വിപ്ലവം ജയിച്ചു; സർക്കാർ തോറ്റു

Sunday 4 March 2018 2:43 am IST
"undefined"

ബിപ്ലവ് കുമാര്‍ ദേവ് എന്നാണ് ത്രിപുരയിലെ ബിജെപി അധ്യക്ഷന്റെ പേര്. ബിപ്ലവ് എന്നാല്‍ വിപ്ലവം എന്നര്‍ത്ഥം. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാരുടെ ഇഷ്ട വാക്കാണ് വിപ്ലവം. കാല്‍ നൂറ്റാണ്ട് കാലത്തെ കമ്യൂണിസ്റ്റ് ഭരണം തകര്‍ത്തെറിഞ്ഞ് വിപ്ലവം കൊണ്ടുവന്ന നായകന്റെ പേര് കൂടിയാകുന്നു ഇപ്പോഴത്. അതെ, വിപ്ലവം (ബിപ്ലവ്) ജയിച്ചപ്പോള്‍ ത്രിപുരയില്‍ (മണിക്) സര്‍ക്കാര്‍ തോറ്റു. കുറഞ്ഞത്, രാഷ്ട്രീയത്തിലെങ്കിലും അസാധ്യമായൊന്നുമില്ലെന്ന് മോദിയുടെയും അമിത് ഷായുടെയും പാര്‍ട്ടി അടിവരയിട്ടു. 

 ലീഡ് നില മാറി മറിഞ്ഞ തുടക്കത്തിനൊടുവില്‍ സിപിഎം കുറച്ചേറെ മുന്നിലെത്തിയപ്പോള്‍, ബിജെപി പ്രവര്‍ത്തകര്‍ നിരാശയിലേക്ക് വഴുതി നീങ്ങിയപ്പോള്‍, അതാ വരുന്നു രാം മാധവിന്റെ ട്വീറ്റ്. ''ഇപ്പോഴെണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണുമ്പോള്‍ സ്ഥിതി മാറും. ബിജെപി നാല്‍പ്പതിലേറെ സീറ്റുകള്‍ നേടും''. കുറച്ചൊരു പരിഹാസത്തോടെയാണ് ഏഷ്യാനെറ്റിലെ അവതാരകന്‍ ട്വീറ്റ് പ്രേക്ഷകരിലെത്തിച്ചത്. പക്ഷെ രാം മാധവിന് പിഴച്ചില്ല, നാല്‍പ്പതും കടന്ന് ബിജെപി കുതിച്ചു. ചെങ്കോട്ട തകരുമെന്നതില്‍ ബിജെപിക്ക് സംശയമേതുമുണ്ടായില്ല. വെള്ളിയാഴ്ചയായിരുന്നു ഹോളി. പിറ്റേന്നായിരുന്നു ഫലപ്രഖ്യാപനമെങ്കിലും ത്രിപുരയില്‍ ബിജെപിയുടെ ഹോളി ആഘോഷം വിജയാഘോഷമായിരുന്നു. സംസ്ഥാനത്തുടനീളം ഹോളി ആഘോഷത്തില്‍ കാവിപടര്‍ന്നു. 

ദയനീയം ചെമ്പടത്തോല്‍വി

അക്കൗണ്ട് തുറന്ന് അധികാരത്തിലേക്ക് ബിജെപി കുതിച്ചപ്പോള്‍ ദയനീയതയുടെ പരകോടിയിലാണ് സിപിഎം. ത്രിപുരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് മണിക് സര്‍ക്കാരും സംഘവും ഏറ്റുവാങ്ങിയത്. മൂന്നരപ്പതിറ്റാണ്ട് ഭരിച്ച ബംഗാള്‍ മമതാ ബാനര്‍ജി ഉഴുതുമറിച്ചപ്പോഴുണ്ടായ അതേ ഞെട്ടലിലാണ് സിപിഎം. ത്രിപുരയ്ക്ക് ബംഗാളിന്റെ ഗതിവരില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു നേതാക്കള്‍. തെരഞ്ഞെടുപ്പ് ബിജെപിയുടെ വാട്ടര്‍ ലൂ ആകുമെന്നായിരുന്നു യെച്ചൂരി അടക്കമുള്ളവര്‍ അവകാശപ്പെട്ടിരുന്നത്. 

