ദാരിദ്ര്യവും മാറാവ്യാധികളുമായി പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ സാന്ത്വനപ്പെട്ടിയുമായി വെളിച്ചം

Sunday 4 March 2018 5:28 pm IST

 

തലശ്ശേരി: ദാരിദ്ര്യവും മാറാരോഗങ്ങളും കാരണം പ്രയാസപ്പെടുന്നവരുടെ സഹായ അഭ്യര്‍ത്ഥനകള്‍ ഏറ്റുവാങ്ങാന്‍ ധര്‍മ്മടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെളിച്ചം എന്ന പേരില്‍ ഒരു സാമൂഹ്യക്ഷേമ ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങി. 

ക്ലബ്ബിന്റെ ആദ്യ സംരംഭമെന്ന നിലയില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും സാന്ത്വന പെട്ടികള്‍ സ്ഥാപിക്കും. പെട്ടികളുടെ പ്രകാശന കര്‍മ്മം ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കന്ററിയില്‍ തലശ്ശേരി സബ്ബ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ നിര്‍വ്വഹിച്ചു. ക്ലബ്ബിന്റെ ആദ്യസഹായ ദാനവും സബ്ബ് കലക്ടര്‍ നിര്‍വ്വഹിച്ചു.ശാരീരിക അവശത നേരിടുന്ന അണ്ടലൂര്‍ മോസ്‌കോ നഗറിലെ പതിനൊന്നുകാരനായ ആദിദേവിന് വേണ്ടി അമ്മ ബിന്ദു സബ്ബ് കലക്ടറില്‍ നിന്ന് സഹായം ഏറ്റുവാങ്ങി. ചടങ്ങില്‍ വെളിച്ചം പ്രസിഡണ്ട് എന്‍.കെ.പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ശശിധരന്‍ കുനിയില്‍ ആശംസ അര്‍പ്പിച്ചു.വെളിച്ചം വൈസ് പ്രസിഡണ്ട് ടി.സുജേഷ് സ്വാഗതവും സെക്രട്ടറി എസ്.നിധിന്‍ നന്ദിയും പറഞ്ഞു. ധര്‍മ്മടം വെള്ളൊഴുക്കിലാണ് താല്‍ക്കാലികമായി വെളിച്ചം ക്ലബ്ബ് പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്. 25 ഓളം സഹായ അഭ്യര്‍ത്ഥന പെട്ടികള്‍ ഉടനെ വിവിധ പഞ്ചായത്തുകളില്‍ സ്ഥാപിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മത-വര്‍ഗ്ഗ-രാഷ്ട്രീയത്തിനതീതമായി സമൂഹത്തിലെ അവശരായവര്‍ക്ക് സഹായമെത്തിക്കുകയാണ് ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.