ഉയരുന്നത് രണ്ട് കക്ഷികളുടെ ചരമഗീതം

Sunday 4 March 2018 2:45 am IST
"undefined"

ഇന്ത്യയുടെ രാഷ്ട്രീയവും ജനവികാരവും എന്താണ്, എങ്ങിനെയാണ് എന്ന് വ്യക്തമാക്കുന്നതാണ്  മൂന്ന്  വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.  രണ്ട്  പ്രമുഖ  പാര്‍ട്ടികളുടെ ചരമഗീതമാണ് അവിടെ നാം കേള്‍ക്കുന്നത്,  കോണ്‍ഗ്രസിന്റെയും  സിപിഎമ്മിന്റെയും.  യഥാര്‍ഥത്തില്‍ നിലനില്‍പ്പിനായി, പിടിച്ചുനില്‍ക്കാനായി, എന്തുവേണമെന്നറിയാതെ ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് ആ രണ്ട് പാര്‍ട്ടികളുടെയും നേതൃത്വം. കാല്‍ നൂറ്റാണ്ടായി സിപിഎം കുത്തകയാക്കി വെച്ചിരുന്ന ത്രിപുരയില്‍ നിന്നും അവര്‍ തുടച്ചുമാറ്റപ്പെടുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസ് വാഴുന്ന മേഘാലയ അവര്‍ക്ക് അന്യമായി. ഏറെ നാള്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന, മൂന്ന് മുഖ്യമന്ത്രിമാരെ ആ പാര്‍ട്ടിക്ക് സംഭാവന ചെയ്ത,  നാഗാലാന്‍ഡില്‍   ബിജെപി സഖ്യം അധികാരത്തിലേറുന്നു.  ക്രിസ്തീയ ഭൂരിപക്ഷ മേഖലയിലാണ് ഈ  രണ്ട്  വിജയങ്ങളും എന്നത് പ്രധാനമാണ്.  മറ്റൊന്ന് ഗോത്രവര്‍ഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള ത്രിപുരയിലും.   ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ 21  എണ്ണത്തിന്റെയും ചെങ്കോല്‍ ബിജെപിയുടെയും സഖ്യ കക്ഷികളുടെയും കൈകളിലായി. ഇത്രയേറെ സംസ്ഥാനങ്ങള്‍ ഒരു പാര്‍ട്ടിയുടേയോ സഖ്യത്തിന്റെയോ കൈകളിലാവുന്നതും  ഒരു ചരിത്രമാണ്. 2019 ല്‍ കാര്യങ്ങള്‍ എവിടേക്കാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായ സൂചികയായും ഈ തിരഞ്ഞെടുപ്പ് ഫലങ്ങളെ കാണാമെന്നതില്‍ സംശയമില്ല. 

