തട്ടകം ബിജെപിയാക്കിയ ത്രിപുര സുന്ദരി

Sunday 4 March 2018 11:56 am IST
"undefined"

കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും ചരിത്രം പഠിക്കാറില്ല. പഠിച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ക്കുവേണ്ടി അവരെഴുതിയ ചരിത്രമായിരിക്കും. കുറഞ്ഞപക്ഷം കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രമെങ്കിലും അവര്‍ പഠിക്കണം. നാഴികയ്ക്കു നാല്‍പതുവട്ടം മാര്‍ക്‌സ് എന്നു പറയുമെങ്കിലും അദ്ദേഹം ആരാണെന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ക്കുപോലും വലിയ പിടിപാടില്ല.മൂലധനത്തിനായി മാര്‍ക്‌സ് ഗവേഷണം നടത്തുമ്പോള്‍ കുടുംബം പട്ടിണിയിലും പരിവട്ടത്തിലുമായിരുന്നു. മാര്‍ക്‌സിന്റെ മകന്റെ മരണത്തിന്റെ കാരണങ്ങളിലൊന്ന് ഈ പട്ടിണികൂടിയാണ്. മകന്റെ മൃതദേഹം ഒരു രാത്രി മറ്റൊരു മുറിയില്‍വെച്ച് അടുത്തമുറിയില്‍ ജന്നിമാര്‍ക്‌സും  മറ്റും നിശബ്ദംവേദനിച്ചു കഴിയുമ്പോള്‍ മകനെ പിറ്റേന്ന് അടക്കാനുള്ള ശവപ്പെട്ടിക്കുള്ള പണത്തിനായി സുഹൃത്തുക്കളെക്കാണാന്‍ അലയുകയായിരുന്നു മാര്‍ക്‌സ്. മൂലധനത്തെക്കാള്‍ വലുതായിരുന്നു ആ അലച്ചില്‍.

ലോകത്ത് പലവിധത്തില്‍ ഭരണത്തിലേറിയ കമ്യൂണിസ്റ്റു ഭരണകൂടങ്ങള്‍ കണ്ടില്ലെന്നു നടിച്ചത് മനുഷ്യന്റെ ഇത്തരം പരശതം അലച്ചിലുകളാണ്. ദാരിദ്ര്യം,പട്ടിണി,അവകാശം,സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പൊരിച്ചിലും എരിച്ചിലും കാണാതെ മനുഷ്യനെ ഒന്നുകൂടി അത്തരം  ദുരന്തങ്ങളിലേക്കു തള്ളിവിട്ടായിരുന്നു ഇത്തരം ഭരണകൂടങ്ങള്‍ നിലനിന്നതും പിന്നീടു തകര്‍ന്നതും. ജനങ്ങളുടെ ചെലവില്‍ നേതാക്കളും അവരുടെ കുടുംബങ്ങളും ജീവിതം ആഘോഷിക്കുന്നതാണ് കമ്യൂണിസ്റ്റു ലോകങ്ങളിലെങ്ങും കണ്ടത്.

മുതലാളിമാര്‍ക്കുവേണ്ടി ഭരിക്കുകയും മുതലാളിമാരായിത്തീരുകയും ചെയ്ത നേതാക്കള്‍.കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഒന്നുമില്ലാത്ത സര്‍വസാധാരണക്കാരെ ഇല്ലായ്മയിലേക്കു തള്ളിയിട്ട് ഭരിച്ച ത്രിപുരയിലെ മാണിക് സര്‍ക്കാരിനെതിരെ ബിജെപിക്കുവേണ്ടി ജനം വിധിയെഴുതുകയായിരുന്നു. ത്രിപുരവാസികളുടെ നിശബ്ദമായ തേങ്ങളുകളാണ് വോട്ടാക്കിമാറ്റി ബിജെപിക്കു വിജയാരവം നല്‍കിയത്.

ബിജെപിയുടെ കുതിപ്പ് ഉറപ്പായും പ്രവചിക്കപ്പെട്ടിരുന്നതാണ്. സിപിഎമ്മിന് എതിരു പറഞ്ഞാല്‍ പുരോഗമനമാവില്ലെന്നു തെറ്റിദ്ധരിക്കുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും അതൊന്നും കൂട്ടാക്കാന്‍ തയ്യാറായില്ല. സിപിഎമ്മിനു ചരിത്രം നല്‍കിയ ശിക്ഷയും ബിജെപിക്കു ചരിത്രം നല്‍കിയ കാവ്യനീതിയുമാണ് ത്രിപുരയിലെ  മാറ്റം.മാറ്റത്തില്‍ പങ്കുചേരൂ എന്ന ബിജെപി മുദ്രാവാക്യം ജനം ഏറ്റെടുത്തു. 25വര്‍ഷം തുടര്‍ ഭരണത്തിലൂടെ സിപിഎം ജനത്തിനുനല്‍കിയ മുറിവിലും  വേദനയിലും ബിജെപി എന്ന ഔഷധം പുരട്ടുകയായിരുന്നു ത്രിപുരവാസികള്‍. 50ശതമാനത്തിലധികം വോട്ടാണ് ബിജെപി ഇവിടെ നേടിയത്.

മൂലധനം എഴുതിയുണ്ടാക്കിയ കാറല്‍ മാര്‍ക്‌സിന് സ്വന്തം ഭാര്യയുടേയും മക്കളുടേയും പട്ടിണി മാറ്റാനുള്ള മൂലധനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ത്രിപുരയിലെ സാധാരണക്കാരന്റെ മൂലധനവും ദാരിദ്ര്യമായിരുന്നു.ജീവിക്കാനുള്ള മൂലധനത്തെക്കുറിച്ചു പറയുന്നവരോടെല്ലാം കാറല്‍ മാര്‍ക്‌സിന്റെ മൂലധനം വായിക്കാനാണ് കമ്യൂണിസ്റ്റു പ്രാകൃതര്‍ എക്കാലവും പറഞ്ഞിരുന്നത്. പാവപ്പെട്ടവന്റേയും വിപ്‌ളവത്തിന്റേയും പേരുപറഞ്ഞ് ഏകാധിപത്യവും അക്രമവും അഴിമതിയും ബ്രാന്റാക്കിയ കമ്യൂണിസം ലോകത്തുതന്നെ ഇല്ലാതാകുമ്പോള്‍ അതിന്റെ ബാക്കിപത്രമായി പ്രേതംകണക്കെ ഇന്ത്യയില്‍ അവശേഷിച്ചത് ബംഗാളിലും ത്രിപുരയിലും കേരളത്തിലും മാത്രമായി. ബംഗാളിലത് പണ്ടേ ഇല്ലാതായി.

ഇപ്പോള്‍ ത്രിപുരയിലും. ഇനി കേരളത്തിലും ഉണ്ടാകാന്‍ പോകുന്നത് ഈ തകര്‍ച്ചയുടെ തുടര്‍ച്ചയാണ്.പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ അതിനുവേഗം കൂടിക്കൊണ്ടിരിക്കും. ചുവപ്പുകൊടി ഇനി റെയില്‍വേ സ്റ്റേഷനുകളില്‍മാത്രം കാണാന്‍കിട്ടുന്നകാലം അതിവിദൂരമല്ലെന്ന് ത്രിപുരയിലെ ബിജെപി വിജയം ഓര്‍മിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.