കാര്‍ഷിക വായ്പാ തട്ടിപ്പ്; ജീവനക്കാരെ ബലിയാടാക്കി വൈദികനെ രക്ഷിക്കാന്‍ നീക്കം

Sunday 4 March 2018 2:22 am IST

ആലപ്പുഴ: കുട്ടനാട്ടിലെ കാര്‍ഷിക വായ്പ തട്ടിപ്പ് കുട്ടനാട് വികസന സമിതി ജീവനക്കാരിലും, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച എന്‍സിപി നേതാവിലും അന്വേഷണം ഒതുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കമെന്ന് ആക്ഷേപം ഉയരുന്നു.

കുട്ടനാട് വികസനസമതി ഡയറക്ടറായ ഫാ. തോമസ് പീലിയാനിക്കലിനെ അന്വേഷണപരിധിയില്‍ ഇതുവരെ ഉള്‍പ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. വൈദികനിലേക്ക് അന്വേഷണം നീളാതിരിക്കാന്‍ ഭരണ, പ്രതിപക്ഷ മുന്നണികളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമാണ് അന്വേഷണ സംഘത്തിനുള്ളത്. കഴിഞ്ഞ ദിവസം കുട്ടനാട് വികസന സമിതി ഓഫീസിലെത്തി ജീവനക്കാരില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. എന്നാല്‍ ഫാ. പീലിയിനിക്കലിനെ ഒഴിവാക്കി. 

വികസന സമിതിയെ പൂര്‍ണമായി നിയന്ത്രിക്കുന്ന വൈദികന് തട്ടിപ്പുമായി ബന്ധമില്ലെന്നും ഓഫീസ് ജീവനക്കാരും വില്ലേജ് കണ്‍വീനറായി പ്രവര്‍ത്തിച്ച എന്‍സിപി നേതാവുമാണ് ക്രമക്കേടും തട്ടിപ്പും നടത്തിയതെന്ന പ്രചാരണം വൈദികനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിനെ പിന്തുണയ്ക്കുന്ന രീതിയിലാണ് അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. 

തട്ടിപ്പ് സംബന്ധിച്ച് ഇതുവരെ പരസ്യമായി പ്രതികരിക്കാന്‍ വൈദികനോ, ചങ്ങനാശ്ശേരി അതിരൂപതയോ, കാനറാ ബാങ്ക് അധികൃതരോ തയ്യാറായിട്ടില്ല. കുട്ടനാട് വികസന സമിതിയും ബാങ്ക് അധികൃതരും കാലങ്ങളായി പുറംലോകം അറിയാതെ നടത്തിയ തട്ടിപ്പ് എന്‍സിപിയിലെ ഗ്രൂപ്പ് വൈരത്തിന്റെ ഭാഗമായി മാധ്യമങ്ങളില്‍ വാര്‍ത്തയായതാണ് തട്ടിപ്പ് സംഘത്തിന് വിനയായത്. 

അല്ലാത്ത പക്ഷം പണം അടച്ചു തീര്‍ത്ത് പ്രശ്‌നം പരിഹരിക്കുമായിരുന്നു. കര്‍ഷകരുടെ പേരിലെടുത്ത കൂടുതല്‍ വായ്പകളില്‍ ക്രമക്കേടു നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആരോപണ വിധേയനായ എന്‍സിപി നേതാവും, വൈദികനും കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ ശ്രമം തുടങ്ങിയതായും വിവരം ഉണ്ട്. 

അതിനിടെ കുട്ടനാട് വികസന സമിതിയുമായി രൂപതയ്ക്ക് ബന്ധമില്ലെന്ന പ്രചാരണവും തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ കുരുക്കിലേക്ക് നീങ്ങിയാല്‍ ഫാ. പീലിയാനിക്കലിനേയും വികസന സമിതിയേയും രൂപത തള്ളി പറയാനാണ് സാദ്ധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.