അസ്‌ലന്‍ഷാ ഹോക്കി: ഇന്ത്യ അര്‍ജന്റീനയോട് പൊരുതിത്തോറ്റു

Saturday 3 March 2018 10:58 pm IST

ഇപ്പോ (മലേഷ്യ): അസ്‌ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ലോക രണ്ടാം നമ്പറായ അര്‍ജന്റീനയോട് പൊരുതിത്തോറ്റു. ഉശിരന്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്.ഗോണ്‍സാലോ പെയ്‌ലറ്റിന്റെ ഹാട്രിക്കാണ് അര്‍ജന്റീനയ്ക്ക് വിജയമൊരുക്കിയത്. അമിത് റോഹിദാസാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും സ്‌കോര്‍ ചെയ്തത്. അഞ്ചു ഗോളുകളും പെനാല്‍റ്റി കോണറില്‍ നിന്നാണ് പിറന്നത്.

അര്‍ജന്റീന ഏഴു പെനാല്‍റ്റി കോര്‍ണറുകളില്‍ മൂന്നെണ്ണം ഗോളാക്കിയപ്പോള്‍ ഇന്ത്യ നാലെണ്ണത്തില്‍ രണ്ടെണ്ണം ഗോളാക്കി. തുടക്കത്തില്‍ തന്നെ ഗോണ്‍സാലോ രണ്ട് ഗോളുകള്‍ നേടി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് മുമ്പ് അമിത് ഒരു ഗോള്‍ മടക്കി. 31-ാം മിനിറ്റില്‍ അമിത് വീണ്ടും ഗോള്‍ നേടിയതോടെ ഇന്ത്യ അര്‍ജന്റീനയ്‌ക്കൊപ്പമെത്തി. പക്ഷെ രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ഗോണ്‍സാലോ മൂന്നാം ഗോളിലൂടെ അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചു.ഇടിവെട്ടും മഴയും മൂലം കളി 45 മിനിറ്റ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.