മനസ്സിനെ ഉപാസനയിലേക്ക് ഉയര്‍ത്താം

Sunday 4 March 2018 2:23 am IST

അഞ്ചാം അനുവാകം

ഭൂര്‍ ഭുവഃ സുവരിതി വാ ഏതാസ്തിസ്രോ വ്യാഹൃതയഃ താസാമു

ഹസ്‌മൈതാം ചതുര്‍ത്ഥീം മാഹാചമസ്യ പ്രവേദയതേ മഹ ഇതി

ഭൂഃ ഭുവഃ സുവഃ എന്നിവയാണ് മൂന്ന് വ്യാഹൃതികള്‍. അവയ്ക്ക് ശേഷം നാലാമത്തേതായി മഹഃ എന്നതിനെ മഹാചമസന്റെ മകനായ മാഹാചമസ്യന്‍ പറഞ്ഞിട്ടുണ്ട്.

തദ് ബ്രഹ്മ സ ആത്മാ അംഗാന്യനാദേവതാ ഭൂരിതി വാ അയം

ലോക ഭുവ ഇത്യന്തരിക്ഷം സുവരിത്യസൗലോകഃ മഹ

ഇത്യാദിത്യ ആദിത്യേന വാവ സര്‍വ്വേ ലോകാ മഹീയന്തേ

അത് ബ്രഹ്മമാകുന്നു. അത് ആത്മാവാകുന്നു. മറ്റ് ദേവതകള്‍  അംഗങ്ങളാകുന്നു. ഭൂഃ എന്നത് ഈ ലോകമാണ്. ഭുവഃ എന്നത് അന്തരീക്ഷ ലോകമാണ്. സുവഃ എന്നത് അങ്ങേ ലോകം അഥവാ മുകളിലെ ലോകമാണ്. മഹഃ എന്നത് ആദിത്യനാകുന്നു. ആദിത്യനെകൊണ്ടാണല്ലോ എല്ലാ ലോകങ്ങളും വര്‍ധിക്കുന്നത്.

ഭൂരിതി വാ അഗ്‌നി ഭുവ ഇതി വായുഃ സുവരിത്യാദിത്യഃ

മഹ ഇതി ചന്ദ്രമാഃ ചന്ദ്രമസാ വാവ സര്‍വാണി  ജ്യോതീംഷി

 മഹീയന്തേ

ഭുഃ എന്നത് അഗ്‌നിയാണ്. ഭുവഃ എന്നത് വായുവാണ്. സുവഃ എന്നത് ആദിത്യനാണ്. മഹഃ എന്നത് ചന്ദ്രനാണ്. ചന്ദ്രനെക്കൊണ്ടാണല്ലോ എല്ലാ ജ്യോതിസ്സുകളും വര്‍ധിക്കുന്നത്.

ഭൂരിതി വാ ഋചഃ ഭുവ ഇതി സാമാനി സുവരിതി യജുംഷി

മഹ ഇതി ബ്രഹ്മം ബ്രഹ്മണാ വാവ സര്‍വ്വേ വേദാ മഹീയന്തേ

ഭൂഃ എന്നത് ഋക്കുകളാണ്. ഭുവഃ എന്നത് സാമങ്ങള്‍. സുവഃ എന്നത് യജുസ്സുമാകുന്നു. മഹഃ എന്നത് ബ്രഹ്മമാണ്. ബ്രഹ്മത്താലാണല്ലോ എല്ലാ വേദങ്ങളും വര്‍ധിക്കുന്നത്.

ഭൂരിതി വൈ പ്രാണഃ ഭുവ ഇത്യപാനഃ സുവരിതി വ്യാനഃ

മഹ ഇത്യന്നം അന്നേന വാവ 

സര്‍വ്വേ പ്രാണാ മഹീയന്തേ

ഭൂഃ എന്നത് പ്രാണനാണ്. ഭുവഃ എന്നത് അപാനനാകുന്നു. സുവഃ എന്നത് വ്യാനനാണ്. മഹഃ എന്നത് അന്നമാകുന്നു. അന്നംകൊണ്ടാണല്ലോ എല്ലാ പ്രാണങ്ങളും വര്‍ധിക്കുന്നത്.

