കേരളത്തിന്റെ നാല് പുതിയ ടൂറിസം പദ്ധതികള്‍ കേന്ദ്ര പരിഗണനയില്‍

Sunday 4 March 2018 2:08 am IST
"undefined"

തിരുവനന്തപുരം: കേരളത്തിന്റെ നാല് പുതിയ ടൂറിസം പദ്ധതികള്‍ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ടൂറിസം ഡയറക്ടര്‍ ജനറല്‍ സത്യജിത്ത് രാജന്‍. മലനാട്-മലബാര്‍ ക്രൂയിസ് ടൂറിസം, അതിരപ്പിള്ളി- മലയാറ്റൂര്‍-കാലടി-കോടനാട് സര്‍ക്യൂട്ട്, ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുള്‍പ്പെടുന്ന സര്‍ക്യൂട്ട്, നിള ഗ്രാമീണ വികസനം  തുടങ്ങിയ പദ്ധതികളാണവ

വിവിധ വിനോദ സഞ്ചാര പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് സംസ്ഥാന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവയില്‍ മലനാട്-മലബാര്‍ ടൂറിസം പദ്ധതിയുടെയും ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുള്‍പ്പെടുന്ന സര്‍ക്യൂട്ടിന്റെയും പുതുക്കിയ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സ്വദേശി സര്‍ക്യൂട്ടിലുള്‍പ്പെടുത്തി 90 കോടി രൂപ ചെലവു വരുന്ന പത്തനംതിട്ട ഗവി, വാഗമണ്‍, തേക്കടി ഇക്കോ ടൂറിസം പദ്ധതി, ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും  ഉള്‍പ്പെടുന്ന 192 കോടി രൂപയുടെ രണ്ട് സ്പിരിച്വല്‍ സര്‍ക്യൂട്ടുകള്‍, 40 കോടി രൂപയുടെ ഗുരുവായൂര്‍ ഉള്‍പ്പെടുന്ന പ്രസാദ് പദ്ധതി എന്നിവ ഇക്കൊല്ലം ജൂണിനു മുമ്പ് പൂര്‍ത്തിയാകുമെന്ന് സത്യജിത്ത് രാജന്‍ അറിയിച്ചു.

ഇവയില്‍ ചില പദ്ധതികള്‍ക്ക് വനം വകുപ്പിന്റെ അനുമതി ലഭിക്കുന്നതിന് തടസ്സം നീക്കിക്കിട്ടാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വനം നിയമങ്ങളും സുപ്രീംകോടതി വിധികളും ലംഘിക്കാതെ തന്നെ വനത്തിനുള്ളില്‍ താല്‍ക്കാലിത നിര്‍മ്മിതികള്‍ ഉണ്ടാക്കുന്ന മധ്യ പ്രദേശിന്റെ മാതൃക അനുകരണീയമാണെന്ന് കേന്ദ്ര ടൂറിസം ഡി.ജി ചൂണ്ടിക്കാട്ടി.

 ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള പത്മതീര്‍ത്ഥക്കുളത്തിന്റെ കല്‍മണ്ഡപങ്ങള്‍ പൊളിച്ചതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്ന് സത്യജിത്ത് രാജന്‍ അറിയിച്ചു. ക്ഷേത്രത്തിനു പുറത്ത് നാല് ചുറ്റിനും നടന്നു വരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റില്‍ ടൂറിസം മേഖലക്കായി വകയിരുത്തിയിട്ടുള്ള 1700 കോടി രൂപയില്‍ 1000 കോടി രൂപ സ്വദേശി ദര്‍ശന്‍ പദ്ധതിക്കും നൂറു കോടി രൂപ പ്രസാദ് പദ്ധതിക്കുമാമെന്നും സത്യജിത്ത് രാജന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.