 സിപിഎം എന്തുകൊണ്ട് ദയനീയമായി തോറ്റു എന്നത് ഒറ്റ വാചകത്തില്‍ ഒതുക്കാം-വികസനം കണികാണാത്ത, അക്രമം നിറഞ്ഞുനില്‍ക്കുന്ന ഭരണം. മണിക് സര്‍ക്കാരിന്റെ ലളിത ജീവിതമായിരുന്നു സിപിഎമ്മിന്റെ പ്രധാന അവകാശവാദം. മണിക് സര്‍ക്കാരിന് വീടില്ല, പക്ഷെ ഔദ്യോഗിക ബംഗ്ലാവുണ്ട്. സ്വന്തമായി കാറില്ല, പക്ഷെ ഔദ്യോഗിക വാഹനങ്ങളുണ്ട്. നാല്‍പ്പത് കിലോമീറ്റര്‍ സഞ്ചരിക്കണമെങ്കില്‍പ്പോലും ഹെലികോപ്ടര്‍ ഉപയോഗിക്കും. പത്ത് കോടി രൂപയുടെ ഹെലികോപ്ടര്‍ ബില്ലുകള്‍ ബിജെപി പുറത്തുവിട്ടിരുന്നു. എന്നിട്ടും ലളിത ജീവിതമെന്നൊക്കെപ്പറഞ്ഞാല്‍ സത്യമറിയുന്ന ജനങ്ങള്‍ വിശ്വസിക്കുമോ. 

 മുഖ്യമന്ത്രി എങ്ങനെ ജീവിക്കുന്നു എന്നതിനേക്കാള്‍ ജനങ്ങളെ അലട്ടിയത് സ്വന്തം ജീവിതമാണ്. തുടര്‍ച്ചയായി ഭരിച്ചിട്ടും ഒരു മാറ്റവും ഉണ്ടാക്കാന്‍ സിപിഎമ്മിന് സാധിച്ചില്ല. അറുപത് ശതമാനത്തിലേറെ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അടിസ്ഥാന സൗകര്യങ്ങളെത്താത്ത ഗോത്രമേഖലകള്‍. തൊഴിലില്ലായ്മ രൂക്ഷമായിട്ടും അവസരങ്ങള്‍ സൃഷ്ടിക്കാത്തത് യുവാക്കളെ അകറ്റി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചത് സ്ത്രീ സമൂഹത്തെയും എതിരാക്കി. കേന്ദ്ര സര്‍ക്കാര്‍ ഏഴാം ശമ്പളക്കമ്മീഷന്‍ നടപ്പാക്കിയപ്പോള്‍ ത്രിപുരയില്‍ നാലാം ശമ്പളക്കമ്മീഷന്‍ അനുസരിച്ചാണ് ശമ്പളം നല്‍കുന്നത്. സിപിഎമ്മിന് വലിയ സ്വാധീനമുള്ള സര്‍ക്കാര്‍ ജീവനക്കാരും അതൃപ്തിയിലായിരുന്നു. ഇതിനെല്ലാം പുറമെയായിരുന്നു സര്‍വ്വ മേഖലകളിലുമുള്ള പാര്‍ട്ടി ഭരണം. 

ശൂന്യതയില്‍നിന്ന് സിംഹാസനത്തിലേക്ക് 

 2013ല്‍ ഒരു സീറ്റുമുണ്ടായിരുന്നില്ല ബിജെപിക്ക്. 49 സീറ്റില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ട പാര്‍ട്ടി. ചിട്ടയായ സംഘടനാ പ്രവര്‍ത്തനവും പ്രാദേശിക വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പോരാടിയതും മാത്രമാണ് ഒറ്റയടിക്ക് അധികാരത്തിലെത്താന്‍ പാര്‍ട്ടിയെ തുണച്ചത്. എവിടെ എന്ത് പ്രശ്‌നമുണ്ടെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ സന്നദ്ധ ഭടന്മാരെപ്പോലെ കുതിച്ചെത്തി. അക്രമത്തിലൂടെയാണ് സിപിഎം നേരിട്ടതെങ്കിലും പിന്മാറിയില്ല. പത്തിലേറെ പ്രവര്‍ത്തകരെ നഷ്ടപ്പെട്ടു. കണ്ണിന് കണ്ണ് എന്നതായിരുന്നില്ല നയം. കൊലപാതകരാഷ്ട്രീയത്തിന്റെ വേദനയും ജനങ്ങള്‍ക്ക് മുന്നിലേക്ക് വലിച്ചിടുകയാണ് ബിജെപി ചെയ്തത്. പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ചലോ പള്‍ട്ടായി (മാറ്റം കൊണ്ടുവരാം) എന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തതിന് പിന്നില്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. 

