പുറമെ നിന്നുള്ള വൈദ്യുതി വിഹിതം കൂടി

Sunday 4 March 2018 2:06 am IST
"undefined"

ഇടുക്കി: മൂന്ന് ദിവസമായി കൂടംകുളം നിലയത്തിലെ തകരാറും അവധിയും മൂലം കുറഞ്ഞ കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം ഭാഗികമായി പുനഃസ്ഥാപിച്ചു. ഇതോടെ ഇടുക്കി പദ്ധതിയില്‍ നിന്നുള്ള ഉത്പാദനം പാതിയായി കുറച്ചു.

ഇന്നലെ രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 73.2375 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ മൊത്തം ഉപഭോഗം. 19.9725 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ കേന്ദ്രപൂളില്‍ നിന്നടക്കം പുറമെ നിന്ന് എത്തിച്ചത് 53.265 ദശലക്ഷം യൂണിറ്റ് ആണ്. വ്യാഴാഴ്ച വരെ ഇത് 47 ദശലക്ഷം യൂണിറ്റായിരുന്നു. ഇതേ ദിവസം 27.1202 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉത്പാദനം, റെക്കോര്‍ഡ് ഉത്പാദനമാണിത്. 

കൂടംകുളത്തെ ജനറേറ്ററുകളുടെ തകരാര്‍ പൂര്‍ണ്ണമായും പരിഹരിക്കാനായിട്ടില്ല. അതേസമയം ഛത്തീസ്ഗഡിലെ ജിന്‍ഡാല്‍ കല്‍ക്കരി പ്ലാന്റില്‍ ഉത്പാദനം പുനഃസ്ഥാപിച്ചതാണ് വൈദ്യുതി വിഹിതം കൂടാന്‍ കാരണമായത്. ഹോളി അവധി മൂലം കല്‍ക്കരി ലഭിക്കാതെ വന്നതാണ് ഉത്പാദനം ഇടിയാന്‍ കാരണമായത്. 1000 മെഗാവാട്ടിന്റെ കുറവാണ് ഇതുമൂലം സംസ്ഥാനത്ത് ഉണ്ടായിരുന്നത്, ഇതില്‍ 700 മെഗാവാട്ട് വരെ കിട്ടിത്തുടങ്ങിയിട്ടുണ്ട്. കൂടംകുളം കൂടി പഴയ അവസ്ഥയിലെത്തിയാല്‍ സംസ്ഥാനത്തെ ഉത്പാദനം പഴയപടി ആകുമെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ജലനിരപ്പ് 58 ശതമാനം

കെഎസ്ഇബിക്ക് കീഴിലുള്ള 16 സംഭരണികളിലെ ജലനിരപ്പ് 58 ശതമാനം ആണ്. 2394.947 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇതുപയോഗിച്ച് ഉത്പാദിപ്പിക്കാനാകും. 4.0282 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളം വെള്ളിയാഴ്ച ഒഴുകിയെത്തി.

പത്ത് ദിവസമായി 11-12 ദശലക്ഷം യൂണിറ്റ് വരെ എത്തിയ ഇടുക്കിയിലെ ഉത്പാദനം 6.994 ആയാണ് വെള്ളിയാഴ്ച കുറഞ്ഞത്. 2356.86 അടിയാണ് സംഭരണിയിലെ ജലശേഖരം, 51.628 ശതമാനം. ഇതുപയോഗിച്ച് 1108.975 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.