ഒരു സ്വപ്‌നത്തിലേയ്ക്കുള്ള ദൂരം...

Sunday 4 March 2018 2:45 am IST
ശ്രീ ഗുരുവായൂരപ്പനാണ് മുജ്ജന്മസുകൃതംപോലെ ഈശ്വരന്മാരെ വരച്ചുജീവിക്കാനുള്ള നിയോഗം നല്‍കിയത്. ഭഗവാന്റെ തിരുനടയില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം ചുവര്‍ചിത്ര പഠനകേന്ദ്രത്തില്‍ നിന്നാണ് ഈ കലയില്‍ അഞ്ച് വര്‍ഷത്തെ നാഷണല്‍ ഡിപ്ലോമ പഠിച്ചിറങ്ങുന്നത്.
"undefined"

രാജേന്ദ്രന്‍ കര്‍ത്ത എന്ന ചുവര്‍ചിത്രക്കാരനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ  മോഹത്തിന് ഒരു സ്വപ്‌നത്തോളംതന്നെ അകലമുണ്ടായിരുന്നു.  ഒരു ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പഞ്ചരങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭാഗങ്ങളും പ്രകൃതിദത്തമായ ശൈലിയില്‍  മനോഹരങ്ങളായ ചുവര്‍ചിത്രങ്ങള്‍ വരയ്ക്കുക എന്നത്  ഒരിക്കലും യാഥാര്‍ത്ഥ്യമാവാന്‍ സാധ്യതയില്ലാത്ത ഒരു പകല്‍ക്കിനാവായി അവശേഷിക്കും എന്നുതന്നെ കരുതി. 

സാക്ഷാത്കാരത്തിന്റെ ഫോണ്‍ കോള്‍

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ആ ഫോണ്‍ കോള്‍ രാജേന്ദ്രനെ തേടിയെത്തുന്നത്. കൂത്താട്ടുകുളം ഓണംകുന്ന് ദേവസ്വം ചെയര്‍മാന്‍ ആര്‍. ശ്യാംദാസാണ് മറുതലയ്ക്കല്‍. സുഹൃത്തായ ഷാജിയില്‍ നിന്നാണ് മ്യൂറല്‍ പെയിന്റിംഗില്‍ ചുരുങ്ങിയ കാലംകൊണ്ട് വ്യക്തിമുദ്രപതിപ്പിച്ച ഈ കലാകാരനെക്കുറിച്ച് അദ്ദേഹം അറിയുന്നത്. ഓണംകുന്ന് ഭഗവതിക്ഷേത്രത്തില്‍ നടത്തിയ പ്രശ്‌നവിധിപ്രകാരം സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം അവിടെ കണ്ടിരിക്കുന്നു. ഭഗവാനായി പ്രത്യേകം ക്ഷേത്രം തന്നെ പണിയാന്‍ തീരുമാനിച്ചു. അതിന്റെ ശ്രീകോവിലിലേയ്ക്ക് ശ്രീകൃഷ്ണനെ സംബന്ധിച്ച കഥകള്‍ ചുവര്‍ചിത്ര ശൈലിയില്‍ ചിത്രീകരിക്കാന്‍ കലാകാരനെ തേടുകയാണ്. സംസാരിക്കണം, ഇതായിരുന്നു ആവശ്യം. രാജേന്ദ്രന്‍ ചെന്നു, സംസാരിച്ചു.  ദേവസ്വം ചുവര്‍ചിത്ര പഠനകേന്ദ്രത്തില്‍നിന്നും പഠിച്ചിറങ്ങിയ മറ്റ് ചിത്രകാരന്മാരുള്‍പ്പെടെ ഈ വര്‍ക്കിനുവേണ്ടി പലരും ശ്രമിച്ചിരുന്നെങ്കിലും ഒടുവില്‍ നറുക്ക് വീണത് ഇദ്ദേഹത്തിനാണ്. അങ്ങനെ  ശ്രീകോവിലില്‍ ചുവര്‍ചിത്രങ്ങള്‍ വരയ്ക്കാനുള്ള ഉത്തരവാദിത്തം രാജേന്ദ്രനെ ഏല്‍പ്പിച്ചു. ഭരണസമിതിയുടെ ആ തീരുമാനമാകട്ടെ ആത്യന്തികമായി പ്രതിഭാധനനായ ഒരു കലാകാരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയായിരുന്നു. അങ്ങനെ ഏറെനാളായുള്ള രാജേന്ദ്രന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. 

