വർഗ്ഗീയതയും തുണച്ചില്ല; മേഘാലയിൽ കോൺഗ്രസ്സിന് തിരിച്ചടി

Sunday 4 March 2018 2:13 am IST
"undefined"

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കും? വോട്ടെണ്ണിക്കഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ബിജെപിയുടെ നയം വ്യക്തമാക്കി. ''കോണ്‍ഗ്രസ്സായിരിക്കില്ല, ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വരും''. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാം മാധവും പത്രസമ്മേളനത്തില്‍ ഇതാവര്‍ത്തിച്ചു. മണിപ്പൂരും ഗോവയും മുന്നിലുള്ളതിനാലാകാം, കോണ്‍ഗ്രസ് ഉടന്‍ നേതാക്കളെ ചര്‍ച്ചകള്‍ക്കായി മേഘാലയയിലേക്ക് അയച്ചു. രണ്ട് സംസ്ഥാനത്തും മുന്നിലെത്തിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നില്ല. 

പ്രാദേശിക പാര്‍ട്ടികള്‍ ആര്‍ക്കൊപ്പം?

 കോണ്‍ഗ്രസ്സാണ് വലിയ ഒറ്റക്കക്ഷി (21)യെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. 19 സീറ്റുള്ള എന്‍പിപി മണിപ്പൂരില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്. ബിജെപിയുടെ രണ്ട് സീറ്റുകൂടി ചേരുമ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പമാകും. 31 ആണ് ഭരിക്കാന്‍ വേണ്ടത്. അതിനാല്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് (4), കെഎച്ച്എന്‍എഎം (1), യുഡിപി (6), എച്ച്എസ്പിഡിപി (2) തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകമാണ്. തെരഞ്ഞെടുപ്പിനുശേഷം സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് നേരത്തെ ഇവര്‍ വ്യക്തമാക്കിയിരുന്നത്. അതായത് ആരോടും തൊട്ടുകൂടായ്മയില്ല. ബിജെപി നേതൃത്വവുമായി ഇവര്‍ ബന്ധപ്പെട്ടുവെന്ന സൂചനയാണ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടി ഉറപ്പിച്ച് പറയുന്നതിന് പിന്നില്‍. കേന്ദ്ര ഫണ്ടുകളെ ആശ്രയിച്ചാണ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ബിജെപിയെയാകും പ്രാദേശിക പാര്‍ട്ടികള്‍ തെരഞ്ഞെടുക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഭയത്തില്‍ വീണില്ല മേഘാലയ

 ബിജെപിയെ കാണിച്ച് ക്രിസ്ത്യാനികളെ ഭയപ്പെടുത്തി കൂടെനിര്‍ത്തുക-ഇതായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രധാന ആയുധം. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ വര്‍ഗ്ഗീയ പ്രചാരണത്തെയാണ് രാഹുലിന്റെ പാര്‍ട്ടി ആശ്രയിച്ചത്. ബിജെപിയോ എന്‍പിപിയോ സംസ്ഥാനം ഭരിച്ചാല്‍ ക്രൈസ്തവര്‍ തുടച്ചു നീക്കപ്പെടുമെന്ന് സൗത്ത് തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗ്രിതല്‍സണ്‍ അരംഗ് പ്രസംഗിച്ചു. ബിജെപിയെ പിന്തുണയ്ക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ യൂദാസുമാരാണെന്നും അവര്‍ അധികാരത്തിനായി ആത്മാവും ശരീരവും ചെകുത്താന് പണയംവച്ചുവെന്നും ബൈബിള്‍ വചനങ്ങള്‍ കടമെടുത്ത് ടോം വടക്കന്‍ ആരോപിച്ചു. എന്‍പിപി സ്വതന്ത്രമായാണ് മത്സരിച്ചതെങ്കിലും ബിജെപി ബന്ധമാരോപിച്ച് വിഷലിപ്ത പ്രചാരണം നടത്തി. ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഗാരോയിലെത്തിയതിന്റെ 150-ാം വാര്‍ഷികത്തിന് ദക്ഷിണാഫ്രിക്കയിലെ മതമേധാവി റവ. പോള്‍ സിസായ്ക്ക് വിസ ലഭിക്കാതിരുന്നതും മതപരമായി കോണ്‍ഗ്രസ് ഉപയോഗിച്ചു. എന്നിട്ടും 2013ല്‍ ലഭിച്ച 29 സീറ്റ് 21 ആയി കുറഞ്ഞു. ഗാരോ ഹില്‍സിലാണ് എന്‍പിപി നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ സീറ്റില്ലാതിരുന്ന ബിജെപി രണ്ട് സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് മുക്ത മേഘാലയ ഉറപ്പാക്കാനുള്ള അണിയറ നീക്കത്തിലാണ് അമിത് ഷായും രാം മാധവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.