പിഎന്‍ബി: പുതിയ വെളിപ്പെടുത്തലുമായി സിബിഐ

Sunday 4 March 2018 10:29 am IST
"undefined"

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് ഉദ്യോഗസ്ഥരെ നീരവ് മോദിക്ക് കൂടെക്കൂട്ടിയത് കൈക്കൂലി നല്‍കിയാണെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. 

ശനിയാഴ്ചയാണ് ഇക്കാര്യം സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയത്. ഇതോടെ സിബിഐ നീരവ് മോദിയെ കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. സ്വര്‍ണനാണയങ്ങളും വജ്രാഭരണങ്ങളും നല്‍കിയാണ് നീരവ് മോദി ബാങ്ക് ഉദ്യോഗസ്ഥരെ കയ്യിലെടുത്തത്. 

ബാങ്ക് ഉദ്യോഗസ്ഥനായ യശ്വന്ത് ജോഷിയെ കുറിച്ചാണ് സിബിഐ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ബ്രാഞ്ചിലെ ഫോറക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജരായ ഇയാള്‍ നീരവ് മോദിയില്‍ നിന്നും 60 ഗ്രാം വീതം തൂക്കമുള്ള രണ്ട് സ്വര്‍ണ നാണയങ്ങളും ഒരു ജോടി ഡയമണ്ട് കമ്മലുകളും  കൈപ്പറ്റിയതായി ഇയാള്‍ സിബിഐയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇവ രണ്ടും ഇയാളുടെ വീട്ടില്‍ നിന്നും സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. യശ്വന്ത് ജോഷി ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള നടപടികളാണ് സിബിഐ ഇപ്പോള്‍ ചെയ്യുന്നത്. 

രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പിഎന്‍ബി രാജ്യത്തെ വലിയ സാമ്പത്തിക തട്ടിപ്പിനാണ് ഇരയായിട്ടുള്ളത്. 

ബാങ്കിന്റെ പ്രധാന സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്താതെ ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിംഗ് ഉപയോഗിച്ച് 11,400 കോടിയുടെ വായ്പതട്ടിപ്പാണ് നടത്തിയത്. ബാങ്കിന്റെ രണ്ട് ഓഡിറ്റര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്. 

കേസില്‍ ഇതുവരെ 14 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ തട്ടിപ്പ് കേസില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സിബിഐയ്ക്ക് നേരത്തെ ഊഹമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ മാത്രമാണ് പ്രതികരിച്ചിരിക്കുന്നത്. 

നീരവ് മോദിയും അമ്മാവനും ഗീതാഞ്ജലി ജെംസ് ഉടമ മെഹുല്‍ ചോക്‌സിയും തട്ടിപ്പിനു ശേഷം വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു. 

ഇവരോട് അന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് സിബിഐ മെയില്‍ ചെയ്തിരുന്നുവെങ്കിലും ഇവരും ഇതിനോട് സഹകരിച്ചില്ല. തുടര്‍ന്ന് ഇരുവരുടെയും പാസ്‌പോര്‍ട്ട് സിബിഐ റദ്ദാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.