കോണ്‍ഗ്രസ് നാമാവശേഷമായിട്ടില്ല  എന്നും അതിന്റെ രക്ഷയ്ക്കായി ഉദയമെടുത്ത  അവതാരമാണ്  രാഹുല്‍ ഗാന്ധി എന്നതുമായിരുന്നുവല്ലോ കോണ്‍ഗ്രസുകാരുടെയും അവരെ ചുറ്റിപ്പറ്റിനില്‍ക്കുന്ന സിപിഎം,  സിപിഐ തുടങ്ങിയവരുടെ പോലും വാദഗതികള്‍. ഇടതുപാര്‍ട്ടികള്‍ രാഹുല്‍ ഗാന്ധിയില്‍ പ്രകടിപ്പിച്ച വിശ്വാസം ഒന്ന് ആലോചിച്ചുനോക്കൂ; സീതാറാം യെച്ചൂരിക്ക് പ്രകാശ് കാരാട്ടിലുള്ളതിലേറെ  മതിപ്പും പ്രതീക്ഷയും കോണ്‍ഗ്രസ് അധ്യക്ഷനിലായിരുന്നു. യഥാര്‍ഥത്തില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍  ഒരു ദയനീയ പരാജയമാണ് എന്ന്  ആ ചുമതലയിലേക്ക്  നിയോഗിക്കപ്പെട്ട  ഉടനെ അദ്ദേഹം രാജ്യത്തെ ബോധ്യപ്പെടുത്തിയതാണ്. കോണ്‍ഗ്രസ്  ഭരിച്ചിരുന്ന ഹിമാചല്‍ പ്രദേശിലെ അവരുടെ ദയനീയ പരാജയം അതിന്റെ സാക്ഷ്യപത്രമല്ലേ. അപ്പോഴും ഗുജറാത്തില്‍ വിജയത്തിനരികില്‍ കോണ്‍ഗ്രസിനെ എത്തിച്ചുവെന്നും അത് രാജ്യം ഭരിക്കാനുള്ള പാസ്‌പോര്‍ട്ട് ആണ് എന്നുമൊക്കെ ചിലര്‍ വിളിച്ചുകൂവി. യഥാര്‍ഥത്തില്‍ ഗുജറാത്തില്‍ 22 വര്‍ഷത്തെ ഭരണമുണ്ടാക്കിയ സ്വാഭാവികമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ട്  പോലും  അന്‍പത് ശതമാനം വോട്ടോടെ അധികാരത്തിലേറാന്‍ ബിജെപിക്കായി എന്നതവര്‍ വിസ്മരിക്കുകയായിരുന്നു.  

നാഗാലാന്‍ഡ് കോണ്‍ഗ്രസ്  പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നു. മേഘാലയയാണ്  മറ്റൊന്ന്. രണ്ടും ക്രിസ്ത്യാനികള്‍ക്ക് വളരെ മുന്‍തൂക്കമുള്ള സംസ്ഥാനങ്ങള്‍. മേഘാലയയിലെ പ്രചാരണത്തിന് കേരളത്തിലെ ഒരു പ്രത്യേക മതവിശ്വാസികളായ  പ്രമുഖ നേതാക്കളെതിരഞ്ഞുപിടിച്ച്   കോണ്‍ഗ്രസ് അയച്ചതോര്‍ക്കുക. ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യരുതെന്ന്  നാഗാലാന്‍ഡിലെ പള്ളികളില്‍ മുഴങ്ങിയ ഇടയലേഖനവും മറക്കാവതല്ല. എന്നിട്ടും അവിടെ ബിജെപി നേട്ടമുണ്ടാക്കി; അധികാരത്തിലേക്ക് കയറി.  ഇറ്റലിയുമായി, വത്തിക്കാനുമായി,   അടുപ്പമുള്ള ഒരു നേതാവിന്റെ കക്ഷിക്ക് മേഘാലയയും  നാഗാലാന്‍ഡും വോട്ട്  ചെയ്തില്ല എന്നതല്ലേ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ബോധ്യമായത്. നാഗാലാന്‍ഡില്‍ എത്രമാത്രം ദയനീയമായ  അവസ്ഥയിലാണ് കോണ്‍ഗ്രസ് എത്തിപ്പെട്ടത്.  മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും ഇത്തവണ രാഹുലിനായില്ല. അദ്ദേഹം എത്രയോ ദിവസങ്ങള്‍ അതിനായി അവിടെ ചെലവിട്ടു.   രാഹുല്‍ പങ്കെടുത്ത റാലിയില്‍ ഒഴിഞ്ഞ കസേരകള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നതും മറ്റും നാം കേട്ടതാണ്. ഒരു പാര്‍ട്ടിയെ ഒരിടത്ത്  എത്രവേഗം ഇത്രമാത്രം തകര്‍ക്കാം  എന്നതും രാഹുല്‍ ഗാന്ധി കാണിച്ചുതന്നു. 

