നെയ്ഫ്യൂ റിയോ മുഖ്യമന്ത്രി പദത്തിലേക്ക്

Sunday 4 March 2018 2:32 am IST
"undefined"

നാഗാലാന്റില്‍ വ്യക്തമായ ലീഡോടെ ബിജെപി- നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി സഖ്യം അധികാരത്തിലേക്ക്. ആകെയുള്ള  60 മണ്ഡലങ്ങളില്‍ 31 സീറ്റുകള്‍ നേടിയാണ് സഖ്യം അധികാരത്തിലെത്തുന്നത്. മുന്‍ മുഖ്യമന്ത്രിയും എന്‍ഡിപിപി നേതാവുമായ നെയ്ഫ്യൂ റിയോ ആയിരിക്കും പുതിയ നാഗാലാന്റ് മുഖ്യമന്ത്രിയെന്നാണ് വിവരം. റിയോയുടെ പരമ്പരാഗത മണ്ഡലമായ കൊഹിമയിലെ വടക്കന്‍ അങ്കാമിയില്‍ എതിരില്ലാതെയാണ് ഇത്തവണ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. 

ഇതാദ്യമായി പതിനഞ്ചു ശതമാനം വോട്ടും 11 സീറ്റുകളും നേടി ബിജെപി സാന്നിധ്യം ശക്തമാക്കിയപ്പോള്‍ 16 സീറ്റുകളുമായി എന്‍ഡിപിപിയും കരുത്തു തെളിയിച്ചു. മുന്‍ ലോക്‌സഭാ സ്പീക്കര്‍ സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപിക്ക് രണ്ട് എംഎല്‍എമാരും ജനതാദള്‍ യുണൈറ്റഡിന് ഒരു സീറ്റുമുണ്ട്. ഭരണകക്ഷിയായിരുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ട് 27 സീറ്റുകളുമായി കരുത്തുകാട്ടി. ഒരു സ്വതന്ത്രനും വിജയിച്ചു കയറിയിട്ടുണ്ട്. 

2003 മുതല്‍ 2014 മെയ് വരെ നാഗാപീപ്പിള്‍സ് ഫ്രണ്ടിന്റെ മുഖ്യമന്ത്രിയായിരുന്ന റിയോ നാഗാലാന്റ് ലോക്‌സഭാ സീറ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് മുഖ്യമന്ത്രിപദം റ്റി. ആര്‍ സെലിങ്ങിന് കൈമാറിയത്. എന്നാല്‍ കേന്ദ്രത്തില്‍ അധികാരത്തിന്റെ ഭാഗമാകാന്‍ സാധിക്കാതെ വന്നതോടെ തിരികെ വീണ്ടും മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചെങ്കിലും സെലിങ് തടസ്സമായി. ഇതോടെ പാര്‍ട്ടി വിട്ട് എന്‍ഡിപിപി എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച എന്‍ഡിപിപി ആകെയുള്ള 60 സീറ്റുകളില്‍ 40 ഇടത്തും ബിജെപി 20 ഇടത്തുമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. 

നാഗാ രാഷ്ട്രീയത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് 67കാരനായ നെയ്ഫ്യൂ റിയോ. മുന്‍ മുഖ്യമന്ത്രി എസ്.സി ജാമിര്‍ ഒറീസ ഗവര്‍ണ്ണറായി മാറിയതോടെ സംസ്ഥാനത്ത് ഏറ്റവുമധികം സ്വാധീനമുള്ള രാഷ്ട്രീയ നേതാവും നെയ്ഫ്യൂ റിയോ തന്നെയാണ്. എന്നാല്‍ 27 സീറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ച വെച്ച എന്‍പിഎഫിനും മുഖ്യമന്ത്രി റ്റി.ആര്‍. സെലിങ്ങിനും ബിജെപി സഖ്യത്തില്‍ മടങ്ങിയെത്താന്‍ താല്‍പ്പര്യമുണ്ട്. നാഗാപാര്‍ട്ടികളുടെ ലയനമാണ് ബിജെപിയുടെ വടക്കുകിഴക്കന്‍ നയത്തില്‍ ഏറ്റവും പ്രധാനമായ ദൗത്യം. ക്രിസ്ത്യന്‍ വോട്ടര്‍മാരെ ചര്‍ച്ചിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ച് ദേശീയ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കേണ്ടതുണ്ട്. വികസനമെത്തിനോക്കാത്ത നഗര-ഗ്രാമങ്ങളില്‍ കേന്ദ്രപദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളും എത്തിക്കുന്നതും സര്‍ക്കാരിന് വെല്ലുവിളിയാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.