നഴ്‌സുമാരുടെ സമരം: ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച

Sunday 4 March 2018 2:16 am IST

തിരുവനന്തപുരം: വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് നഴ്‌സസ് അസോസിയേഷന്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും.സ്വകാര്യ ആശുപത്രി മാനേജമെന്റുകളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 62,000 ഓളം വരുന്ന നഴ്‌സുമാര്‍ അനിശ്ചിത കാലത്തേക്ക് ലീവെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

ശമ്പള വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അഞ്ചാം തീയതി മുതല്‍ നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജി പ്രകാരം ഹൈക്കോടതി പണിമുടക്ക് സ്റ്റേ ചെയ്തു. തുടര്‍ന്നാണ് ആറാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യുഎന്‍എ സംസ്ഥാന യോഗം തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് ലേബര്‍ കമ്മീഷണറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്.

മാര്‍ച്ച് ആറ് മുതല്‍ സംസ്ഥാന വ്യാപകമായി സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 നഴ്‌സുമാരാണ് അവധിയെടുത്ത് പ്രതിഷേധിക്കുക. . സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള 20,000 രൂപ ശമ്പളം നല്‍കുന്ന ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കാതെ ജോലിയില്‍ പ്രവേശിക്കും. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10നായിരുന്നു നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ പല സ്വകാര്യ ആശുപത്രി മാനേജ്മെന്റും ഇത് നടപ്പാക്കാന്‍ തയ്യാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.