85 വയസുകാരന് നല്‍കേണ്ട കുത്തിവയ്പ്പ് പതിനേഴുകാരന്

Sunday 4 March 2018 2:00 am IST

 

അമ്പലപ്പുഴ: 85 വയസുകാരന് നല്‍കേണ്ട കുത്തിവയ്പ്പ് പതിനേഴുവയസുകാരന്. പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത്.  മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. 

  പുന്നപ്ര വടക്കു പഞ്ചായത്ത് കൊല്ലം പറമ്പുവീട്ടില്‍ ജോസഫ് - ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ അജയ് ജോസഫ് (17)നെയാണ് ആളുമാറി കുത്തിവച്ചത്. തലവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം 27നാണ് കുട്ടിയെ പതിനാറാം വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 

 ഇന്നലെ പുലര്‍ച്ചെ നഴ്‌സ് കുട്ടിക്ക് കുത്തിവയ്പ് എടുക്കുകയായിരുന്നു. കുത്തിവയ്പിന് കുറിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ കേസ് ഷീറ്റ് വീണ്ടും പരിശോധിച്ചപ്പോഴാണ് പിഴവു പറ്റിയതാണെന്ന് നേഴ്‌സിനു ബോദ്ധ്യപ്പെട്ടത്. തൊട്ടടുത്ത കിടക്കയില്‍ കിടക്കുന്ന വൃദ്ധരോഗിക്കു നല്‍കേണ്ട കുത്തിവയ്പുകളില്‍ ഒന്നാണ് കുട്ടിക്ക് മാറിനല്‍കിയത്. 

  കുത്തിവച്ചതോടെ നേരിയ തളര്‍ച്ച കുട്ടിക്കു ബാധിക്കുകയും ചെയ്തു. വിവരമറിഞ്ഞതോടെ സൂപ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ വന്ന് മരുന്നു നല്‍കി കുട്ടിയുടെ നില തൃപ്തികരമായി. വൃദ്ധന് പിന്നീട് കുത്തിവെപ്പുനല്‍കി.ആളുമാറി കുത്തിവെച്ച സംഭവുമായി ബന്ധപ്പെട്ട് സൂപ്രണ്ടിന് പരാതി നല്‍കിയതായി കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.