സിപിഎം-ബിജെപി നേരിട്ടുള്ള യുദ്ധം ഇതാദ്യം; ഞെട്ടിത്തരിച്ച് ഇടതുപാര്‍ട്ടികള്‍

Sunday 4 March 2018 2:45 am IST
"undefined"

ന്യൂദല്‍ഹി:  ആദ്യമായാണ് സിപിഎമ്മും ബിജെപിയുമായി  നേരിട്ടുള്ള മത്സരം. ഇടതു കോട്ടയായ ത്രിപുരയില്‍ ഒരുകാലത്തും പാര്‍ട്ടിക്കും സര്‍ക്കാരിനും കോട്ടം തട്ടില്ലെന്ന ഇടതു നേതാക്കളുടെ അമിതാത്മവിശ്വാസമാണ് ഇന്നലെ തകര്‍ന്നടിഞ്ഞത്. സിപിഎം നേതാക്കളെക്കാള്‍ കേരളത്തിലെ അടക്കമുള്ള സാധാരണക്കാരായ അണികള്‍ക്കാണ് ് ത്രിപുരയിലെ പരാജയത്തിന്റെ ആഘാതമേറെ ഏറ്റിരിക്കുന്നത്. ബംഗാളിലെ പരാജയത്തില്‍ നിന്ന് ഇനിയും രക്ഷനേടാത്ത സിപിഎമ്മിന് ത്രിപുര കൂടുതല്‍ തലവേദനയാകും. 

കാല്‍നൂറ്റാണ്ടായി സിപിഎം ഭരണത്തിലുള്ള ത്രിപുര തന്നെ ബദ്ധവൈരികളുടെ യുദ്ധത്തിന് വേദിയായപ്പോള്‍ പാതി ജയിച്ച മട്ടിലായിരുന്നു സിപിഎം.  ഇരുപത്തഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ അനുഭവ സമ്പത്തും ലാളിത്യവും മണിക് സര്‍ക്കാര്‍ മുന്നോട്ടു വെച്ചപ്പോള്‍ പുറംലോകമറിയാത്ത അരുംകൊലകളും തൊഴിലില്ലായ്മയും അടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങളാണ് ബിജെപി ഉയര്‍ത്തിയത്. 

ത്രിപുരയിലെ വികസനമെത്താത്ത നൂറുകണക്കിന്  ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇന്ത്യയിലെ നഗര-ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കുതിപ്പ് കാണിച്ചു കൊടുത്തത് ബിജെപിക്കാരാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രാദേശികതലങ്ങളില്‍ സമരങ്ങള്‍ സംഘടിപ്പിച്ചും കേന്ദ്രപദ്ധതികള്‍ ജനങ്ങളിലേക്കെത്തിച്ചും  രണ്ടു വര്‍ഷങ്ങളില്‍ ചിട്ടയായ പ്രവര്‍ത്തനം കാഴ്ച വെച്ചപ്പോള്‍ ത്രിപുരയിലെ ജനമനസ്സ് ബിജെപിക്കൊപ്പമായി. 

അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് സഹകരണത്തിന്റെ പേരില്‍ പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുന്ന സിപിഎമ്മിന് ത്രിപുരയിലെ പരാജയം തിരിച്ചടിയാണ്. കോണ്‍ഗ്രസ് സഹകരണമെന്ന ആവശ്യവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും രംഗത്തിറങ്ങുമെന്നുറപ്പാണ്. ഇതിനെ എതിര്‍ത്തുകൊണ്ട് പ്രകാശ് കാരാട്ടും കേരളാ ഘടകവും നിലപാടിലുറച്ചു നിന്നാല്‍ പാര്‍ട്ടിയില്‍ അനിവാര്യമായ പിളര്‍പ്പാവും ഫലം. ഇടതുപാര്‍ട്ടികളും ത്രിപുരയിലെ വലിയ തോല്‍വിയില്‍ ആശങ്കയിലാണ്. ബിജെപിക്ക് ദേശീയ ബദലൊരുക്കാന്‍ മത്സരിക്കുന്ന സിപിഎമ്മിന്റെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നത് കാണാനാവുന്നില്ല എന്നതാണ് മറ്റ് ഇടതുപാര്‍ട്ടികളുടെ പരാതി. 

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് തകര്‍ന്നടിഞ്ഞ സിപിഎമ്മിന് മൂന്നര പതിറ്റാണ്ടിന്റെ ഭരണമാണ് വിട്ടൊഴിയേണ്ടിവന്നത്. കാല്‍നൂറ്റാണ്ടിന്റെ ഭരണപാരമ്പര്യം ഉപേക്ഷിച്ച് ത്രിപുരയും പാര്‍ട്ടിയെ കൈവിട്ടിരിക്കുന്നു. ഇനി ബാക്കിയുള്ളത് കേരളമാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.