ആ സ്വയംസേവകന്‍ ഇനി ത്രിപുരയുടെ മുഖം

Sunday 4 March 2018 2:45 am IST
"undefined"

അഗര്‍ത്തല: വിപ്ലവ് കുമാര്‍ ദേവ്; വയസ് വെറും 48. കറകളഞ്ഞ ഈ സ്വയം സേവകനാകും  ഇനി ത്രിപുരയുടെ  മുഖം. 25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് ദേവ്. അഗര്‍ത്തലയിലെ ബാണമാലിപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജിം  പരിശീലകന്‍ കൂടിയായ ദേവ് ജയിച്ചത്.

സിപിഎം നേതാവും  മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരിനേക്കാള്‍ ജനകീയനാണ് ദേവ്. ആര്‍ എസ്എസിലൂടെ ബിജെപിയില്‍  എത്തിയ ദേവ് അടിമുടി  സംഘടനാ പ്രവര്‍ത്തകനാണ്.  ഉന്നത പഠനത്തിന് ത്രിപുരയില്‍ നിന്ന് എത്തിയ ദേവ് 15 വര്‍ഷം മുന്‍പ് ദല്‍ഹിയില്‍ ജിം പരിശീലകനായിരുന്നു. പിന്നീട് മധ്യപ്രദേശിലെ സത്‌നയില്‍ നിന്നുള്ള ബിജെപി എംപി ഗണേഷ് സിങ്ങിന്റെ സഹായിയായി. 2016ലാണ് വീണ്ടും ത്രിപുരയില്‍ എത്തിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി. ദേവിനെ ത്രിപുരയിലേക്ക് മടക്കി അയച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പാടേ ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിയുകയാണ്. ചെറുപ്പമാണ്, മാത്രമല്ല ചിരപരിചിതമായ പ്രാദേശിക മുഖവും. ദേശീയ ജനറല്‍ സെക്രട്ടറി  രാംമാധവിന്റെ തന്ത്രങ്ങളും ദേവിന്റെ ജനപ്രിയതയും കൂടിച്ചേര്‍ന്നതോടെ വിജയം സുനിശ്ചിതമാകുകയായിരുന്നു.

ദേവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടാന്‍ നേരത്തെ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ആദ്യം  പാര്‍ട്ടി ജയിച്ചുവരട്ടെ, എന്നിട്ട് മുഖ്യമന്ത്രിക്കാര്യം ചര്‍ച്ച ചെയ്യാം എന്ന ഉറച്ച നിലപാടായിരുന്നു അമിത് ഷായുടേത്. ത്രിപുര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുത്ത ശേഷമാണ് ദല്‍ഹിയില്‍ എത്തിയത്. ഭാര്യ എസ്ബിഐ പാര്‍ലമെന്റ് ഹൗസ് ഡപ്യൂട്ടി മാനേജരാണ്. ഒരു മകനും ഒരു മകളുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.