വര്‍ണ്ണ വിസ്മയത്തിന്റെ ശ്രീകോവില്‍

സുശ്യാമകോമള വിശാലതനും വിചിത്രം

വാസോവസാനമരുണോത് പലഭാമഹസ്തം

ഉത്തുംഗരത്‌നമകുടം കുടിലാഗ്രകേശം

ശാസ്താരമിഷ്ടവരദം ശരണം പ്രപദ്യേ.

ശാസ്താവിനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള സംസ്‌കൃത ധ്യാനശ്ലോകങ്ങളില്‍ ഒന്ന്. നല്ല പച്ചനിറത്തോടെ കോമളനായിരിക്കുന്ന വലിയ ശരീരമുള്ളവനും ഭംഗിയുള്ള പട്ടുടുത്തവനും കൈകളില്‍ ചെന്താമരപ്പൂമാല പിടിച്ചിട്ടുള്ളവനും ഉയര്‍ന്ന രത്‌നകിരീടത്തോടുകൂടിയവനും അറ്റം ചുരുണ്ട  മുടിയുള്ളവനും ഇഷ്ടപ്പെട്ടവരം തരുന്നവനുമായ ശാസ്താവിനെ ഞാന്‍ ശരണം പ്രാപിക്കുന്നു എന്നാണ് ശ്ലോകത്തിന്റെ അര്‍ത്ഥം. 

പച്ചശരീരത്തോടെ കയ്യില്‍ രണ്ടിലും ചെന്താമരപ്പൂമാലയും പിടിച്ചിരിക്കുന്ന അയ്യപ്പസ്വാമിയെ എത്രപേര്‍ ചിത്രകലയിലൂടെ അതും ചുവര്‍ചിത്രം പോലെയുള്ള മഹത്തായ കലയിലൂടെ ദര്‍ശിച്ചിട്ടുണ്ട്. ഭഗവാന്റെ ചേതോഹരമായ അത്തരം രംഗം കാണാനാഗ്രഹിക്കുന്നവര്‍ ഇനി കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ വരിക.  അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ശ്രീകോവിലിലെ തെക്കെഭിത്തിയില്‍  ആരേയും വിസ്മയപ്പെടുത്തുന്ന രീതിയില്‍ ശാസ്താവിന്റെ മേല്‍പറഞ്ഞവിധമുള്ള ചിത്രീകരണം കാണാം. ഈ മദനഗോപാലം, കാളിയമര്‍ദ്ദനഗോപാലം, ഗണപതി... തുടങ്ങിയ ദൈവരൂപങ്ങളുടെയെല്ലാം മ്യൂറല്‍ ശൈലിയില്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.  ഗുരുവായൂരപ്പന്റെയും പ്രസ്തുത ക്ഷേത്രത്തിലെ തന്നെ പ്രതിഷ്ഠയെ മുന്‍നിര്‍ത്തി രചിച്ച ഇരുകൈകളിലും വെണ്ണയും പിടിച്ചുനില്‍ക്കുന്ന ഉണ്ണിക്കണ്ണന്റെയും ഭഗവതിയുടേയും മാനും, പാമ്പും മയിലുമെല്ലാം ഉള്‍പ്പെടുന്ന പക്ഷിമൃഗാദികള്‍ അങ്ങനെ ഏതാണ്ട് മുപ്പതോളം കഥാപാത്രങ്ങളെ ചുവര്‍ചിത്രശൈലിയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

