ് പെട്ടെന്ന് ആത്മഹത്യ ചെയ്യാനുള്ള കാരണമായതെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് വര്‍ക്ക്‌ഷോപ്പിന്റെ പേരില്‍ ഇടതുനേതാക്കള്‍ കൊണ്ടുപോയതില്‍ വലിയ മനോവിഷമത്തിലായിരുന്നു സുഗതന്‍. 

കേസില്‍ അറസ്റ്റിലായ എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂര്‍ കിഴക്കതില്‍ വീട്ടില്‍ എം.എസ്. ഗിരീഷ് (31), സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം ഇളമ്പല്‍ ചീവോട് പാലോട്ട് മേലതില്‍ ഇമേഷ് (34), ചീവോട് സതീഷ് ഭവനില്‍ സതീഷ് (32) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. 

മൂന്നുപേരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം പുനലൂര്‍ കോടതിയെ സമീപിച്ചു. അപേക്ഷ പരിഗണിച്ച കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെന്ന ആരോപണവും അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.