ത്രിപുരയിലാവട്ടെ 59 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പ്രചാരണത്തിന് ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവും പോയില്ല.  പ്രചാരണം അവസാനിക്കുന്ന ദിനത്തിലെത്തിയ പാര്‍ട്ടി അധ്യക്ഷന്‍   നടത്തിയത്  ബിജെപി വിരുദ്ധ വികാരമുണ്ടാക്കാനുള്ള ശ്രമവും. ഒരര്‍ഥത്തില്‍ കോണ്‍ഗ്രസ് അവിടെ സിപിഎമ്മിന്റെ ദല്ലാള്‍ പണിയാണ് ചെയ്തത്. കോണ്‍ഗ്രസ് അവിടെ കുറെ വോട്ട് പിടിച്ചാല്‍ അത് ബിജെപിക്ക് സഹായകരമാവുമെന്ന്  സിപിഎം കരുതിയിരുന്നു. സിപിഎമ്മിന്റെ ആ ആഗ്രഹം രാഹുല്‍ ഗാന്ധി അവിടെ നടത്തിക്കൊടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ത്രിപുരയില്‍ കിട്ടിയ വോട്ടിന്റെ കണക്ക്  ഒന്ന് പരിശോധിക്കേണ്ടതാണ്. ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും  കെട്ടിവെച്ച തുക നഷ്ടപ്പെടുത്തി എന്ന് പറഞ്ഞാല്‍ എല്ലാമായല്ലോ. കോണ്‍ഗ്രസുകാര്‍ യഥാര്‍ഥത്തില്‍ അവിടെ സിപിഎമ്മിന് വോട്ട് ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് സിപിഎമ്മിന് ഇത്ര കനത്ത പരാജയമുണ്ടായപ്പോഴും ഇത്രയ്‌ക്കൊക്കെ വോട്ട് അവിടെ നേടാനായത് എന്നത് വ്യക്തമല്ലേ. 

ഇനിയിപ്പോള്‍ കോണ്‍ഗ്രസിന്റെ പക്കലുള്ള സംസ്ഥാനങ്ങള്‍ മുന്നേ മൂന്നെണ്ണമാണ്; പഞ്ചാബ്, മിസോറാം, കര്‍ണാടകം. അതില്‍ പഞ്ചാബിലേത്  അക്ഷരാര്‍ഥത്തില്‍ അവിടത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ വിജയമാണ് എന്നതാര്‍ക്കാണ് അറിയാത്തത് . കര്‍ണാടകം താമസിയാതെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും; അഴിമതി രാജ്  കൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് അവിടെ കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്.   തങ്ങള്‍ക്ക്  ഇനിയും  ജയിച്ചുവരാനാവും എന്ന് കര്‍ണാടകത്തിലെ ഏതെങ്കിലും   കോണ്‍ഗ്രസുകാരന്‍  വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.  പിന്നെയുള്ളത് മിസോറാം. ഏതാണ്ട് പന്ത്രണ്ടോ പതിമൂന്നോ ലക്ഷം ജനങ്ങളുള്ള ഒരു സംസ്ഥാനമാണ് മിസോറാം എന്നുകൂടി ഓര്‍മ്മിക്കുക.  ഇതാണ് ഇന്നിപ്പോള്‍ കോണ്‍ഗ്രസിന്റെ ബാക്കിപത്രം. ഈ ദുരന്തമൊന്നും കാണാന്‍ നില്‍ക്കാതെ രാഹുല്‍ ഗാന്ധി 'മാതൃരാജ്യ'മായ ഇറ്റലിയിലേക്ക് പോയി. അവിടെയായിരുന്നത്രെ അദ്ദേഹത്തിന് ഹോളി ആഘോഷം. എവിടേക്കാണ് ആ പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്നത്?  

