മേഘാലയ : ആര്‍ക്കും ഭൂരിപക്ഷമില്ല, സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമം

Sunday 4 March 2018 2:45 am IST

ഐസ്വാള്‍: മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. ഒന്നര പതിറ്റാണ്ടായി  കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനംഇക്കുറി കോണ്‍ഗ്രസിന് തിരിച്ചടിയാണ് നല്‍കിയത്. 60 സീറ്റുള്ള ഇവിടെ 59 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്.  കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് വേണമെന്നിരിക്കെ കോണ്‍ഗ്രസിന് 21 സീറ്റേ ലഭിച്ചിട്ടുള്ളു. കോണ്‍റാഡ് സാംഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 19 സീറ്റുണ്ട്. അവരുമായി സഖ്യത്തിലുള്ള ബിജെപിക്ക് രണ്ടു സീറ്റുണ്ട്.

രണ്ടു പാര്‍ട്ടികള്‍ക്കുമായി 21. യുഡിപിക്ക് എട്ടു സീറ്റുണ്ട്. മറ്റുള്ളവര്‍ക്ക് 9 സീറ്റും.   ഇരു കൂട്ടര്‍ക്കും പത്തു പേരുടെ പിന്തുണയുണ്ടെങ്കിലേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയൂ. ബിജെപി സഖ്യവും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും ബിജെപി സഖ്യത്തിനാണ് മുന്‍തൂക്കം. ബിജെപിയും എന്‍പിപിയും യുഡിപിയുടെ സഹായത്തോടെ ഭരണം പിടിക്കാനാണ് ശ്രമിക്കുന്നത്. യുഡിപിക്ക് സഖ്യത്തില്‍ ചേരുന്നതിനോട് എതിര്‍പ്പുമില്ല. 21 സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിലാണെന്നതുതന്നെയാണ് മേഘാലയയിലും ബിജെപി സഖ്യത്തിന് അനുകൂലമായ ഘടകം.

2003 മുതല്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. മുകുള്‍ സാംഗ്മയാണ്  മുഖ്യമന്ത്രി. മുന്‍ലോക്‌സഭാ സ്പീക്കര്‍ പി എ സാംഗ്മ 2012ല്‍ രൂപീകരിച്ച പാര്‍ട്ടിയാണ് നാഷണല്‍  പീപ്പിള്‍സ് പാര്‍ട്ടി. പി എ സാംഗ്മയുടെ മകന്‍ കോണ്‍റാഡ് സാംഗ്മയാണ് ഇപ്പോള്‍ അധ്യക്ഷന്‍.

സീറ്റു നില

കോണ്‍ഗ്രസ് 21

എന്‍പിപി 19

യുഡിപി 8

ബിജെപി 2

മറ്റുള്ളവര്‍ 9

( ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, ഗാരോ നാഷണല്‍ കൗണ്‍സില്‍, കെഎച്ച് എന്‍എഎം, പിഡിഎഫ്, സ്വതന്ത്രര്‍ എന്നിവരെല്ലാം കൂടി)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.