ചുവര്‍ചിത്രരചനയ്ക്കുമാത്രമായി ഈ ശ്രീകോവിലില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്  170 ചതുരശ്ര അടിക്കുമുകളില്‍ വരുന്ന വര്‍ക്കിംഗ് ഏരിയയാണ്. 63 ദിവസങ്ങള്‍ കൊണ്ടാണ് വര പൂര്‍ത്തിയാക്കിയത്. പലവിധ ശാരീരിക ബുദ്ധിമുട്ടുകളും അന്നാളുകളില്‍ നേരിട്ടെങ്കിലും  ഗുരുവായൂരപ്പന്റെ അനുഗ്രഹത്താല്‍  ചുവര്‍ചിത്രരചന ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന് ഈ കലാകാരന്‍ പറയുന്നു. 

ശ്രീ ഗുരുവായൂരപ്പനാണ് മുജ്ജന്മസുകൃതംപോലെ ഈശ്വരന്മാരെ വരച്ചുജീവിക്കാനുള്ള നിയോഗം നല്‍കിയത്. ഭഗവാന്റെ തിരുനടയില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം ചുവര്‍ചിത്ര പഠനകേന്ദ്രത്തില്‍ നിന്നാണ് ഈ കലയില്‍ അഞ്ച് വര്‍ഷത്തെ നാഷണല്‍ ഡിപ്ലോമ പഠിച്ചിറങ്ങുന്നത്. അതിനുംമുമ്പ് ചിത്രകലയില്‍ നാല് വര്‍ഷത്തെ പഠനം പൂര്‍ത്തീകരിച്ചിരുന്നു. ചുരുക്കത്തില്‍ കലാകാരനാവാന്‍വേണ്ടി ഒമ്പത് വര്‍ഷത്തോളം പഠിച്ചുനടന്നു. അത് പക്ഷെ, വെറുതെ സമയം പാഴാക്കുന്ന പ്രവര്‍ത്തിയായിരുന്നില്ലെന്ന് കാലം തെളിയിച്ചു. ചുവര്‍ചിത്ര രചന പഠിച്ചുകൊണ്ടിരിക്കുമ്പോള്‍  ലളിതകല അക്കാദമിയുടെ സ്‌കോളര്‍ഷിപ്പില്‍ മ്യൂറല്‍ പെയിന്റിംഗില്‍ ഏകാംഗപ്രദര്‍ശനത്തിന് അവസരം ലഭിക്കുന്നത്. ചുവര്‍ ചിത്രങ്ങള്‍മാത്രം ഉള്‍പ്പെടുത്തി അതും അക്കാദമി സെലക്ഷനില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍. നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു; ഭഗവാന്റെ തിരുസന്നിധിയില്‍നിന്നും ഈ തൊഴില്‍ അഭ്യസിച്ചിറങ്ങിയിട്ട്. ഇതിനിടയില്‍ പ്രതിഭയുടെ സാക്ഷ്യപത്രവുമായി ഈ കലാകാരനെ തേടിവന്നിട്ടുള്ള അംഗീകാരങ്ങള്‍ നിരവധി. ഏറ്റവും മികച്ച ചിത്രകാരനുള്ള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡിന് എട്ട് വര്‍ഷം മുമ്പ്തന്നെ രാജേന്ദ്രന്‍ അര്‍ഹനായി. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് അര്‍ഹമായ അനന്തശയനം എന്ന കലാസൃഷ്ടി ചുവര്‍ചിത്രശൈലിയിലുള്ള രേഖകള്‍കൊണ്ടും മറ്റ് അലങ്കാരങ്ങള്‍കൊണ്ടും സമ്പന്നമായിരുന്നു. എന്നാല്‍, ആ രചന ഒരു ചുവര്‍ചിത്രമായിരുന്നില്ലെന്ന വലിയ പ്രത്യേകതയുണ്ട്. അതിനും നാല് വര്‍ഷങ്ങള്‍ക്കുമുമ്പാണ് 2003ല്‍ ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡിന് അര്‍ഹനാവുന്നത്. 2006ല്‍ മികച്ച ചിത്രകാരനുള്ള അദ്ധ്യാപക കലാവേദിയുടെ സംസ്ഥാനപുരസ്‌കാരം 'കല്‍ഭരണിയിലെ മ്യൂറല്‍പെയിന്റിംഗ്' എന്ന കലാസൃഷ്ടിക്ക് ലഭിച്ചു. പ്രശസ്ത കലാകാരനായിരുന്ന അന്തരിച്ച എം.വി. ദേവന്‍ പ്രസിഡന്റ് പദം അലങ്കരിച്ചിരുന്ന ആക്മി എന്ന സംഘടന (അഇങക ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യ) 35 വയസ്സിന് താഴെയുള്ള കേരളത്തിലെ ഏറ്റവും പ്രതിഭയുള്ള കലാകാരന് നല്‍കിവന്നിരുന്ന 'യുവകലാരത്‌നം' ബഹുമതിക്ക് 2008ല്‍ തിരഞ്ഞെടുക്കപ്പെട്ടു. അക്കാദമിയുടെ സംസ്ഥാന വാര്‍ഷിക പ്രദര്‍ശനങ്ങളില്‍ ഒട്ടുമിക്കപ്പോഴും ഇദ്ദേഹത്തിന്റെ രചനകള്‍ക്ക് ഇടം ലഭിക്കാറുണ്ട്. 

