ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പ്‌ലൈനില്‍ വീണ്ടും ചോര്‍ച്ച

Sunday 4 March 2018 2:00 am IST

 

എടത്വാ: ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനില്‍ വീണ്ടും ചോര്‍ച്ച. ആലപ്പുഴ നഗരത്തിലേക്കുള്ള ജലസംഭരണം നിര്‍ത്തിവെച്ചു. 

 അമ്പലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയില്‍ തകഴി കേളമംഗലം പാലത്തിന് സമീപത്താണ് പൈപ്പ് ലൈനില്‍ ചോര്‍ച്ച അനുഭവപ്പെട്ടത്. കഴിഞ്ഞ 22ന് ഇതിനോടു ചേര്‍ന്ന് പൈപ്പുപൊട്ടി നിര്‍മാണത്തിലിരുന്ന സംസ്ഥാനപാത ഒലിച്ചുപോയിരുന്നു. 

  ഇതിന്റെ അഞ്ചുമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് വീണ്ടും ചോര്‍ച്ചയുണ്ടായത്. ഇന്നലെ രാവിലെ ഏഴ് മണിയോടാണ് ചോര്‍ച്ച കണ്ടുതുടങ്ങിയത്. നാട്ടുകാര്‍ ജലഅതോറിറ്റിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് ജലസംഭരണം നിര്‍ത്തിവച്ചു. പ്രോജക്ട് എന്‍ജിനിയറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 

  പൈപ്പുകള്‍ തമ്മില്‍ ബന്ധിപ്പിച്ചതിലെ പിഴവാണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജെസിബി ഉപയോഗിച്ച് ആഴ്ചകള്‍ക്ക് മുമ്പ് ടാറിങ് കഴിഞ്ഞ റോഡ് കുത്തിത്തുരന്ന് വീണ്ടും പൈപ്പ് ബന്ധിപ്പിക്കാനുള്ള നടപടി ജലഅഥോറിറ്റി തുടങ്ങിയിട്ടുണ്ട്. 

  അഞ്ച് മീറ്ററിനുള്ളില്‍ മൂന്ന് പ്രാവശ്യമായി പൈപ്പ് പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം പൈപ്പ് പൊട്ടി സംസ്ഥാനപാതയിലെ ഗതാഗതം നിലക്കുകയും 1035-ാം നമ്പര്‍ എസ്എന്‍ഡിപി ഗുരുമന്ദിരത്തിന് സാരമായി കേടുപറ്റുകയും, ഗുരുമന്ദിരത്തോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു. ആദ്യം നേരിയ തോതില്‍ അനുഭവപ്പെട്ട ചോര്‍ച്ച മിനിട്ടുകള്‍ക്കുള്ളില്‍ വര്‍ദ്ധിക്കുകയും സംസ്ഥാനപാത ഒലിച്ചുപോകുകയുമാണ് ഉണ്ടായത്. 

  കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ സ്ഥലത്ത് പൈപ്പ് ലൈന്‍ പൊട്ടി ഫര്‍ണിച്ചര്‍ കടയില്‍ വെള്ളം ഇരച്ചുകയറിയതിനെ തുടര്‍ന്ന് പ്ലയിനര്‍ മിഷ്യന്റെ മോട്ടര്‍, കട്ടര്‍, സാന്റര്‍, ട്രില്ലിങ്ങ് മെഷ്യന്‍ എന്നിവ വെള്ളം കയറി നാശിക്കുകയും, സമീപത്തെ ഹോളോബ്രിക്‌സ് കമ്പനിയില്‍ ഇഷ്ടിക നിര്‍മാണത്തിനായി കൂട്ടിയിട്ട മെറ്റല്‍പൊടിയും, ഒലിച്ചുപോയി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.