ദേവനന്ദയ്ക്ക് ആയിരങ്ങളുടെ അശ്രുപൂജ

Saturday 3 March 2018 8:43 pm IST

 

ചെറുപുഴ: ചെറുപുഴ സെന്റ് ജോസഫ് സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിനി പെരിങ്ങോം ചിലകിലെ ദേവനന്ദ (13)ക്ക് നാട് കണ്ണീരോടെ വിട നല്‍കി. അകാലത്തില്‍ പൊലിഞ്ഞ ദേവനന്ദയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഇന്നലെ രാവിലെ എട്ടരയോടെ സ്വദേശമായ പെരിങ്ങോമിലെത്തിച്ചപ്പോള്‍ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങളാണ് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. പെരിങ്ങോം സുബ്രഹ്മണ്യ ഷേണായി സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തു നിന്നുള്ളവരും വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ അധ്യാപകരും വിദ്യാര്‍ത്ഥികളും പയ്യന്നൂര്‍-ചെറുപുഴ റൂട്ടിലെ ബസ് ജീവനക്കാരും ഓട്ടോ, ടാക്‌സി, ചുമട്ട് തൊഴിലാളികളും,വ്യാപാരികളും മരണവിവരമറിഞ്ഞ് വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് നാട്ടുകാരും അന്തിമോപചാരമര്‍പ്പിച്ചു. 

ദേവനന്ദ പഠിച്ചിരുന്ന ചെറുപുഴ സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപകരും സഹപാഠികളും നിറഞ്ഞ മിഴികളോടെ അന്ത്യാജ്ഞലിയര്‍പ്പിച്ചപ്പോള്‍ ചുറ്റും നിന്നവരും ദുഃഖം മറയ്ക്കാന്‍ പണിപ്പെട്ടു. സ്‌കൂളിലെ സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് അംഗങ്ങള്‍ തങ്ങളുടെ യൂണിഫോമണിഞ്ഞെത്തി പൂക്കള്‍ അര്‍പ്പിച്ചാണ് പ്രിയ കൂട്ടുകാരിക്ക് വിടചൊല്ലിയത്. പൊതുദര്‍ശനത്തിനു ശേഷം പത്ത് മണിയോടെ മൃതദേഹം ചിലകിലെ വീട്ടിലെത്തിച്ചു. ഓടിക്കളിച്ചു വളര്‍ന്ന വീട്ടുമുറ്റത്ത് ചേതനയറ്റ ശരീരമായി വീണ്ടുമെത്തിയ ദേവനന്ദ പ്രിയപ്പെട്ടവര്‍ക്ക് തോരാക്കണ്ണീര്‍ ബാക്കിയാക്കി അന്ത്യയാത്ര പറഞ്ഞ നിമിഷങ്ങള്‍ക്ക് സാക്ഷികളായത് ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ വന്‍ജനാവലിയാണ്. തുടര്‍ന്ന് മരണാനന്തരകര്‍മ്മങ്ങള്‍ക്കു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 

ജനപ്രതിനിധികളായ സി.കൃഷ്ണന്‍ എംഎല്‍എ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്ജ്, വിദ്യാഭ്യാസ ഉപഡയരക്ടറുടെ പ്രതിനിധിയായി അക്കൗണ്ട് ഓഫിസര്‍ പി.ഐ.സുഗുണന്‍, തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പ്രതിനിധിയായി കെ.അനില്‍കുമാര്‍ എന്നിവര്‍ അന്ത്യാജ്ഞലിയര്‍പ്പിക്കാനെത്തിയിരുന്നു. ദേവനന്ദയോടുള്ള ആദരസൂചകമായി പെരിങ്ങോമില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.