അടുത്തിടെ നടന്ന ചില ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടിയ വിജയമൊക്കെ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടാവാനിരിക്കുന്ന  മുന്നേറ്റത്തിന്റെ തുടക്കമായി ചിലര്‍ ചിത്രീകരിക്കുന്നത് കാണാതെ പോവുകയല്ല. ഒരു സിനിമയുണ്ടാക്കിയ പൊല്ലാപ്പില്‍, ജാതീയത വളര്‍ത്തിയ പ്രചാരണത്തിലൂടെ,  കോണ്‍ഗ്രസിന് രാജസ്ഥാനില്‍ ചില്ലറ നേട്ടമുണ്ടാക്കാനായി. പക്ഷെ മദ്ധ്യപ്രദേശിലോ? അവിടത്തെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായ ജ്യോതിരാദിത്യ സിന്ധ്യയുടെ   ലോകസഭാ മണ്ഡലത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ്  ഉപതിരഞ്ഞെടുപ്പ് നടന്നത്.  രണ്ടും കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകള്‍. അവിടെ രണ്ടിടത്തും  കോണ്‍ഗ്രസ് കഷ്ടിച്ചു കരകയറുകയായിരുന്നു.  കണക്കുകള്‍ ഇവിടെ പ്രസക്തമാണല്ലോ. കോളാര്‍സ് മണ്ഡലത്തില്‍  കോണ്‍ഗ്രസിന് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച ഭൂരിപക്ഷത്തിന്റെ കണക്കാണിത്. 2013- 24953;  2014- 28757;  2018- 8038. മറ്റൊരു മണ്ഡലം മുന്‍ഗൗളി ആണ് ; അവിടെയും ആ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടിയ ഭൂരിപക്ഷം യഥാക്രമം ഇങ്ങനെയാണ്; 20765, 30384, 2123. കോണ്‍ഗ്രസ് അവിടെ വിജയിച്ചുകയറുകയാണോ അതോ കീഴോട്ട് പതിക്കുകയാണോ? ഇത് സംഭവിച്ചത് ജേ്യാതിരാദിത്യ സിന്ധ്യയുടെ സ്വന്തം മണ്ഡലത്തിലാണ് എന്നത് എടുത്തുപറയേണ്ടതുമുണ്ട്.   രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ് ഓരോ തിരഞ്ഞെടുപ്പിലും മൂക്കുകുത്തുന്നു എന്നതല്ലേ ഇത് കാണിച്ചുതരുന്നത്?

ഇതിനേക്കാളൊക്കെ വലിയ രാഷ്ട്രീയ  പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. പശ്ചിമ ബംഗാളില്‍ അവര്‍ പലയിടത്തും നാലാമത്തെ പാര്‍ട്ടിയായി മാറിക്കഴിഞ്ഞു; അതായത്  ബിജെപിക്കും പിന്നില്‍.  ആ ഷോക്ക്  മാറാതെ നിലനില്‍ക്കുമ്പോഴാണ്  ത്രിപുരയിലെ കനത്ത പരാജയം. അതും ബിജെപിയോട്.  സീതാറാം യെച്ചൂരിക്കാവട്ടെ വ്യക്തിപരമായി ഇത് പറഞ്ഞറിയിക്കാനാവാത്ത വിഷമമാണ്  ഉണ്ടാക്കുക എന്നതില്‍ സംശയമില്ല. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പിണ്ഡം വെയ്ക്കുമ്പോള്‍ ആ കൃത്യം സിപിഎമ്മില്‍ നിര്‍വഹിക്കുന്നത് യെച്ചൂരിയാണല്ലോ.   കാല്‍ നൂറ്റാണ്ടായി ചോദ്യം ചെയ്യപ്പെടാത്ത വിധത്തില്‍ കഴിഞ്ഞിരുന്ന ഒരു  സംസ്ഥാനത്താണ് സിപിഎമ്മിന്  ഇപ്പോള്‍ കനത്ത പരാജയം രുചിക്കേണ്ടിവന്നത്.  അവിടെ ബിജെപി മൂന്നില്‍ രണ്ട്  ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നു എന്നതാണ് അവരെ അതിലേറെ അലട്ടുന്നത്.     മമത ബാനര്‍ജിയോട്  തോറ്റാല്‍ പോലും സഖാക്കള്‍ക്ക് ഇത്രയ്ക്ക് വിഷമമുണ്ടാവുമായിരുന്നില്ല.    മറ്റൊരു പാര്‍ട്ടി കോണ്‍ഗ്രസിനൊരുങ്ങുന്ന സിപിഎമ്മില്‍ ഇത് വലിയ ചര്‍ച്ചയാകുമെന്ന് തീര്‍ച്ച. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയ്ക്കുള്ള നിലനില്‍പ്പ് തന്നെ അവര്‍ക്ക് ഭീഷണിയാവുന്നു എന്നതല്ലേ വസ്തുത? കോണ്‍ഗ്രസ് സഖ്യത്തിന്റെ പേരില്‍ ഇപ്പോള്‍ തന്നെ സിപിഎമ്മില്‍ ഉടലെടുത്തിട്ടുള്ള കടുത്ത ചേരിതിരിവ്  ത്രിപുരയിലെ പരാജയത്തോടെ കൂടുതല്‍ ശക്തമായാല്‍ അതിശയിക്കാനില്ല.   ഹൈദരാബാദ് കോണ്‍ഗ്രസില്‍ പലതും കാണേണ്ടിവരും എന്നതാണ് യാഥാര്‍ഥ്യം.  