താ വാ ഏതാശ്ചതസ്രശ്ചതുര്‍ദ്ധാ ചതസ്രശ്ചതസ്രോ വ്യാഹൃതയഃ

താ യോ വേദ സ വേദ ബ്രഹ്മ സര്‍വ്വേളസ്‌മൈ ദേവാ ബലിമാവഹന്തി

ഈ നാല് വ്യാഹൃതികള്‍ നാലുതരത്തില്‍ നാല് വീതമായിത്തീരുന്നു. അവയെ ആരാണോ അറിയുന്നത് അയാള്‍ ബ്രഹ്മത്തെ അറിയുന്നു. ഇയാള്‍ക്ക് എല്ലാ ദേവന്‍മാരും ബലിയെ കൊണ്ടുവരുന്നു. ബലി എന്നാല്‍ ഉപഹാരം, കപ്പം എന്നൊക്കെ അര്‍ത്ഥം. ദേവന്‍മാരെല്ലാം ഇദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായിത്തീരുന്നുവെന്നു സാരം. അത്രയും ശ്രേഷ്ഠമായ നിലയെ കൈവരിക്കുമെന്ന് മനസ്സിലാക്കണം.

വ്യാഹൃതി സ്വരൂപമായ ബ്രഹ്മത്തിന്റെ ആന്തര ഉപാസനയെ വിവരിക്കുകയാണ് ഈ അനുവാകത്തില്‍. കര്‍മ്മത്തിനുവേണ്ടി കര്‍മ്മകാണ്ഡത്തിലുപയോഗിക്കുന്ന വ്യാഹൃതികളെ ഇവിടെ ഉപാസനക്കുവേണ്ടി ്രപയോജനപ്പെടുത്തുന്നു. ഭുഃ, ഭുവഃ, സുവഃ, മഹഃ  എന്നിങ്ങനെ നാല് പ്രധാന വ്യാഹൃതികളുണ്ട്. നാലാമത്തെ വ്യാഹൃതിയായ മഹഃ എന്നതിനെ മഹത്തായിട്ടുള്ളത് എന്ന അര്‍ത്ഥമനുസരിച്ച് ബ്രഹ്മമായും ആത്മാവായും പറയുന്നു. അങ്ങനെയാകുമ്പോള്‍ മറ്റുള്ളവ അതിന്റെ അംഗങ്ങളാകും. ഇപ്രകാരത്തില്‍ സാധകന്റെ മനസ്സിനെ കര്‍മ്മങ്ങളില്‍നിന്ന് ഉപാസനയിലേക്ക് ഉയര്‍ത്തുന്നു.

ഭൂഃ ഭൂമി, അഗ്‌നി, 

ഋക്കുകള്‍, പ്രാണന്‍

ഭുവഃ അന്തരീക്ഷം, വായു, സാമങ്ങള്‍, അപാനന്‍

സുവഃ സ്വര്‍ലോകം, ആദിത്യന്‍,

 യജുസ്സുകള്‍, വ്യാനന്‍

മഹഃ ആദിത്യന്‍, ചന്ദ്രന്‍, ബ്രഹ്മം (ഓങ്കാരം), അന്നം

ബ്രഹ്മം എന്നതിന് ഇവിടെ ഓങ്കാരം എന്ന് അര്‍ത്ഥമെടുക്കണം. വേദങ്ങളില്‍ എങ്ങും വ്യാപിച്ചിരിക്കുന്നതും പ്രധാനമായതും ഓങ്കാരമായതിനാല്‍ ഇവിടെ ഓങ്കാരത്തെയാണ് ബ്രഹ്മം എന്നു പറയുന്നത്. നാലാമത്തെ വ്യാഹൃതിയില്‍ മറ്റുള്ളവ വ്യാപിച്ചുനില്‍ക്കുന്നതിനാല്‍ അതിനെ വിരാഡ്‌രൂപമായി കണ്ട് ഉപാസിക്കണം. ഇത്തരം ഉപാസനയിലൂടെ ബ്രഹ്മസാക്ഷാത്കാരം നേടുന്നയാള്‍ക്ക് മറ്റ് ദേവന്‍മാര്‍ എല്ലാം വിധേയരായിത്തീരുന്നു. സ്വരാജ്യമാകുന്ന ഫലത്തോടുകൂടിയ വ്യഹൃതാത്മാവായ ബ്രഹ്മത്തിന്റെ ഉപാസനയാണ് ഇതുവരെ പ്രസ്താവിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.