മേഘാലയയിലും കോണ്‍ഗ്രസ്സിന് നാണക്കേട്

Sunday 4 March 2018 7:25 pm IST
"undefined"

ന്യൂദല്‍ഹി: ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുക, സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ കാഴ്ചക്കാരാവുക. ഗോവക്കും മണിപ്പൂരിനും പിന്നാലെ മേഘാലയയിലും നാണക്കേട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. 

ദേശീയതലത്തില്‍ എന്‍ഡിഎയുടെ ഭാഗമായ എന്‍പിപി (19)യുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കും. ബിജെപി (2), എച്ച്എസ്പിഡിപി (2), പിഡിഎഫ് (4), യുഡിപി (6), സ്വതന്ത്രര്‍ എന്നിവരടക്കം 34 എംഎല്‍എമാരുടെ പിന്തുണയാണ് വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യത്തി (എന്‍ഇഡിഎം)നുള്ളത്. കോണ്‍ഗ്രസ്സിന് 21 സീറ്റ് ലഭിച്ചിരുന്നു. കോണ്‍ഗ്രസ് ഭരണത്തിനെതിരെ ജനരോഷമുയര്‍ന്ന സാഹചര്യത്തില്‍ കൂട്ടുകൂടുന്നത് തിരിച്ചടിയാകുമെന്നാണ് പ്രാദേശിക പാര്‍ട്ടികളുടെ വിലയിരുത്തല്‍.

കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, കിരണ്‍ റിജ്ജു എന്നിവര്‍ക്കൊപ്പം എംഎല്‍എമാര്‍ ഗവര്‍ണര്‍ ഗംഗാപ്രസാദിനെ കണ്ട് അവകാശവാദം ഉന്നയിച്ചു. മുന്‍ കേന്ദ്രമന്ത്രി പി.എ. സാംഗ്മയുടെ മകനും എന്‍പിപി നേതാവുമായ കൊണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയാകും. നിലവില്‍ തുറ ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് സാംഗ്മ. 

 കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് അവകാശവാദം ഉന്നയിച്ചെങ്കിലും ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കാനായില്ല. 21 സീറ്റാണ് കോണ്‍ഗ്രസ്സിനുള്ളത്. 

കഴിഞ്ഞ വര്‍ഷം മണിപ്പൂരില്‍ 28 സീറ്റ് കോണ്‍ഗ്രസ്സിന് ലഭിച്ചിരുന്നു. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ 21 സീറ്റുള്ള ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. 

ഗോവയിലും ഇതേ സാഹചര്യമുണ്ടായി. അവസരം ലഭിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പരാജയപ്പെട്ടത് പാര്‍ട്ടിയില്‍ വലിയ വിവാദമായി. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഫലം വന്നയുടന്‍ മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലിനെയും കമല്‍നാഥിനെയും പാര്‍ട്ടി സംസ്ഥാനത്തേക്കയച്ചത്. 

എന്നാല്‍ ഇവരുടെ മടക്കം വെറും കയ്യോടെയായി. സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് കൊണ്‍റാഡ് സാംഗ്മ പറഞ്ഞു. 

ഉപമുഖ്യമന്ത്രിയുണ്ടാവില്ലെന്ന് എന്‍ഇഡിഎ കണ്‍വീനര്‍ ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.