ഇത്രയേറെ സംസ്ഥാനങ്ങള്‍ ഒരു പാര്‍ട്ടിയോ സഖ്യമോ ഭരിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമാണ് എന്നതും ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്.   ഇപ്പോള്‍ ബിജെപിയും അതിന്റെ സഖ്യകക്ഷികളും ചേര്‍ന്ന് ഭരിക്കുന്നത് 21 സംസ്ഥാനങ്ങളാണ് എന്ന് സൂചിപ്പിച്ചുവല്ലോ. 25 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് 18 സംസ്ഥാനങ്ങളില്‍ ഭരണം കയ്യാളിയിരുന്നു.  അതാണിപ്പോള്‍ നരേന്ദ്ര മോദിയും അമിത് ഷായും തിരുത്തിക്കുറിച്ചിരിക്കുന്നത്.  മറ്റൊന്ന്, അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന്റെ 'കര്‍ട്ടന്‍ റൈയ്‌സര്‍' ആണിത് എന്ന് പറയാമെന്ന് തോന്നുന്നു. ചെറിയ സംസ്ഥാനങ്ങള്‍ ആണെങ്കിലും ഈ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍  കോണ്‍ഗ്രസിന് ചെറിയ മേല്‍ക്കൈ ഉണ്ടാക്കാനായിരുന്നുവെങ്കില്‍  2019  ല്‍ മലമറിക്കും, വലിയ വിജയം കൊയ്യും  എന്നൊക്കെ വിളിച്ചുകൂവാന്‍  കോണ്‍ഗ്രസുകാര്‍ക്കും അവരുടെ   സഹയാത്രികര്‍ക്കും അവസരം നല്‍കുമായിരുന്നു. അതില്ലാതാക്കേണ്ടത് രാഷ്ട്രീയമായി ബിജെപിക്ക് ആവശ്യമായിരുന്നു. അതാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.  ഇനിയുള്ളത് കര്‍ണാടകമാണ് ; അവിടെയും കോണ്‍ഗ്രസിന്റെ പരാജയം ഉറപ്പാക്കാന്‍ ഇതിനകം ബിജെപിക്ക്  കഴിഞ്ഞിട്ടുണ്ട് എന്നതാണ്  രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലെ   പൊതുവെയുള്ള വിലയിരുത്തല്‍. അതായത് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പാവുമ്പോള്‍  പ്രതിപക്ഷ നിരയിലെ പ്രമുഖരുടെ അവസ്ഥ പരമദയനീയമാവും എന്നര്‍ത്ഥം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.