സിപി‌എം കടപുഴകി; ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്

Saturday 3 March 2018 11:40 am IST

അഗര്‍ത്തല: രാജ്യം ഉറ്റുനോക്കുന്ന ത്രിപുരയില്‍ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കവെ സിപിഎമ്മിനെ പിറകിലാക്കി ബിജെപി 40 സീറ്റുകളുമായി മുന്നിലെത്തി. 25 വര്‍ഷം നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച്‌ ബിജെപി ത്രിപുരയില്‍ ഭരണത്തിലേറിയിരിക്കുകയാണ്.  ബിജെപിക്ക് ഒറ്റയ്ക്ക് തന്നെ ഭരണത്തിലേറാവുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇടതുപക്ഷം വെറും 18 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

60 അംഗ നിയമസഭയിലെ 59 മണ്ഡലങ്ങളിലേക്കാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്. കേവലഭൂരിപക്ഷത്തിന് 31 സീറ്റുകളാണ് വേണ്ടത്. 40 സീറ്റുകളോടെ വ്യക്തമായ മുന്‍തൂക്കമാണ് ബിജെപയും സഖ്യകക്ഷിയും നേടിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഇടതുപക്ഷം ഏറ്റുവാങ്ങിയിരിക്കുന്നത്. മണിക് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് അന്ത്യം കുറിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ത്രിപുരയില്‍ ഇത്തവണ ബിജെപി കച്ചമുറുക്കി ഇറങ്ങിയത്. അത് ഫലപ്രാപ്തിയില്‍ എത്തിയെന്നാണ് വോട്ടെണ്ണല്‍ തെളിയിക്കുന്നതും.

കഴിഞ്ഞ തവണ ഒന്നര ശതമാനം വോട്ടുകള്‍ മാത്രം നേടിയ ബിജെപിയാണ് സഖ്യകക്ഷിയുമായി ചേര്‍ന്ന് ഇത്തവണ 40 ലേറെ സീറ്റുകളും 45 ശതമാനത്തിലേറെ വോട്ടുകളും സ്വന്തമാക്കിയിരിക്കുന്നത്.  ബിജെപി വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് വന്‍ ആഘോഷം നടക്കുകയാണ്.

മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. നാഗാലാന്‍ഡില്‍ ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.