എം.എം. അക്ബറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Sunday 4 March 2018 2:45 am IST

കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ച കേസില്‍ അറസ്റ്റിലായ പീസ് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ എം.എം. അക്ബറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. അക്ബറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. സ്‌കൂളില്‍ മതവിദ്വേഷം പരത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചിരുന്നത് അക്ബര്‍ സമ്മതിച്ചതായി അന്വേഷണ ചുമതലയുള്ള എസിപി കെ. ലാല്‍ജി പറഞ്ഞു.

ഫൗണ്ടേഷന്റെ കീഴിലുള്ള എറണാകുളം ചക്കരപറമ്പ് പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പും പോലീസും കണ്ടെത്തിയിരുന്നു. എന്നാല്‍ പാഠ്യക്രമത്തില്‍ ഇത്തരം ഭാഗങ്ങള്‍ ഉള്‍പ്പെട്ടതു ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അറിഞ്ഞയുടന്‍ അവ നീക്കം ചെയ്തുവെന്നുമാണ് അക്ബര്‍ പോലീസിനോട് പറഞ്ഞത്. 

കഴിഞ്ഞ ഒന്നരകൊല്ലമായി ഓസ്‌ട്രേലിയ, ഇന്തോനീഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മതപ്രഭാഷണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അക്ബര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാല്‍ ഇയാളുടെ വിദേശ യാത്രകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് എസിപി കെ. ലാല്‍ജി പറഞ്ഞു. 

കഴിഞ്ഞ ദിവസം ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നുമാണ് അക്ബകറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് എറണാകുളത്ത് എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി. പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബൂര്‍ജ് റിയലൈസേഷന്റെ ജീവനക്കാരായ നവി മുംബയ്  സ്വദേശികളായ സൃഷ്ടി ഹോംസില്‍ ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹില്‍ ഹമീദ് സെയ്ദ് (28) എന്നിവരെ പോലീസ് 2016 ഡിസംബര്‍ രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ എന്‍ഐഎ, കേന്ദ്ര രഹസ്യാന്വേണ വിഭാഗം എന്നിവയും വിവരം ശേഖരിച്ചു. പോലിസിനെതിരെ എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിനു പരാതിയില്ലെന്നു അക്ബര്‍ മറുപടി നല്‍കി. ചക്കരപറമ്പിലുള്ള പീസ് സ്‌കൂളിന്റെ മൂന്ന് മാനേജിങ് ട്രസ്റ്റികള്‍, അഡ്മിനിസ്‌ട്രേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തിയതിന് സെക്ഷന്‍ 153 എ വകുപ്പ് ചുമത്തി 2016ലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.