ബ്രഹ്മത്തെ ഉപാസിക്കാന്‍

Monday 5 March 2018 3:54 am IST

തൈത്തീരിയോപനിഷത്ത്-8

ആറാം അനുവാകം

ബ്രഹ്മത്തെ അറിയാനും ഉപാസിക്കാനുമുള്ള സ്ഥാനത്തേയും മാര്‍ഗ്ഗത്തേയും പറ്റി പറയുന്നു-

സ യ ഏഷോളന്തര്‍ ഹൃദയ ആകാശഃ തസ്മിന്നയം പുരുഷോ മനോമയഃ അമൃതോ ഹിരണ്‍ മയഃ

ഹൃദയത്തിന്റെ ഉള്ളിലുള്ള ആകാശത്തില്‍ മനോമയനും അമൃതസ്വരൂപനും ഹിരണ്‍മയനുമായ ഈ പുരുഷന്‍ കുടികൊള്ളുന്നു.

അന്തരേണ താലുകേ യ ഏഷ സ്തന ഇവാവലംബതേ സേന്ദ്രയോനിഃ

അണ്ണാക്കുകളുടെ ഇടയില്‍ സ്തനംപോലെ തൂങ്ങിക്കിടക്കുന്ന ഇത് ഇന്ദ്രയോനിയാകുന്നു (ബ്രഹ്മമാര്‍ഗ്ഗമാണ്)

യത്രാസൗ കേശാന്തോ വിവര്‍ത്തതേ വ്യാപോഹ്യശീര്‍ഷകപാലേ

എവിടെ കേശങ്ങളുടെ അറ്റം രണ്ടായി പിരിയുന്നുവോ അവിടെ തലയോട്ടിയില്‍ (നെറുകയില്‍) പിളര്‍പ്പുണ്ടാക്കി അത് വെളിയില്‍ വരുന്നു. ഇതാണ് ബ്രഹ്മത്തിന്റെ മാര്‍ഗ്ഗമായ സുഷുമ്‌നാനാഡി. 

ഭൂരിത്യഗ്നൗ പ്രതിതിഷ്ഠതി ഭുവ ഇതി വായൗ സുഖമിത്യാദിത്യേ 

അഗ്നിയില്‍ പ്രതിഷ്ഠിതമാകുന്നു. അല്ലെങ്കില്‍ ഭുവഃ എന്ന രണ്ടാം വ്യാഹൃതിസ്വരൂപമായ വായുവില്‍ പ്രതിഷ്ഠിതനാകുന്നു. അതുമല്ലെങ്കില്‍ സൂവഃ എന്ന മൂന്നാം വ്യാഹൃതിസ്വരൂപമായ ആദിത്യനില്‍ ചേരുന്നു. അതല്ലെങ്കില്‍ മഹഃ എന്ന നാലാം വ്യാഹൃതിസ്വരൂപമായ ബ്രഹ്മത്തില്‍ പ്രതിഷ്ഠിതനാകും.

ആപ്‌നോതി സ്വാരാജ്യം ആപ്‌നോതി 

മനസസ്വതിം വാക് പതി

ശുക്ഷുഷ്പതി ശ്രോതപതിര്‍വിജ്ഞാനപതിഃ

താന്‍ തന്നെ രാജാവ് എന്ന അവസ്ഥയെ പ്രാപിക്കും. മനസ്സുകളുടെ പതിയായ ബ്രഹ്മത്തെ പ്രാപിക്കും. വാക്കുകളുടെ പതിയായും കണ്ണുകളുടെയും കാതുകളുടെയും വിജ്ഞാനകളുടെയും പതിയായിത്തീരും.

ഏതത്തതോ ഭവതി ആകാശ ശരീരം ബ്രഹ്മ സത്യാത്മ പ്രാണാരാമം മന ആനന്ദം 

ശാന്തി സമൃദ്ധമമൃതാ ഇതി 

പ്രാചീന യോഗ്യോപാസ്വ

പിന്നീട് ആകാശമാകുന്ന ശരീരത്തോടു കൂടിയതായും പ്രാണങ്ങളില്‍ രമിക്കുന്നതായും ആനന്ദമയമായ മനസ്സോടുകൂടിയതായും ശാന്തിയായും സമൃദ്ധമായും ഉള്ള ബ്രഹ്മമായിത്തീരുന്നു.

ഹൃദയാന്തര്‍ഭാഗത്തെ ആകാശത്തിലാണ് വിജ്ഞാനസ്വരൂപനും അമൃതസ്വരൂപനും ജ്യോതിസ്വരൂപനുമായ പൂര്‍ണനായ പുരുഷന്‍ കുടികൊള്ളുന്നത്. ഹൃദയത്തില്‍നിന്ന് പുറപ്പെടുന്ന സുഷുമ്‌നാനാഡിയാണ് ബ്രഹ്മസ്വരൂപം അറിയാനുള്ള മാര്‍ഗ്ഗം. അത് അണ്ണാക്കുകളുടെ മധ്യത്തില്‍ സ്തനംപോലെ തൂങ്ങിക്കിടക്കുന്നതിനെ അതിക്രമിച്ച് തലമുടിയുടെ അറ്റം രണ്ടായി പിരിയുന്ന മൂര്‍ദ്ധാവിലെത്തി തലയോട്ടിയെ പിളര്‍ന്ന് പുറത്തുപോകും. മരണസമയത്ത് സുഷുമ്‌ന നാഡിയിലൂടെയാണ് പ്രാണന്‍ പുറത്തെത്തുന്നത്. ഉപാസനാ ഭേദമനുസരിച്ച് ഭൂഃവ്യാഹൃതി സ്വരൂപമായ അഗ്നിയിലോ ഭുവഃ വ്യാഹൃതി സ്വരൂപമായ വായുവിലോ സുവഃ വ്യാഹൃതി സ്വരൂപമായ ആദിത്യനിലോ   മഹഃവ്യാഹൃതിസ്വരൂപമായ ബ്രഹ്മത്തിലോ ചെന്ന് ചേരും. വിരാട് സ്വരൂപിയായ ബ്രഹ്മവുമായി ഒന്നാകുമ്പോള്‍ എല്ലാറ്റിന്റെയും അധിപതിയാകും. വാക്കിന്റെയും കണ്ണിന്റെയും ചെവിയുടെയും വിജ്ഞാനത്തിന്റെയുമൊക്കെ പതിയായിത്തീരും. ആകാശമാത്ര അശരീരത്തോടുകൂടിയതോ ആകാശംപോലെ സൂക്ഷ്മമായ ശരീരത്തോടുകൂടിയതോ പ്രാണങ്ങളില്‍ രമിക്കുന്നതും ആനന്ദഭൂതമായ മനസ്സോടുകൂടിയതും ശാന്തവും സമൃദ്ധവുമായ ബ്രഹ്മമായിത്തീരും. ഇവിടെ അധികമായി പറഞ്ഞ വിശേഷണങ്ങള്‍ നേരത്തെ പറഞ്ഞ മനോമയത്വം മുതലായവയോട് ചേര്‍ന്ന് മനസ്സിലാക്കണം. ഇപ്രകാരമുള്ള ബ്രഹ്മത്തെ പ്രാചീനയോഗ്യനായ ആള്‍ ഉപാസിക്കണം. അവസാനത്തെ വാക്യമായ ആചാര്യവചനം പറഞ്ഞത് ആദരത്തെ കാണിക്കുന്നതിനു വേണ്ടിയാണ്.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെ

ആചാര്യനാണ് ലേഖകന്‍ 

 9495746977)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.