നഗരമധ്യത്തിലെ കവര്‍ച്ചക്കേസിനും തുമ്പ് കണ്ടെത്താനാവാതെതലശ്ശേരി പോലീസ്

Sunday 4 March 2018 5:29 pm IST

 

തലശ്ശേരി: നഗരമധ്യത്തില്‍ സ്വര്‍ണവ്യാപാരി കൊള്ളയടിക്കപ്പെട്ടിട്ട് ഒരു മാസം തികഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാവാതെ അന്വേഷണ സംഘം ഇരുട്ടില്‍ത്തപ്പുന്നു. 

കഴിഞ്ഞ ഫെബ്രുവരി 2 ന് രാത്രി 8.30 ഓടെയാണ് പളളൂര്‍ സ്റ്റാര്‍ ജ്വല്ലറി ഉടമ സൈദാര്‍ പള്ളി ഉഷസില്‍ പ്രദീപന്‍ കവര്‍ച്ചക്കിരയായത്. തലശ്ശേരി മെയിന്‍ റോഡില്‍ വച്ച് കാറില്‍ കയറുന്നതിനിടെ 2 ബൈക്കുകളിലായി എത്തിയ നാലംഗ സംഘം പ്രദീപനെ തള്ളി വീഴ്ത്തി മുഖത്ത് മുളക്‌പൊടി വിതറിയ ശേഷം കൈയ്യിലുണ്ടായിരുന്ന 48 പവന്‍ സ്വര്‍ണാഭരണം അടങ്ങിയ ബേഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. മെയിന്‍ റോഡിലെ ചില സിസിടിവികള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അക്രമികള്‍ ബൈക്കുകളിലാണ് രക്ഷപ്പെട്ടതെന്ന് മനസിലായത്. എന്നാല്‍ ബൈക്കുകളുടെ നമ്പര്‍ തിരിച്ചറിയാന്‍ സാധിക്കാത്തതില്‍ ഉടമകളെ കണ്ടെത്താനായില്ല.

തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. നേരത്തെ സമാനമായ രീതിയില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സംഭവം നടന്ന് ഒരു മാസമായിട്ടും പ്രതികളിലേക്കെത്താനാവശ്യമായ തെളിവുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതും പരോള്‍ ലഭിച്ചതുമായ മോഷ്ടാക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്‌തെങ്കിലും കേസന്വേഷണത്തില്‍ പുരോഗതി ഉണ്ടാക്കാന്‍ സാധിച്ചില്ല.

അതേ സമയം കവര്‍ച്ചക്കിരയായ പ്രദീപനില്‍ നിന്ന് അന്വേഷണത്തിന് സഹായകമാവുന്ന മൊഴികളൊന്നും തന്നെ പോലീസിന് ലഭിച്ചിട്ടില്ല. ഇതും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെയിന്‍ റോഡിലെ സവിത ജ്വല്ലറിക്കകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പി.കെ.ദിനേശന്റെ അടുത്ത ബന്ധു കൂടിയാണ് കവര്‍ച്ചക്കിരയായ പ്രദീപന്‍. ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്ന ദിനേശന്‍ വധക്കേസിലും പ്രതികളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.