 പിടിച്ചടക്കിയേ തീരൂവെന്ന വാശിയിലായിരുന്നു ബിജെപിയുടെ പ്രചാരണം. നാല് റാലികളില്‍ മോദിയെത്തി. ത്രിപുര ഇളകി മറിഞ്ഞു. അമിത് ഷായുടെയും യോഗി ആദിത്യനാഥിന്റെയും റാലികളും മണിക് സര്‍ക്കാരിന്റെ റാലികളേക്കാള്‍ നിറഞ്ഞുകവിഞ്ഞു. മണിക് സര്‍ക്കാര്‍ മാണിക്യമെന്ന സിപിഎം പ്രചാരണത്തിന് മോദി സര്‍ക്കാര്‍ വജ്രമാണെന്ന് ബിജെപി മറുപടി നല്‍കി. വോട്ടുറപ്പിക്കാന്‍ അറുപതാള്‍ക്ക് ഒരാളെന്ന നിലയില്‍  പേജ് പ്രമുഖന്മാരെയും നിയമിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ ഇവര്‍ വോട്ടര്‍മാരെ സമീപിച്ചു. ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് മാത്രമേ സാധിക്കൂവെന്ന നേതാക്കളുടെ വിടുവായത്തവും ഇതോടെ അവസാനിക്കുകയാണ്. 

തിരിച്ചടി കോണ്‍ഗ്രസ്സിനും

കാവിമുന്നേറ്റം കോണ്‍ഗ്രസ്സിനും കനത്ത പ്രഹരമാണ്. പത്ത് വര്‍ഷം സംസ്ഥാനം ഭരിച്ച രാഹുലിന്റെ പാര്‍ട്ടിക്ക് ഇത്തവണ ഒറ്റ സീറ്റു പോലും ലഭിച്ചില്ല. വര്‍ഷങ്ങളായി ഭരണത്തിലില്ലെങ്കിലും പ്രധാന പ്രതിപക്ഷമായിരുന്നു കോണ്‍ഗ്രസ്. 2013ല്‍ 36.53 ശതമാനം വോട്ടും പത്ത് സീറ്റും ലഭിച്ചിരുന്നു. ബിജെപിയുടെ രംഗപ്രവേശത്തോടെ കോണ്‍ഗ്രസ് മുക്ത ത്രിപുര യാഥാര്‍ത്ഥ്യമായിരുന്നു. സംസ്ഥാനത്തെ ശക്തമായ സിപിഎം വിരുദ്ധ വികാരം മുതലാക്കാന്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളായ കോണ്‍ഗ്രസ്സിന് സാധിച്ചില്ല. കേന്ദ്രത്തില്‍ ഇടത് പിന്തുണ പ്രതീക്ഷിച്ചിരുന്ന ഹൈക്കമാന്റ് ത്രിപുരയില്‍ സിപിഎമ്മിനെ കടന്നാക്രമിക്കുന്നതില്‍നിന്ന് പാര്‍ട്ടിയെ തടഞ്ഞു. ഇതോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്ക് പോയത്. തൃണമൂലും സിപിഎമ്മുമായി സൗഹൃദം ആരംഭിച്ചപ്പോള്‍ അവര്‍ ബിജെപിയിലെത്തി. പ്രധാന പ്രതിപക്ഷമായി ബിജെപി ഉയര്‍ന്നുവന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയാണ് ഫലം. 

ആദിവാസി മേഖലകളിലും മുന്നേറ്റം

 ഇരുപത് ആദിവാസി സീറ്റുകള്‍ കഴിഞ്ഞ തവണ സിപിഎം തൂത്തുവാരിയിരുന്നു. ഇത്തവണ ഭൂരിഭാഗവും നഷ്ടപ്പെട്ടു. ബിജെപിയുടെ സ്വാധീനം നഗരമേഖലകളില്‍ ഒതുങ്ങുമെന്ന കണക്കുകൂട്ടലും തെറ്റി. ആദിവാസികളുടെ പ്രാദേശിക പാര്‍ട്ടിയായ ഐപിഎഫ്ടിയുമായുള്ള സഖ്യം ഗുണം ചെയ്തു. ഒന്‍പത് സീറ്റുകളില്‍ മത്സരിച്ച് ഐപിഎഫ്ടി എട്ടിലും വിജയിച്ചു. മറ്റ് മണ്ഡലങ്ങളിലും ബിജെപിയിലേക്ക് വോട്ടൊഴുകി. ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെടുന്നത് മേഖലകളില്‍ അതൃപ്തി പടര്‍ത്തിയിരുന്നു. ആദിവാസികള്‍ക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന ഐപിഎഫ്ടി നിലപാടിനെ വിഘടനവാദമായി സിപിഎം ചിത്രീകരിച്ചെങ്കിലും ഫലിച്ചില്ല. പ്രത്യേക സംസ്ഥാനത്തിന് അനുകൂലമല്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.