രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഭരണ പക്ഷത്തിനു വലിയ പങ്ക് : പഠന റിപ്പോര്‍ട്ട്

Sunday 4 March 2018 2:45 am IST
"undefined"

തിരുവനന്തപുരം: സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന രാഷ്ട്രീയ അക്രമ സംഭവങ്ങളിലും കൊലപാതകങ്ങളിലും ഭരണ പക്ഷത്തിനു വലിയ പങ്കാണുള്ളതെന്ന് പഠന റിപ്പോര്‍ട്ട്. നിയമ- ക്രമസമാധാന പാലന ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായ പരാജയം പ്രശ്നത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതായി ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോള്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തി. ജമ്മു കാശ്മീര്‍ മുന്‍ ചീഫ് ജസ്റ്റീസ് ബി.സി. പട്ടേല്‍, എയിംസ് മുന്‍ ഡയറക്ടര്‍ ഡോ ടി.ഡി. ദോഗ്ര, ഛത്തീസ്ഗഡ് അഡ്വക്കേറ്റ് ജനറല്‍ ബി. ഗോപകുമാര്‍ പിള്ള, പ്രഭാകുമാരി, സിദ്ദാര്‍ത്ഥ ദേവ് എന്നിവരടങ്ങിയ കമ്മറ്റിയാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പോലീസിന്റെ ഭാഗത്തുനിന്നും ക്രമസമാധാനം നിലനിര്‍ത്തുന്നതിനായുള്ള നടപടികള്‍ ഉണ്ടായില്ല. രാഷ്ട്രീയ അക്രമങ്ങളുടേയും കൊലപാതങ്ങളുടേയും ഫലം അനുഭവിക്കേണ്ടിവരുന്നത് നിരപരാധികളായ ജനങ്ങളാണ്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കാന്‍ ശക്തരായ വ്യക്തികളുടെ പിന്തുണയുണ്ടെന്നാണ് വ്യക്തമാകുന്നത്. ഭരണഘടന അനുവദിച്ചുനല്‍കിയിരിക്കുന്ന അവകാശങ്ങള്‍ ലംഘിക്കുവാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല. പ്രത്യക്ഷമായോ പരോക്ഷമായോ അക്രമണത്തിന് കൂട്ടുനിന്ന പാര്‍ട്ടിയില്‍ നിന്നുതന്നെ ആവശ്യമായ നഷ്ടപരിഹാരം കണ്ടെത്തി നല്‍കണം. 

എല്ലാ കേസുകളിലും ശരിയായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനാവശ്യമായ നടപടികള്‍ കര്‍ശനമായി സ്വീകരിക്കണം. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്കെതിരെ പലപ്പോഴും ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ കേസുകള്‍ സ്വതന്ത്ര ഏജന്‍സികളെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. പുറമെ നിന്നുള്ള ഏജന്‍സികളെ ഏല്‍പ്പിക്കുമ്പോള്‍ അന്വേഷണം സ്വതന്ത്രമായാണെന്നും ശരിയായ രീതിയിലാണെന്നുമുള്ള വിശ്വാസം ജനങ്ങള്‍ക്കും ഉണ്ടാകും. എല്ലാ ജനങ്ങള്‍ക്കും തുല്യമായ നീതിയും സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. പാര്‍ട്ടി ഭേദമന്യേ ഇതെല്ലാവര്‍ക്കും തുല്യമായും പൂര്‍ണമായും ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. റിപ്പോര്‍ട്ടില്‍ പറയുന്നു. പഠന റിപ്പോര്‍ട്ട്  ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് ഇന്നലെ കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.