ലളിതകലാ അക്കാദമിയുടെതന്നെ സഞ്ചരിക്കുന്ന ചിത്രശാലയുടെ പെയിന്റിംഗ് ക്യാമ്പ്, നവവത്സര വര്‍ണോത്സവം, നിറക്കൂട്ടം, റെവല്യൂഷന്‍ ഇയര്‍ ആര്‍ട്ട് ക്യാമ്പ്... തുടങ്ങിയ ശ്രദ്ധേയങ്ങളായ പല ക്യാമ്പുകളിലും പെയ്ന്റിംഗ് എക്‌സിബിഷനുകള്‍ നടത്താനും അവസരം ലഭിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് ബെംഗളൂരില്‍ മ്യൂറല്‍ പെയിന്റിംഗിനെ ആധാരമാക്കി നടത്തിയ പഞ്ചവര്‍ണ്ണം വര്‍ക്ക്‌ഷോപ്പിലേയ്ക്കും തുടര്‍ന്നുനടന്ന എക്‌സിബിഷനിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരികവിഭാഗം 2016ല്‍ നടത്തിയ മ്യൂറല്‍ പെയിന്റിംഗ് ക്യാമ്പിലും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ പോണ്ടിച്ചേരിയില്‍ സംഘടിപ്പിച്ച ട്രഡീഷണല്‍ ക്യാമ്പിലും ചുവര്‍ചിത്രങ്ങള്‍ രചിച്ച് സാന്നിദ്ധ്യമറിയിച്ചു. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെയും കേരള ലളിതകലാ അക്കാദമിയുടെയും സഹകരണത്തോടെ ഒരു ഇന്റര്‍നാഷണല്‍ ക്യാമ്പ് 2013ല്‍ കോട്ടയത്ത് സംഘടിപ്പിക്കപ്പെട്ടിരുന്നു. വിവിധതരം മ്യൂറലുകളാല്‍ കേരളത്തിലെ ഒരു വലിയ പട്ടണം മുഴുവന്‍ അലങ്കരിക്കുകയെന്ന ലക്ഷ്യത്തോടെ 'ചുവര്‍ചിത്രനഗരി' എന്ന പേരില്‍ നടന്ന ശ്രദ്ധേയമായ ക്യാമ്പ് വിദേശരാജ്യങ്ങളിലുള്‍പ്പെടെ മാധ്യമശ്രദ്ധ നേടുകയുണ്ടായി. പുറംരാജ്യങ്ങളില്‍ നിന്നടക്കമുള്ള ഏറെ ശ്രദ്ധേയരായ കലാകാരന്മാര്‍ പ്രസ്തുത ക്യാമ്പിലുണ്ടായിരുന്നു. സ്വന്തം പ്രതിഭ ഒന്നുകൊണ്ട് മാത്രമാണ് ആ വര്‍ക്ക്‌ഷോപ്പില്‍ ഈ കലാകാരനും ഇടംനേടാനായത്.

