ആരോഗ്യം: മുഖ്യമന്ത്രിയുടെ പ്രസ്‌താവന വിവാദമാകുന്നു; `ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നവരു'ണ്ടെന്ന്‌!!

Sunday 4 March 2018 7:51 pm IST
എത്രയാളുകള്‍ വാഹനമിടിച്ച്‌ മരിക്കുന്നുണ്ട്‌. ഇവന്‍ മരിക്കുന്നില്ല, എന്ന്‌ എന്നെക്കുറിച്ച്‌ പറയുന്നവര്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കിടിലുണ്ട്‌. അവര്‍ ചമച്ച വാര്‍ത്തയാണിത്‌. ഒരിക്കല്‍ എകെജി സെന്ററിലേക്ക്‌ പോകുമ്പോള്‍ ഒരാള്‍ അവിടെ ഇരിപ്പുണ്ട്‌. അയാള്‍ അടുത്ത സുഹൃത്തിനോട്‌ പറയുകയാണ്‌, ഇയാള്‍ വാഹനിടിച്ച്‌ മരിക്കുന്നില്ലല്ലോ എന്ന്‌.
"undefined"


കൊച്ചി: ആരോഗ്യ പരിശോധനയ്‌ക്ക്‌ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പോയി മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന വിവാദമാകുന്നു. മുഖ്യമന്ത്രി മരിച്ചുകാണാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടെന്നും അവരാണ്‌ ആശുപത്രി സന്ദര്‍ശനവാര്‍ത്ത കെട്ടിച്ചമച്ച്‌ വിവാദമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.
``ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്‌. ചെന്നൈയിലേത്‌ പതിവ്‌ പരിശോധന മാത്രമാണ്‌. 15 വര്‍ഷമായി പരിശോധന നടത്തുന്നു. മറ്റു യാതൊരു പ്രശ്‌നവും എന്റെ ആരോഗ്യത്തിനില്ല. എത്രയാളുകള്‍ വാഹനമിടിച്ച്‌ മരിക്കുന്നുണ്ട്‌. ഇവന്‍ മരിക്കുന്നില്ല, എന്ന്‌ എന്നെക്കുറിച്ച്‌ പറയുന്നവര്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കിടിലുണ്ട്‌. അവര്‍ ചമച്ച വാര്‍ത്തയാണിത്‌. ഒരിക്കല്‍ എകെജി സെന്ററിലേക്ക്‌ പോകുമ്പോള്‍ ഒരാള്‍ അവിടെ ഇരിപ്പുണ്ട്‌. അയാള്‍ അടുത്ത സുഹൃത്തിനോട്‌ പറയുകയാണ്‌, ഇയാള്‍ വാഹനിടിച്ച്‌ മരിക്കുന്നില്ലല്ലോ എന്ന്‌. അങ്ങനെയുള്ള ആളുകളുടെ ആഗ്രഹങ്ങളാണ്‌ പ്ലേറ്റ്‌ലറ്റ്‌ കൗണ്ട്‌ കുറഞ്ഞെന്ന തരത്തില്‍ വാര്‍ത്തയായി പ്രചരിച്ചത്‌'' മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഈ പ്രതികരണം കൂടുതല്‍ വിവാദങ്ങള്‍ക്ക്‌ വഴി തുറന്നിരിക്കുകയാണ്‌. 
മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരേയാണ്‌ നേരിട്ടുള്ള വിമര്‍ശനം. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ സംസ്ഥാനത്തെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ സിണ്ടിക്കേറ്റുണ്ടെന്നും തന്നെ തകര്‍ക്കാന്‍ വാര്‍ത്ത കെട്ടിച്ചമയ്‌ക്കലാണ്‌ അവരുടെ ജോലിയെന്നും പിണറായി ആരോപിച്ചിരുന്നു. ഇപ്പോള്‍ മാദ്ധ്യമ സിണ്ടിക്കേറ്റില്ലെന്ന്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറയുകയും ചെയ്‌തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മരിച്ചുകാണണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടെന്ന ആരോപണം ഗൗരവമുള്ള വിഷയമാണ്‌. ഭാവിയില്‍ മുഖ്യമന്ത്രിയുടെ പരിപാടികള്‍ക്ക്‌ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വിലക്കു പോലും വന്നേക്കാമെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്‌.
പതിനഞ്ചു വര്‍ഷമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിരന്തര പരിശോധന നടത്തുന്നതു സംബന്ധിച്ച സംശയങ്ങളും പലരും സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും പങ്കുവെക്കുന്നു. 15 വര്‍ഷം കൃത്യ ഇടവേളകളില്‍ പരിശോധന നടത്താന്‍ എന്താണ്‌ കാരണം. കേരളത്തിലെ മെഡിക്കല്‍ കോളെജ്‌ ആശുപത്രികളില്‍ ഇല്ലാത്ത എന്ത്‌ പരിശോധനാ സൗകര്യങ്ങളാണ്‌ അപ്പോളോയില്‍? ആ സംവിധാനങ്ങള്‍ ഇവിടത്തെ സാധാരണക്കാര്‍ക്ക്‌ ലഭ്യമാക്കാന്‍ 15 വര്‍ഷമായിട്ടും പിണറായി വിജയന്‍ ശ്രമിക്കാത്തതെന്താണ്‌ തുടങ്ങിയ ചോദ്യങ്ങള്‍ സാധാരണക്കാര്‍ ചോദിക്കുന്നു. 
മുഖ്യമന്ത്രിയുടെ ഏറ്റവും ഗുരുതരമായ വെളിപ്പെടുത്തല്‍ എകെജി സെന്ററില്‍ ഇരുന്ന്‌ കൂട്ടുകാരനോട്‌, ``മുഖ്യമന്ത്രി പിണറായി വണ്ടിയിടിച്ച്‌ ചാകാത്തതില്‍ ഉത്‌കണ്‌ഠപ്പെട്ടത്‌ ആരാണ്‌'' എന്നതാണെന്നതാണ്‌. ആ പറച്ചില്‍ കേട്ടിട്ടും അയാള്‍ക്ക്‌ എകെജി സെന്ററില്‍ ഇരിക്കാന്‍ അനുമതിയോ സൗകര്യമോ കിട്ടണമെങ്കില്‍ അത്ര പിടിപാടുള്ള ഉന്നതന്‍ ആരായിരുന്നുവെന്നും സംശയം ഉയരുന്നു. 25 വര്‍ഷമായി പിണറായി പാര്‍ട്ടിയിലെ പ്രമുഖനാണ്‌. മന്ത്രി, പാര്‍ട്ടി സെക്രടറി, മുഖ്യമന്ത്രി എന്നീ നിലകളിലായിരുന്നു ഇക്കാലമെല്ലാം. അങ്ങനെ ഉന്നതനായ പിണറായിയെ അദ്ദേഹം കേള്‍ക്കാന്‍ പാകത്തില്‍ ``ചാകാത്തതെന്തെന്ന്‌'' പറയാന്‍ ധൈര്യം കാണിച്ചതാരെന്ന്‌ ആശങ്കയും സംശയവും പാര്‍ട്ടിയിലെ മറ്റ്‌ ഉന്നതരെയും സംശയത്തിലാക്കിയിരിക്കുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.