 വൈക്കം മഹാദേവക്ഷേത്രം, തിരുന്നക്കരക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, ശ്രീകുറുമ്പ ഭഗവതിക്ഷേത്രം തുടങ്ങിയ പേര്‌കേട്ട ദേവാലയങ്ങളില്‍ കലാസൃഷ്ടി നടത്തുവാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ഇന്ത്യന്‍ നേവിയുടെ മുന്‍ ക്യാപ്റ്റന്‍ സി.പി. ഗിരിലാലിന്റെ കൊച്ചിയിലെ ബംഗ്ലാവിലെ 'പാര്‍വ്വതീചമയം' എന്നകൂറ്റന്‍ ചുവര്‍ചിത്രം ഇദ്ദേഹത്തിന്റെതാണ്. നടന്‍ മോഹന്‍ലാല്‍, ഗായകന്‍ എം.ജി. ശ്രീകുമാര്‍, ശില്പി കാനായികുഞ്ഞിരാമന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, രമേഷ് നാരായണന്‍, ഉണ്ണികൃഷ്ണന്‍ പുത്തൂരിനേപ്പോലെയുള്ള പ്രമുഖ സാഹിത്യകാരന്മാര്‍ തുടങ്ങി നിരവധി പേര്‍ രാജേന്ദ്രന്‍ കര്‍ത്തയുടെ ചുവര്‍ചിത്രങ്ങള്‍ക്കണ്ട് നല്ല അഭിപ്രായം പറഞ്ഞതും അംഗീകാരമായി രാജേന്ദ്രന്‍ കരുതുന്നു. 

ഇംഗ്ലണ്ടിലും ആസ്‌ത്രേലിയയിലും ദുബായിലുമുള്ള സ്വകാര്യ ഭവനങ്ങള്‍ക്കുവേണ്ടിയും സൃഷ്ടികള്‍ വരച്ചുനല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു തീരാദുഃഖം ഇന്നും രാജേന്ദ്രനുണ്ട്.  ഒരു ഒറിജിനല്‍ കലാസൃഷ്ടി, അതും ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഈ കലാകാരന്റെ സൃഷ്ടികള്‍ കണ്ട് എറണാകുളം ദര്‍ബാര്‍ഹാളില്‍വച്ച് വരച്ചുനല്‍കിയ ഒരു കൊമ്പനാനയുടെ ഡ്രോയിംഗ് ഒരു പത്രപ്രവര്‍ത്തകന്‍ കാരണം നഷ്ടമായി.  ഗുരുവായൂര്‍ ദേവസ്വം ചുവര്‍ചിത്ര പഠനകേന്ദ്രം രാജേന്ദ്രനുള്‍പ്പെടെ 10 വിദ്യാര്‍ത്ഥികളെ ചുവര്‍ചിത്ര പഠനത്തിനായി തിരഞ്ഞെടുത്ത ജൂറിയുടെ അന്നത്തെ ചെയര്‍മാന്‍കൂടിയായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി. അദ്ദേഹത്തിന്റെ അവസാനവാക്കിലാണ് ഈ കലാകാരന്‍ അന്ന് തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കയ്യൊപ്പോടുകൂടി, അദ്ദേഹം വരച്ചുതന്ന, രാജേന്ദ്രന്‍ എന്ന കലാകാരനെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത ആ നിധിയാണ് കൈമോശം വന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.